തിരുവനന്തപുരം: പോലീസിന്റെ അനാസ്ഥയില്‍ മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിന് നീതി അകലെ. കേസില്‍ പ്രതിയായ ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാ വകുപ്പ് കോടതി ഒഴിവാക്കി. ശ്രീറാം മദ്യപിച്ചാണ് വാഹനമോടിച്ചത് എന്നതിനു തെളിവില്ലെന്ന് കണ്ടെത്തിയാണ് നരഹത്യ കുറ്റം ഒഴിവാക്കിയത്. ശ്രീറാമിനെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യ കുറ്റം ഉള്‍പ്പെടുത്തി.
ശ്രീറാവും രണ്ടാം പ്രതി വഫ ഫിറോസും നല്കിയ വിടുതല്‍ ഹര്‍ജിയിലാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ്. മദ്യപിച്ച വാഹനമോടിച്ചുവെന്ന കുറ്റത്തില്‍ നിന്ന് ശ്രീറാമിനെയും മദ്യപിച്ച് ഓടിക്കാന്‍ പ്രേരിപ്പിച്ചു എന്നീ കുറ്റത്തില്‍ നിന്ന് വഫ ഫിറോസിനെയും കോടതി ഒഴിവാക്കി. കേസിന്റെ വിചാരണ സെഷന്‍സ് കോടതിയില്‍ നിന്ന് മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു.
ശ്രീറാം മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് പ്രോസിക്യൂഷന് വാദിച്ചുവെങ്കിലും അതിനുള്ള തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞില്ല. പോലീസ് കോടതിയില്‍ ഹാജരാക്കിയ ശ്രീറാമിന്റെ രക്തസാംപിള്‍ പരിശോധന ഫലത്തില്‍ മദ്യത്തിന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. അപകടം നടന്ന ശേഷം ഏറെ വൈകിയാണ് ശ്രീറാമിന്റെ രക്തം പരിശോധിക്കാന്‍ സാംപിള്‍ എടുത്തത്. ഇത് കേസ് അട്ടിമറിക്കാനാണെന്ന് തുടക്കം മുതല്‍ ആരോപണം ഉയര്‍ന്നിരുന്നു. പ്രതിപ്പട്ടികയിലുള്ളത് ഐഎഎസ് ഉദ്യോഗസ്ഥനാണെന്ന് തിരിച്ചറിഞ്ഞതു മുതല്‍ പോലീസും ഭരണകൂടവും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.
നരഹത്യാക്കുറ്റം ഒഴിവാക്കിയതോടെ കേസില്‍ അശ്രദ്ധമായി വാഹനമോടിച്ചതിന് ലഭിക്കാവുന്ന നിസാര ശിക്ഷയുമായി ശ്രീറാം രക്ഷപ്പെടാനുള്ള സാധ്യത വര്‍ധിച്ചു. വഫ ഫിറോസിനെതിരെ മോട്ടോര്‍ വാഹന ആക്സിഡന്റ് പ്രകാരമുള്ള കുറ്റമാണ് നിലനില്ക്കുക.






