
തിരുവനന്തപുരം: കുണ്ടമണ്‍ കടവിലെ ആശ്രമം തീവെച്ച കേസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലും പൊതുവേദികളിലും പോരടിച്ചിരുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനൊപ്പമുള്ള സെല്‍ഫി പങ്കുവച്ച് സ്വാമി സന്ദീപാനന്ദ ഗിരി. പോസ്റ്റ് വൈറലാകുകയും വിമര്‍ശനങ്ങള്‍ വരികയും ചെയ്തപ്പോള്‍ മറു പോസ്റ്റിട്ട് കെ. സുരേന്ദ്രനും.
ഇന്നലെ തിരുവനന്തപുരത്ത് വ്യവസായി എം.എ യൂസഫലിയുടെ ലുലു ഗ്രൂപ്പിന്റെ ഹയാത്ത് റീജന്‍സി പഞ്ചനക്ഷത്ര ഹോട്ടലിന്റെ ഉദ്ഘാടന ചടങ്ങില്‍ കണ്ടുമുട്ടിയപ്പോഴാണ് ഇരുവരും സെല്‍ഫി എടുത്തത്. ഏറെ താമസിയാതെ സന്ദീപാനന്ദ ഗിരി ഇത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു.
സ്നേഹിക്ക, യുണ്ണീ നീ നിന്നെ
ദ്രോഹിക്കുന്ന ജനത്തെയും;
ദ്രോഹം ദ്വേഷത്തെ നീക്കിടാ
സ്നേഹം നീക്കീടു, മോര്‍ക്ക നീ''
എന്ന അടിക്കുറിപ്പോടെയാണ് സന്ദീപാനന്ദ ഗിരിയുടെ പോസ്റ്റ്. ഇത് വൈറലാതോടെയാണ് മറുപടിയുമായി സുരേന്ദ്രൻ എത്തിയത്.
ഒരു പൊതു ചടങ്ങിനിടെ ഒരാൾ ഒരു സെൽഫി എടുത്തോട്ടെ എന്നു ചോദിക്കുന്നു. സമ്മതിക്കുന്നു. പിന്നീട് ആ സെൽഫി അയാൾ എങ്ങനെ ഉപയോഗിക്കുന്നു എന്നുള്ളത് അയാളുടെ മാത്രം കാര്യം.
ജഡിലോമുണ്ഡീ ലുഞ്ജിതകേശാ.....
ഉദരനിമിത്തം ബഹുകൃതവേഷം.
എന്ന ശ്ലോകവും അദ്ദേഹം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു.
കുണ്ടമണ്‍ കടവിലെ ‘ഷിബു സ്വാമിയുടെ ആശ്രമം കത്തിച്ച പ്രതിയുമായി വരുന്ന പൊലീസ്’ എന്ന അടിക്കുറിപ്പോടെ പരിഹാസ ചിത്രം സുരേന്ദ്രന് തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചതും അടുത്തിടെയായിരുന്നു. നാലര വർഷത്തിനു ശേഷം കേസിൽ പുതിയ വഴിത്തിരിവുണ്ടായതിനെ ‘ട്രോളിയ’ കെ.സുരേന്ദ്രൻ, വന്ദനം സിനിമയിൽ മൃതദേഹം സൈക്കിളിനു പിന്നിലിരുത്തി ചവിട്ടുന്ന ജഗദീഷിന്റെ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു.
ഇതിനുള്ള മറുപടിയുമായി 'സുരേന്ദ്രാ ഉള്ളി കെട്ടപോലെ അങ്ങയുടെ മനസ്സ് എത്രമാത്രം മലീമസമാണെന്ന് 'സന്ദീപാനന്ദ ഗിരി ഫെയ്സ്ബുക്കിൽ കുറിച്ചു.
എന്നാല്‍ ഇന്നലെ നേരിട്ടു കണ്ടുമുട്ടിയപ്പോള്‍ പരസ്പ്പരം സൗഹൃദം പങ്കുവെച്ചത് മറ്റുള്ളവര്‍ക്ക് കൗതുകമായെങ്കിലും സംഘപരിവാര്‍ സംഘടനകളെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. തീവെപ്പു കേസില്‍ ആര്.എസ്.എസിനെയും ബി.ജെ.പിയെയുമാണ് ക്രൈംബ്രാഞ്ച് പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത്. ഇതിനിടെയായിരുന്ന കൂടിക്കാഴ്ച്ച.






