
ന്യൂഡല്‍ഹി: സഹകരണബാങ്കുകളിലെ പണമിടപാടുകള്‍ നിയന്ത്രിച്ച സര്‍ക്കാര്‍ നടപടി 57 ലക്ഷം നിക്ഷേപകര്‍ക്ക് ദ്രോഹകരമെന്ന് ബാങ്കുകള്‍. ഇക്കാര്യത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ബാങ്കുകള്‍ സുപ്രീംകോടതിയെ സമീപിച്ചു. ഈ വിഷയത്തില്‍ കേന്ദ്രം ഇപ്പോള്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തെറ്റും സത്യ വിരുദ്ധവുമാണെന്നും ഇത് തള്ളിക്കളയണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ജില്ലാ ബാങ്കുകള്‍ക്ക് കള്ളനോട്ടുകള്‍ പരിശോധിക്കാനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഇല്ലെന്നും നോ യുവര്‍ കസ്റ്റമര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും തുടങ്ങിയ ആരോപണങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇതെല്ലാം കള്ളമാണെന്നും ഇത്തരം സൗകര്യങ്ങള്‍ സഹകരണ ബാങ്കുകളില്‍ ഉണ്ടെന്നും ജസ്റ്റീസ് ടി എസ് ഠാക്കൂറിന്റെ ബഞ്ചില്‍ നല്കിയ എതിര് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. നബാഡിന്റെ റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.
കള്ളനോട്ട് കണ്ടെത്താനുള്ള സൗകര്യങ്ങള്‍ക്ക് പുറമേ ഇത് കണ്ടുപിടിക്കാന്‍ വിദഗ്ദ്ധരായ ജീവനക്കാരും പരിശീലനം നേടിയവരും ബാങ്കുകളിലുണ്ട്. അതിനൊപ്പം എടിഎം കോര്‍ ബാങ്കിംഗ് അടക്കം മറ്റ് പൊതുമേഖലാ ബാങ്കുകള്‍ നല്കുന്ന എല്ലാ സൗകര്യങ്ങളും സഹകരണ ബാങ്കുകളും നല്‍കുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. അതിനൊപ്പം ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് ആര്‍ബിഐ യുടെ നിയന്ത്രണത്തിലല്ല എന്ന ആരോപണവും സഹകരണ ബാങ്കുകള്‍ തള്ളി.






