
പൂനെ: ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളെ മാറ്റി നിര്‍ത്തി ഇന്ത്യ ടിട്വന്റി ലോകകപ്പിന് തയ്യാറെടുക്കുന്നു. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ടിട്വന്റി ലോകകപ്പില്‍ മികച്ച ടീമിനെ ഇറക്കാന്‍ സീനിയര്‍ താരങ്ങളെ മാറ്റി നിര്‍ത്തി ഇനിമുതല്‍ യുവതാരങ്ങളെ പരീക്ഷിച്ചേക്കും. രണ്ടാം ടിട്വന്റി മത്സരവും പരാജയപ്പെട്ട ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ പരിശീലകന് രാഹുല്‍ദ്രാവിഡിന്റെ പ്രസ്താവന ഈ സൂചന നല്‍കുന്നത്.
ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ ഇപ്പോള്‍ ഏകദിന ഫോര്‍മാറ്റിലാണ് ശ്രദ്ധ വെച്ചിരിക്കുന്നതെന്നും അടുത്ത ട്വന്റി20 ലോകകപ്പിലേക്ക് ഇന്ത്യയ്ക്ക് വേണ്ടത് മികച്ച യുവനിരയുള്ള ടീമാണെന്നും രാഹുല്‍ പറഞ്ഞു. രാഹുലിന്റെ വാക്കുകള്‍ ഇന്ത്യയുടെ സീനിയര്‍ താരങ്ങളായ വിരാട് കോഹ്ലിയെയും രോഹിത് ശര്‍മ്മയെയും ലക്ഷ്യമിട്ടുള്ളതാണോ എന്നാണ് സംശയം. ഇനി മുതല്‍ ഇരുവരും ഇന്ത്യയ്ക്കായി ടിട്വന്റി മത്സരം കളിക്കില്ലേ എന്നും ആശങ്ക ഉയരുന്നുണ്ട്.
ശ്രീലങ്കയ്ക്ക് എതിരായ ടിട്വന്റി ടീമില്‍ ഇരുവര്‍ക്കും സ്ഥാനം നല്‍കിയിരുന്നില്ല. ഹര്‍ദിക് പാണ്ഡ്യയായിരുന്നു ടീമിനെ നയിച്ചത്. ഇതോടെ ഇരുവരുടെയും ടിട്വന്റിയിലെ രാജ്യാന്തര കരിയറിന് ഏറെക്കുറെ കര്ട്ടനായെന്നും വിലയിരുത്തുന്നുണ്ട്. ഓസ്ട്രേലിയയില്‍ നടന്ന ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ സെമിഫൈനലില്‍ പുറത്തായപ്പോള്‍ തന്നെ ഇരുവരുടേയും കാര്യത്തില്‍ ഏറെക്കുറെ തീരുമാനമായിരുന്നു.
ആ ടീമിലെ മൂന്നോ നാലോ പേര് മാത്രമാണ് ഇപ്പോള്‍ ടീമിലുള്ളത്. ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യ ആതിഥേയരാണ്. അതിനൊപ്പം ടെസ്റ്റ് ലോക ചാംപ്യന്ഷിപ്പുമുണ്ട്. രണ്ടിലും സീനിയര്‍ താരങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ കിട്ടാനാണ് യുവതാരങ്ങളെ ട്വന്റി20 യില്‍ പരീക്ഷിക്കുന്നതെന്നും ദ്രാവിഡ് പറഞ്ഞു. ഇതെല്ലാം നല്കുന്ന സൂചനകള്‍ രോഹിതിനെയും കോഹ്ലിയേയും ഇനി ടിട്വന്റി ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ജഴ്സിയില്‍ കാണാനായേക്കില്ല എന്നാതാണെന്നാണ് ക്രിക്കറ്റ് വിദഗ്ദ്ധര്‍ പറയുന്നത്.






