
ന്യുഡല്‍ഹി: ഉത്തേരന്ത്യയില്‍ അഞ്ച് ദിവസമായി തുടരുന്ന ശൈത്യതരംഗം ജനജീവിതം ദുസ്സഹമാക്കുന്നു. രാജ്യത്തിന്റെ വടക്ക്, വടക്കുപടിഞ്ഞാറന്‍ മേഖലകളിലാണ് ശൈത്യം പിടിമുറുക്കിയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന്തണുപ്പിന് നേരിയ കുറവുണ്ട്. കനത്ത മൂടല്‍മഞ്ഞ് വ്യോമ, റെയില്‍, റോഡ് ഗതാഗതത്തെ ബാധിച്ചു. ഡല്‍ഹിയില്‍ നിന്നുള്ള 50 ഓളം ആഭ്യന്തര വിമാന സര്‍വീസുകള്‍ വൈകുകയാണ്. ഡല്‍ഹിയില്‍ ഇറങ്ങേണ്ട 18 വിമാനങ്ങളും വൈകുന്നു. ഉത്തര്‍പ്രദേശില്‍ മൂടല്‍മഞ്ഞിനെ തുടര്‍ന്നുണ്ടായ രണ്ട് അപകടങ്ങളില്‍ ഏഴ് പേര് മരിച്ചു.
ഡല്‍ഹിയിലെ സഫ്ദര്‍ജംഗിലാണ് ഇന്ന് ഏറ്റവും തണുപ്പ് രേഖപ്പെടുത്തിയത്. ഇവിടെ രാവിലെ 8.30 ഓടെ 6.4 ഡിഗ്രി സെല്‍ഷ്യസായിരുന്നു കുറഞ്ഞ താപനില. പാലമില്‍ ഇത് 7.5 ഡിഗ്രിയായിരുന്നു. പാലം മേഖലയില്‍ കാഴ്ചപരിധി 50 മീറ്റര്‍ ആയിരുന്നു. സഫ്ദര്‍ജംഗില്‍ ഇത് 200 മീറ്ററായിരുന്നു.
ഉത്തര്‍പ്രദേശിലും കനത്ത് മൂടല്‍മഞ്ഞാണ് അനുഭവപ്പെടുന്നത്. കാഴ്ചപരിധി അപകടകരമായ നിലയില്‍ ആയതിനാല്‍ പല ഭാഗത്തും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മൂടല്‍മഞ്ഞിനെ തുടര്‍ന്ന് 36 ട്രെയിന്‍ സര്‍വീസുകള്‍ വൈകുകയാണെന്ന് നോര്‍തേണ്‍ റെയില്‍വേ അറിയിച്ചു. അതേസമയം ഇന്നലെ ഡല്‍ഹിയില്‍ 200 ഓളം വിമാനങ്ങള്‍ വൈകിയതായും അഞ്ചെണ്ണം ജയ്പൂരിലേക്ക് വഴിതിരിച്ചുവിട്ടതായും എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. 335 ട്രെയിനുകളും വൈകിയിരുന്നു.






