
ആലപ്പുഴ തീരത്തെ കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ കപ്പല്‍ എന്റിക ലെക്‌സിയുടെ കസ്റ്റഡിയിലുള്ള എല്ലാ രേഖകളും തിരികെ നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ബോണ്ടിന്റെ ഭാഗമായി കേരളം സൂക്ഷിച്ചിരുന്ന രേഖകള്‍ വിട്ടുനല്‍കാന്‍ കേരള ഹൈക്കോടതി രജിസ്ട്രാറിനും നിര്‍ദേശം നല്‍കി. എന്റിക ലെക്‌സി സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നടപടി.
2012-ല്‍ ആലപ്പുഴ തീരത്ത് മത്സ്യബന്ധന ബോട്ടിന് നേരെ ഇറ്റാലിയന്‍ നാവികര്‍ വെടിയുതിര്‍ത്ത സംഭവത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് കപ്പല്‍ വിട്ടുനല്‍കുന്നതിനായി മൂന്ന് കോടി രൂപയുടെ ബോണ്ടും കപ്പലിന്റെ രേഖകളും സംസ്ഥാന സര്‍ക്കാര്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്നു.
ഹര്‍ജി സുപ്രീംകോടതിയിലെത്തിയതിന് പിന്നാലെ മൂന്ന് കോടി രൂപയുടെ ബോണ്ട് നേരത്തെ കപ്പല്‍ കമ്പനിക്ക് മടക്കി നല്‍കിയിരുന്നെങ്കിലും രേഖകള്‍ കൈമാറിയിരുന്നില്ല. ഇരകള്‍ക്കുള്ള നഷ്ടപരിഹാര വിതരണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് രേഖകളും തിരിച്ചുനല്‍കാന്‍ സുപ്രീംകോടതി ഇപ്പോള്‍ ഉത്തരവിട്ടത്.






