ബംഗലൂരു: ഇന്നലെ വൈകിട്ട് തുടങ്ങിയ കനത്ത മഴയില്‍ ബംഗലുരു നഗരം വീണ്ടും മുങ്ങി. ഐ.ടി സോണ്‍ ആയ ബെല്ലാന്ദൂര് അടക്കം നഗരത്തിലെ പല ഭാഗങ്ങൡും റോഡുകള്‍ വെള്ളത്തിലായി. രാജമഹല്‍ ഗുട്ടഹല്ലിയില് മാത്രം ഇന്നലെ 59 മില്ലിമീറ്റര്‍ മഴ ലഭിച്ചുവെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. അടുത്ത മൂന്നു ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ മുന്നറിയിപ്പ്. കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
കെട്ടിടങ്ങളുടെ എല്ലാം പാര്‍ക്കിംഗ് ഏരിയയില്‍ വെള്ളംകയറിയതോടെ നിരവധി കാറുകള്‍ നശിച്ചു. മജെസ്റ്റിക്കില്‍ മതില് ഇടിഞ്ഞുവീണ് നിരവധി വാഹനങ്ങള്‍ തകര്‍ന്നു. ഓഫീസ് കഴിഞ്ഞ് മടങ്ങിയവര്‍ വീടുകളിലേക്ക് പോകാനാവാതെ മെട്രോ സ്റ്റേഷനുകളില്‍ അഭയം തേടി.
കഴിഞ്ഞ മാസവും ബംഗലൂരു നഗരം അപ്രതീക്ഷിത വെള്ളപ്പൊക്കം നേരിട്ടിരുന്നു. തുടര്‍ച്ചയായ മൂന്നു ദിവസം നീണ്ടുനിന്ന മഴ നഗരത്തെ മുക്കി. ഐ.ടി പാര്‍ക്കുകളിലും സമ്പന്നരുടെ ആര്‍ഭാട ഹൗസിംഗ് കോളനികളിലും വെള്ളംകയറി. ട്രാക്ടറുകളുടെ സഹായത്താലാണ് പലര്‍ക്കും വീടിനു പുറത്തേക്ക് കടക്കാനായത്.
കാലവര്‍ഷം ആരംഭിച്ചതു മുതല്‍ റെക്കോര്‍ഡ് മഴയാണ് ബംഗലൂരു നഗരത്തില്‍ ലഭിച്ചിരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ 1706 മില്ലിമീറ്റര്‍ മഴ ലഭിച്ചു. 2017ല്‍ നഗരത്തില്‍ ലഭിച്ച 1696 മില്ലിമീറ്റര്‍ മഴയാണ് ഇതിനു മുന്‍പുള്ള റെക്കോര്‍ഡ്.






