
പാലക്കാട്: മണ്ണാർക്കാട് നഗരസഭ സംഘടിപ്പിച്ച അനുമോദനച്ചടങ്ങിൽ വിദ്യാർഥികളോട് അപമാനകരമായി പെരുമാറിയെന്ന പരാതിയിൽ മുൻമന്ത്രി കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പരിപാടിക്കിടെ കുട്ടിയോട് "അക്ഷരമറിയില്ലേ" എന്ന് ചോദിക്കുകയും വിലാസം തെറ്റായി എഴുതിയെന്ന പേരിൽ വേദിയിലേക്ക് വിളിച്ചുവരുത്തി ചെവിയിൽ നുള്ളുകയും ചെയ്ത ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ നടപടി സ്വീകരിച്ചത്.
മണ്ണാർക്കാട് നഗരസഭയുടെ 19, 20, 22 വാർഡുകളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കായി സംഘടിപ്പിച്ച 'മെറിറ്റ് ഈവനിംഗ്' ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ഹിന്ദിയിൽ എ പ്ലസ് നേടിയ വിദ്യാർഥികളെ വേദിയിലേക്ക് വിളിച്ച കെ.ടി. ജലീൽ, മാതാപിതാക്കളുടെ പേരും വിലാസവും ഹിന്ദിയിൽ എഴുതാൻ ആവശ്യപ്പെട്ടു. ചില പിഴവുകൾ ശ്രദ്ധയിൽപ്പെട്ടതോടെ, "എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ? അക്ഷരമറിയില്ലേ?" എന്ന് ചോദിച്ച് കുട്ടികളെ സദസ്സിന് മുന്നിൽ ശാസിക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്തെന്നാണ് പരാതി.






