
ന്യുഡല്‍ഹി: പെരുമ്പാവൂര്‍ ജിഷാ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കുറ്റവാളി അമിറുള്‍ ഇസ്ലാം നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി കേരളത്തിനും അസം സര്‍ക്കാരിനും നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു. കേരളത്തില്‍ നിന്ന് അസമിലേക്ക് ജയില്‍മാറ്റം ആവശ്യപ്പെട്ടാണ് അമിറുള്‍ സുപ്രീം കോടതിയെ സമീപിച്ചത്. നോട്ടിസില്‍ സര്‍ക്കാരുകള്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കണം.
നിലവിലെ ജയില്‍ചട്ട പ്രകാരം അമീറുള്‍ ഇസ്ലാമിനെ അസമിലേക്ക് മാറ്റാനാകില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ വ്യക്തമാക്കിയിരുന്നു. ജയില്‍ മാറ്റം ആവശ്യമാണെങ്കില്‍ കേരള സര്‍ക്കാര്‍ പുറത്തിറക്കിയ 2014 -ലെ ചട്ടങ്ങള്‍ കൂടി ഹര്‍ജിയില്‍ ചോദ്യം ചെയ്യാനും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. 2014-ലെ ജയില്‍ ചട്ടത്തിലെ 587-ാം വകുപ്പ് പ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്ക് ജയില്‍മാറ്റം അനുവദിക്കാനാകില്ലെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. വധശിക്ഷ ചോദ്യം ചെയ്തുള്ള അപ്പീല്‍ കോടതിയുടെ പരിഗണനയില്‍ ആണെങ്കില്‍ അവരെയും മറ്റൊരു ജയിലിലേക്ക് മാറ്റാന്‍ കഴിയില്ലെന്നാണ് വ്യവസ്ഥ. ഈ വ്യവസ്ഥകള്‍ നിലനില്‍ക്കെ അസമിലേക്ക് മാറ്റണമെന്ന പ്രതിയുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
നിയമവിദ്യാര്‍ഥിനി ജിഷയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് നിലവില്‍ വിയ്യൂര്‍ ജയിലിലാണ് അമീറുള്‍ ഇസ്ലാം. ഭാര്യയും മാതാപിതാക്കളും അസമിലാണുള്ളതെന്നും അവര്‍ അതീവ ദാരിദ്ര്യത്തിലാണെന്നും അതിനാല്‍ ജയില്‍മാറ്റം അനുവദിക്കണമെന്നുമായിരുന്നു ഹര്‍ജി നല്കിയ പ്രതിയുടെ ആവശ്യം. വിയ്യൂര്‍ ജയിലില്‍ തന്നെ സന്ദര്‍ശിക്കാന്‍ ഇവര്‍ ബുദ്ധിമുട്ട് നേരിടുന്നതായും പ്രതി ചൂണ്ടിക്കാണിച്ചു.






