പത്തനംതിട്ട: അടൂരില്‍ ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ രോഗിയുടെ ഭീഷണിയും അസഭ്യവര്‍ഷവും. പറക്കോട് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. തടയാനെത്തിയ ആളുകളെയും അസഭ്യം പറഞ്ഞ പ്രതി ഒരാള്‍ക്കു നേരെ മുളകുപൊടി സ്പ്രേ ചെയ്തു.
സംഭവത്തില്‍ പറക്കോട് സ്വദേശിയായ പ്രതി വിഷ്ണു വിജയനെ പോലീസ് പിടികൂടി. നിരവധി കേസുകളില്‍ പ്രതിയാണ് വിഷ്ണു വിജയന്. ഇയാള്‍ക്കെതിരെ കാപ്പ നിയമം ചുമത്തി റിമാന്‍ഡ് ചെയ്യും.
കാലിന്റെ മുട്ടിന് പരിക്കേറ്റ് ആശുപത്രിയില്‍ എത്തിയ വിഷ്ണുവിന് പ്രാഥമിക ചികിത്സ നല്കിയ ശേഷം ഒരു മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ഇതിനിടെ ഡോക്ടര്‍ വന്ന് പരിശോധിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ഭീഷണിയും അസഭ്യവര്‍ഷവും.
ആശുപത്രിയിലെ ജീവനക്കാരാണ് സംഭവം മൊബൈലില്‍ പകര്‍ത്തി പോലീസിന് കൈമാറിയത്. ആശുപത്രിയില്‍ നിന്നും പോയ പ്രതിയെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു.






