
തൃശൂര്‍: സേഫ് ആന്റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതി പ്രവീണ്‍ റാണ റിമാന്‍ഡില്‍. ഈ മാസം 27 വരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. പ്രവീണിനെതിരെ തൃശൂര്‍ ജില്ലയില്‍ ഇതുവരെ 36 പരാതികള്‍ ലഭിച്ചതായി പ്രോസിക്യൂഷന് കോടതിയില്‍ അറിയിച്ചു. 100 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. 11 സ്ഥാനപങ്ങളുടെ മറവിലാണ് തട്ടിപ്പ് നടത്തിയത്. കമ്പനികള്‍ക്ക് വിവിധ ജില്ലകളില്‍ 20 ഫ്രാഞ്ചൈസികളും ഉണ്ട്. തൃശൂര്‍ സ്വദേശിനി ഹണി തോമസിന്റെ പരാതിയിലാണ് ആദ്യം കേസെടുക്കുന്നതും അറസ്റ്റ് രേഖപ്പെടുത്തുന്നതും.
അമിത പലിശ വാഗ്ദാനം ചെയ്താണ് പ്രവീണ്‍ റാണ നിക്ഷേപകരെ ആകര്‍ഷിച്ചിരുന്നത്. ഒരു ലക്ഷം രൂപയ്ക്ക് മാസം 2000 രൂപ പലിശയാണ് നല്കിയ ഒരു വാഗ്ദാനം. അഞ്ച് വര്‍ഷത്തിനു ശേഷം നിക്ഷേപത്തുക തിരികെ നല്‍കും. ഒരു ലക്ഷം രുപ നിക്ഷേപിച്ചാല്‍ അഞ്ച് വര്‍ഷത്തിനു ശേഷം രണ്ടര ലക്ഷം രൂപയായി തിരികെ നല്കുമെന്നതായിരുന്നു രണ്ടാമത്തെ വാഗ്ദാനമെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി.






