
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷം ഉപയോഗിച്ച അതേ ആയുധം കോണ്‍ഗ്രസും തിരിച്ചുപ്രയോഗിക്കാനൊരുങ്ങുന്നു. ഇടതുപക്ഷ സര്‍ക്കാരിനെതിരേ സെക്രട്ടറിയേറ്റ് വളയല്‍ സമരവുമായിട്ടാണ് കോണ്‍ഗ്രസ് എത്തുന്നത്. മെയ് നാലിന് ഒരു ലക്ഷം പ്രവര്‍ത്തകര്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെ സെക്രട്ടേറിയറ്റ് വളയല്‍ സമരം നടത്തും.
'ഭരണത്തകര്‍ച്ചയ്ക്കെതിരെ കേരളത്തെ കാക്കാന്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് കോണ്‍ഗ്രസ് സമരം. സമരത്തിന് വര്‍ക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ് എംഎല്‍എ ചെയര്‍മാനായും കെപിസിസി ജനറല്‍ സെക്രട്ടറി മര്യാപുരം ശ്രീകുമാര്‍ കണ്‍വീനറായും സമിതി രൂപവത്കരിച്ചു. കെപിസിസി ഭാരവാഹികളുടേയും നിര്‍വാഹക സമിതി അംഗങ്ങളുടേയും യോഗത്തിലാണ് തീരുമാനം എടുത്തത്. വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദിക്ക് ഒരു വര്‍ഷത്തെ ആഘോഷം എല്ലാ ജില്ലകളിലും നടത്താനും തീരുമാനിച്ചിട്ടുണ്ട്.
2013 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഇടതുപക്ഷം സെക്രട്ടറിയേറ്റ് വളയല്‍ നടത്തിയിരുന്നു. 30 മണിക്കൂറായിരുന്നു അന്ന് ഇടതുപക്ഷം സെക്രട്ടറിയേറ്റ് വളയല്‍ സമരം നടത്തിയത്. സോളാര്‍ കേസ് ഹൈക്കോടതി സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
ഭാരത് ജോഡോ യാത്രയുടെ അടുത്തഘട്ടമായി എഐസിസി 26 മുതല്‍ രാജ്യവ്യാപകമായി നടത്തുന്ന 'ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്' ജനസമ്പര്‍ക്കപരിപാടി കേരളത്തില്‍ മാര്‍ച്ച് 20 വരെ സംഘടിപ്പിക്കും. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 20 വരെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികള്‍ മൂന്നുമുതല്‍ നാലുദിവസം നീളുന്ന പദയാത്രകളും നടത്തും.






