
തിരുവല്ല: നരബലിക്കായി സ്ത്രീകളെ വശീകരിച്ച് തിരുവല്ലയില്‍ എത്തിച്ചത് പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് ഷിഹാബ് എന്ന മുഹമ്മദ് ഷാഫി. കൊച്ചി എസ്.ആര്.എം റോഡില്‍ താമസിക്കുന്ന ഷാഫി ലോട്ടറി വില്‍ക്കുന്ന സ്ത്രീകളുമായി പരിചയത്തിലായിരുന്നു. നീലച്ചിത്രത്തില്‍ അഭിനയിച്ചാല്‍ 10 ലക്ഷം രൂപ പ്രതിഫലം നല്‍കാമെന്ന് പറഞ്ഞ് അവരെ പ്രലോഭിപ്പിച്ചാണ് നരബലിക്കെത്തിച്ചത്.
നരബലി ആസൂത്രണം ചെയ്തതും ഷാഫിയാണെന്നാണ് വിവരം. ഐശ്വര്യത്തിനും സമ്പദ്സമൃദ്ധിക്കും പൂജകള്‍ക്ക് സമീപിക്കുക എന്ന ഷാഫിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടാണ് ഭഗവല്‍ സിംഗും ഭാര്യ ലൈലും ഷാഫിയെ ബന്ധപ്പെട്ടത്. ഷാഫി തന്നെയായിരുന്നു മന്ത്രവാദിയും.
സാമ്പത്തിക പ്രതിസന്ധി വൈദ്യര്‍ക്ക് ഉണ്ടായിരുന്നു. ആദ്യഭാര്യയുമായി 15 വര്‍ഷം മുന്‍പ് വിവാഹ ബന്ധം വേര്‍പെടുത്തി. ഈ ബന്ധത്തില്‍ രണ്ട് മക്കളുമുണ്ട്. ഇവര്‍ വിദേശത്താണ്. പിന്നീട് ഇലന്തൂരില്‍ തന്നെയുള്ള ലൈലയെ വിവാഹം ചെയ്തു. ഇടയ്ക്ക് വിദേശത്തേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നടന്നില്ലെന്ന് പറയുന്നു.
ഈ സമയത്താണ് ഷാഫിയുമായി പരിചയപ്പെടുന്നത്. നരബലിക്കായി ആദ്യം റോസിലിലെ ആണ് ഇലന്തൂരില്‍ വൈദ്യരുടെ വീട്ടിലെത്തിച്ചത്. നീലച്ചിത്രം എടുക്കാനെന്ന് പറഞ്ഞ് ഇരകളെ കട്ടിലില്‍ കിടത്തി. കൈകാലുകള്‍ ബന്ധിച്ചു. ഈ സമയം വൈദ്യര് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു.
അര്‍ധ ബോധാവസ്ഥയിലേക്ക് മാറ്റി. പിന്നീട് കട്ടിലില്‍ വെച്ച് തന്നെ കഴുത്തറുത്താണ് ഇരുവരെയും കൊലപ്പെടുത്തിയത്. ആദ്യം കഴുത്തറത്തത് ഭഗവല്‍ സിംഗിന്റെ ഭാര്യ ലൈലയാണെന്നാണ് വിവരം. സിദ്ധനായി കൊലപാതകം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നത് ഷാഫി എന്ന റഷീദായിരുന്നു. ഒരു രാത്രി മുഴുവന്‍ ഇരകളുടെ ശരീരത്തിലും രഹസ്യ ഭാഗത്തും മുറിവേല്‍പ്പിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത ശേഷമാണ് മൃതദേഹം കഷണങ്ങളാക്കി കുഴിച്ചുമൂടിയത്.
നരബലി നടത്തിയ ശേഷം പൂജ വിജയിച്ചില്ലെന്ന് പറഞ്ഞ് ഭഗവല്‍സിംഗിനെയും ലൈലയെയും വിശ്വസിപ്പിച്ചു. ശാപം കാരണമാണ് പൂജ ഫലിക്കാതിരുന്നതെന്ന് പറഞ്ഞ ഷാഫി ഒരിക്കല്‍ കൂടി നരബലി നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇയാള്‍ തന്നെയാണ് പിന്നീട് കൊച്ചിയില്‍ നിന്ന് പത്മയെ കൂട്ടിക്കൊണ്ടുവന്നത്. പത്മയുടെ ഭര്‍ത്താവും മക്കളും തമിഴ്നാട്ടിലാണ്. നാട്ടില്‍ പോയി തിരിച്ചുവന്ന് വൈകാതെയാണ് പത്മയെ കാണാതായത്.
റോസിലിയാകട്ടെ കുടുംബത്തെ വിട്ട് സജിഷ് എന്നയാളുമായി ആറു വര്‍ഷമായി ലിവിംഗ് ടുഗദറിലാണ്.
പാരമ്പര്യ വൈദ്യരാണ് ഭഗവല്‍ സിംഗ്. ആഞ്ഞിലിമുട്ടില്‍ വൈദ്യര് എന്നറിയപ്പെടുന്ന കൈപ്പുണ്യമുള്ള തിരുമ്മല്‍ വിദഗ്ധര്‍. പരമ്പരാഗത തിരുമ്മല്‍ വൈദ്യന് വാസു വൈദ്യന്റെ മകനാണ് ഭഗവല്‍ സിംഗ്. ചെറിയ അസുഖങ്ങള്‍ക്കെല്ലാം നാട്ടുകാര്‍ സമീപിക്കുന്നത് വൈദ്യരെയായിരുന്നു. നാടുമായി നല്ല ബന്ധം പുലര്‍ത്തുന്ന വൈദ്യര് സിപിഎം ഇലന്തൂര്‍ ബ്രാഞ്ചിലെ സജീവ പ്രവര്‍ത്തകനും സാംസ്കാരിക പ്രവര്‍ത്തകനുമാണ്.
വായനശാല കേന്ദ്രീകരിച്ചും മറ്റ് സാംസ്കാരിക കൂട്ടായ്മകളിലുമെല്ലാം സജീവമായി പങ്കെടുക്കുന്ന ഭഗവല്‍ സിംഗ് പ്രദേശത്തെ സജീവ സിപിഎം പ്രവര്‍ത്തകനാണ്. ഹൈക്കു കവിതകളെഴുതുന്ന ഇയാള്‍ ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ്. കവിതാ ശില്പശാല ഒക്കെ നടത്താറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ ചികിത്സയുടെ മറവില്‍ വീട്ടില്‍ ആഭിചാര ക്രിയകളും പൂജകളും ഒക്കെ നടത്താറുണ്ടെന്നാണ് നാട്ടുകാര്‍ സംശയം പറയുന്നത്. രാത്രികാലങ്ങളില്‍ ഭാര്യ ലൈല ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുന്നത് കേട്ടിരുന്നു. ചന്ദനതിരി കത്തിക്കുന്ന മണവും പുറത്തുവന്നിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു.
ഭഗവല്‍ സിംഗ് പത്തനംതിട്ട ജില്ലയിലെ അറിയപ്പെടുന്ന സിപിഎം സംഘാടകന്‍ ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ആരോപിച്ചു. സിപിഎം പ്രാദേശിക നേതാവായ ഇദ്ദേഹം കര്‍ഷക സംഘത്തിന്റെ ഭാരവാഹി ആണെന്നും അതുകൊണ്ട് കേസ് ഇല്ലാതായി പോകരുതെന്നും സുരേന്ദ്രന് കോട്ടയത്ത് ആവശ്യപ്പെട്ടു






