കണ്ണൂര്‍: കണ്ണൂര്‍ സിപിഎമ്മില്‍ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയരുന്നു. കേന്ദ്രകമ്മിറ്റിയംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി ജയരാജനെതിരെ പി.ജയരാജന് സംസ്ഥാന നേതൃത്വത്തിന് നല്കിയ പരാതിക്ക് തിരിച്ചടിയുമായി ഇ.പി വിഭാഗം. പി.ജയരാജന്റെ ക്വട്ടേഷന്‍ ബന്ധം അന്വേഷിക്കണമെന്നും തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചുവെന്നുമാണ് ഇ.പി വിഭാഗത്തിന്റെ പരാതി.
കണ്ണൂര്‍ കേന്ദ്രമാക്കിയുള്ള സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘവുമായി പി.ജയരാജന് ബന്ധമുണ്ട്. തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറി അന്വേഷണിക്കണം. വടകരയില്‍ മത്സരിക്കുമ്പോള്‍ പിരിച്ചെടുത്ത മുഴുവന്‍ പണവും പാര്‍ട്ടിയില്‍ അടച്ചിട്ടില്ലെന്നും സിപിഎം കേന്ദ്ര, സംസ്ഥാന നേതൃത്വത്തിന് നല്കിയ പരാതിയില്‍ പറയുന്നു.
കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ റിസോര്‍ട്ടിന്റെ നടത്തിപ്പ് കമ്പനിയില്‍ ഇ.പി ജയരാജന്റെ ഭാര്യയും മകനും ഡയറക്ടര്മാരാണെന്ന ആരോപണമാണ് സംസ്ഥാന സമിതിയില്‍ ഉന്നയിച്ചത്. ഇന്നും നാളെയും ചേരുന്ന സിപിഎം പൊളിറ്റ് ബ്യുറോ ആരോപണം പരിശോധിക്കുമെന്നാണ് സൂചന. ജയരാജന് രേഖാമൂലം പരാതി നല്കിയാല് അന്വേഷണ കമ്മീഷനെ വയ്ക്കാനും സാധ്യതയുണ്ട്.






