തിരുവനന്തപുരം: ടൂറിസ്റ്റു ബസുകള്‍ക്ക് കളര്‍ കോഡ് അടക്കമുള്ള നിബന്ധനകളില്‍ വിട്ടുവീഴ്ചയില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ലൈറ്റുകളും ശബ്ദ നിയന്ത്രണവും അടക്കമുള്ള കാര്യങ്ങളില്‍ നിബന്ധനകള്‍ ഇന്നു മുതല്‍ ബാധകമാണെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ തലത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മന്ത്രിയുടെ പ്രസ്താവന.
മന്ത്രിയുമായുള്ള ചര്‍ച്ച നിരാശജനകമെന്ന് ബസുടമകള്‍ പറഞ്ഞു. അടുത്ത ഫിറ്റ്നസ് വരെ സാവകാശം നല്‍കണം. കളര്‍ കോഡിലേക്ക് ഉടന്‍ മാറണമെന്ന് പറയുന്നത് പ്രയോഗിമല്ല. വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും ബസുടമകള്‍ ചൂണ്ടിക്കാട്ടി.
നിയമലംഘനം നടത്തുന്ന ബസ്സുകളുടെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് സസ്പെന്‍ഡ് ചെയ്യണമെന്ന് ഹൈക്കോടതി ഇന്നലെ നിർദേശിച്ചിരുന്നു. അത്തരം ബസുകൾ ഇന്ന് മുതൽ നിരത്തിൽ ഉണ്ടാകരുതെന്നും കോടതി ഉത്തരവിട്ടിരുന്നു. നിയമ ലംഘകരായ ഡ്രൈവർമാരുടെ ലൈസൻസും ഉടനടി സസ്പെൻഡ് ചെയ്യാൻ ഇടക്കാല ഉത്തരവിൽ കോടതി മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകി. നിയമവിരുദ്ധ ശബ്ദസംവിധാനങ്ങളുള്ള വാഹനങ്ങളിൽ വിനോദയാത്ര നടത്തിയാൽ വിദ്യാഭ്യാസ സ്ഥാപന മേലധികാരിക്കെതിരെയും നടപടി വരും. നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങൾ, ലൈറ്റുകൾ ,ഗ്രാഫിക്സ് ,സുരക്ഷാ മാനദണ്ഡം ലംഘിച്ചുള്ള കൂട്ടിച്ചേർക്കലുകൾ എന്നിവ നടത്തിയ വാഹനങ്ങൾ പിടിച്ചെടുക്കാൻ ഇന്ന് മുതൽ പരിശോധന കർശനമായിരിക്കും






