
കൊച്ചി: കുണ്ടന്നൂരില്‍ ബാറിലുണ്ടായ വെടിവയ്പില്‍ അഭിഭാഷകനും സുഹൃത്തും പിടിയില്‍. വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് അഭിഭാഷകനായ ഹെറാള്ഡിന്റേതാണെന്ന് തിരിച്ചറിഞ്ഞു. 2025 വരെ ലൈസന്‍സുള്ള തോക്കാണിത്. കാര്‍ മറ്റൊരിടത്ത് പാര്‍ക്ക് ചെയ്ത ശേഷമാണ് ഹെറാള്‍ഡും സുഹൃത്ത് റോജനും ബാറിലേക്ക് എത്തിയത്.
ബാറില്‍ നിന്ന് ഇറങ്ങുന്ന വഴിയാണ് വെടിവയ്പുണ്ടായത്. ഓജീസ് കാന്താരി എന്ന ബാറിലായിരുന്നു വെടിവയ്പ. സിനിമ നിര്‍മ്മാതാവ് ഓജീസ് സുനിലിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ബാര്‍. വെടിവയ്പ് ഉണ്ടായ സംഭവം പോലീസിനെ ഏറെ വൈകിയാണ് അറിയിച്ചത്. ഇതും പോലീസ് പരിശോധിക്കുന്നുണ്ട്.
ഇന്നലെ ഉച്ചയോടെ ബാറിലെത്തിയ ഹെറാള്‍ഡും റോജനും വൈകിട്ട് നാല് മണിവരെ അവിടെയിരുന്ന് മദ്യപിച്ചു. നാലേകാലോടെ കൗണ്ടറില്‍ പണം നല്കിയ ശേഷം പുറത്തിറങ്ങിയ സമയത്താണ് റോജന്‍ ബാറിന്റെ ചുമരിലേക്ക് വെടിയുതിര്‍ത്തത്. തുടര്‍ന്ന് ഇവര്‍ അവിടെ നിന്ന് കടന്നുകളയുകയും ചെയ്തു.
പ്രതികളെ ഇന്ന് ബാറിലെത്തിച്ച് തെളിവെടുക്കും. ഫോറന്‍സിക്, ബാലിസ്റ്റിക്, സയന്റിഫിക് വിദഗ്ധരും ബാറിലെത്തി പരിശോധന നടത്തും. തോക്കും പിടിച്ചെടുത്ത് പരിശോധന നടത്തും.
പ്രതികളെ രാത്രി ആലപ്പുഴയില്‍ നിന്നാണ് പിടികൂടിയത്. മദ്യ ലഹരിയില്‍ ആയതിനാല്‍ ചോദ്യം ചെയ്യനായില്ല. വൈകിട്ട് നാലു മണിയോടെ വെടിവയ്പ് നടന്നതെങ്കിലും ഏഴു മണിയോടെയാണ് ബാര്‍ ജീവനക്കാര്‍ പരാതി നല്‍കിയത്.
ആയുധ നിരോധന നിയമപ്രകാരവും വശ്രമത്തിനുമാണ് കേസ്.






