
തൃശൂര്‍: നിക്ഷേപത്തട്ടിപ്പുകാരന്‍ പ്രവീണ്‍റാണയുടെ കണക്കുകൂട്ടല്‍ പിഴച്ചത് കോവിഡിന്റെ നാളുകളില്‍. കൊച്ചിയിലെ ഹോട്ടല്‍ വ്യവസായിക്കു പബ് നടത്തിപ്പിന് പ്രവീണ്‍ റാണ 16 കോടി രൂപ നല്കിയതു വ്യക്തമായ പദ്ധതിയോടെയായിരുന്നു. ലഹരിയും പെണ്‍വാണിഭവും അടക്കം റാണയുടെ മനസിലുണ്ടായിരുന്നുവെന്നാണ് സൂചന. ഹോട്ടല്‍ വ്യവസായിയുടെ അംഗരക്ഷകനെ ബംഗളുരുവില്‍ നിന്നു പോലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണു ഇതുസംബന്ധിച്ച സൂചന ലഭിച്ചത്.
മുംബൈയിലെ ഡാന്‍സ് ബാര്‍ മാതൃകയില്‍ സ്ത്രീകളെക്കൊണ്ടു മദ്യം വിളമ്പി ലാഭം കൊയ്യാനായിരുന്നു നീക്കം. ഇതിനൊപ്പം കാബറെ ഡാന്‍സുകള്‍ക്കു സമാനമായി സ്ത്രീകളുടെ ഡാന്‍സ് നടത്താനും പദ്ധതിയുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പോലീസ്. ഇത്തരം നൃത്തവേദികളില്‍ അതിസമ്പന്നര്‍ നോട്ടുകള്‍ വാരിയെറിയുന്ന രീതിയാണ് മുംബൈയിലുള്ളത്.
ഡാന്‍സ് ബാര്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിരോധിച്ചുവെങ്കിലും രഹസ്യമായി ഇപ്പോഴും നടക്കുന്നുണ്ട്. കോവിഡ് വന്നതോടെ അതു പാളി. മുംബൈ, പുനെ പബുകളില്‍ നിന്നു കോവിഡ് കാലത്തിനു മുന്‍പു ലഭിച്ചിരുന്ന വരുമാനമാണ് കൊച്ചിയിലും സമാനനിക്ഷേപത്തിന് ഇയാളെ പ്രേരിപ്പിച്ചത്. കമ്പനി വഴി സ്വരൂപിച്ച പണമാണു നിക്ഷേപിച്ചത്.
റാണയുടെ വിവാഹ സല്‍ക്കാരം സംബന്ധിച്ചും പോലീസ് അന്വേഷിക്കും. നക്ഷത്ര രീതിയിലായിരുന്നു സല്‍ക്കാരം. ഒരു കിലോ സ്വര്‍ണവും വജ്രാഭരണങ്ങളുമാണ് വധുവിന് നല്‍കിയതെന്നാണ് അറിയുന്നത്. സിനിമയിലെയും രാഷ്ട്രീയത്തിലേയും പ്രമുഖര്‍ പങ്കെടുത്ത ആഡംബരവിവാഹത്തിന്റെ ആല്‍ബത്തിന് ചെലവായത് 15 ലക്ഷം രൂപയാണത്രേ. ചിത്രക്കൂട് എന്ന ആല്‍ബത്തിന്റെ കൈമാറ്റം നടത്തിയത് പ്രമുഖരുടെ സാന്നിധ്യത്തില്‍ തൃശൂരിലെ പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു. അമ്മാവന്റെ മകളെയാണ് വധുവാക്കിയത്.
പ്രണയവിവാഹമായിരുന്നു. വിവാഹത്തിന് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് രാജകീയ വേഷത്തില്‍ റോള്‍സ് റോയിസ് കാറിലാണ് റാണ എത്തിയത്. അന്ന് 50,000 രൂപയ്ക്ക് കാര്‍ വാടകയ്ക്കെടുത്തു. വിവാഹത്തിന് വരുന്ന സേഫ് ആന്‍ഡ് സ്ട്രോങ് കമ്പനിയിലെ മുഴുവന്‍ ജീവനക്കാരോടും ഫേസ് ബുക്ക് ലൈവ് ഇടണമെന്ന് നിര്‍ദേശിച്ചിരുന്നു.
റാണയുടെ ഭാര്യ വയനാ ചന്ദ്രനെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയും വിവാദമായി. നിക്ഷേപതട്ടിപ്പ് നടത്തുമ്പോള്‍ വയനാ ചന്ദ്രനും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. കേസ് വന്നതോടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നു നീക്കി. മുംബൈയില്‍ സ്ഥിരതാമസമായിരുന്ന വയനാ ചന്ദ്രനെ 2021 ജനുവരി ഒന്നിനാണ് പ്രവീണ്‍ വിവാഹം കഴിച്ചത്. സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുള്ളവര്ക്കായി പരസ്യം നല്‍കിയും റാണ മുമ്പ് തട്ടിപ്പിനു ശ്രമിച്ചെന്നു പോലീസിനു വിവരം കിട്ടി.
"1000 നായകന്മാരും 1001 നായികമാരും" എന്നാണ് സിനിമയ്ക്കു പേരിട്ടത്. ചിത്രത്തിന്റെ ഒഡീഷന് നിരവധി പേരെത്തി. എത്തിയവര്‍ക്കെല്ലാം അഭിനയിക്കാന്‍ അവസരം നല്‍കുമെന്ന് പ്രവീണ്‍ റാണ ഉറപ്പ് നല്‍കിയിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ എത്തിയവരില്‍ നിന്ന് 20,000 രൂപ വരെ വാങ്ങിയതായും സൂചനയുണ്ട്.
പ്രവീണിന്റെ ജാമ്യാപേക്ഷ 19-ന് പരിഗണിക്കും
തൃശൂര്‍: സേഫ് ആന്‍ഡ് സ്ട്രോങ് നിക്ഷേപക്കമ്പനി മേധാവി പ്രവീണ്‍ റാണയുടെ ജാമ്യാപേക്ഷ 19-ന് തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി പരിഗണിക്കും.റാണയെ ഹാജരാക്കാനുള്ള പ്ര?ഡക്ഷന്‍ വാറന്റ് പുറപ്പെടുവിക്കണമെന്ന് പ്രാസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടു. റാണ ഇന്നലെ ജാമ്യാപേക്ഷ നല്‍കിയെങ്കിലും പ്രോസിക്യൂഷന് എതിര്‍ത്തു. രണ്ട് ഹര്‍ജികളും 19 ന് പരിഗണിക്കും.
റാണയെ ചോദ്യം ചെയ്യാനായി യകസ്റ്റഡിയില് വാങ്ങാനാണ് പോലീസ് നീക്കം. അതിനുള്ള ആദ്യപടിയായാണ് പ്ര?ഡക്ഷന്‍ വാറന്റ് വേണമെന്ന ആവശ്യം. റാണയെ വിശദമായി ചോദ്യംചെയ്താലേ നിക്ഷേപത്തുക സംബന്ധിച്ച് വ്യക്തത വരുത്താനാകൂ എന്നാണ് പോലീസ് കരുതുന്നത്.
നിലവില്‍ റാണയ്ക്ക് എതിരേ നൂറിലേറെ പരാതികള്‍ ലഭിച്ചിട്ടുണ്ട്. പലരോടും തട്ടിപ്പു നടന്ന സ്ഥലത്തു പരാതി നല്‍കാനാണ് പോലീസ് ആവശ്യപ്പെടുന്നത്.






