
ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ വന്‍ തിരിച്ചടി നേരിടുന്ന ചെല്‍സി ഒറ്റ സൈനിംഗ് കൊണ്ട് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുകയാണ്. ഞായറാഴ്ച അവര്‍ ഉക്രയിന് ക്ലബ്ബ് ഷാക്തര്‍ ഡോണസ്ക്കിന്റെ യുവതാരം മിഖായ്ലോ മുഡ്രിക്കിനെ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക് കൊണ്ടുവന്നു. 89 ദശലക്ഷം പൗണ്ടിന്റെ കൈമാറ്റത്തുകയില്‍ എട്ടര വര്‍ഷത്തെ കരാറാണ് താരവുമായി ഒപ്പുവെച്ചത്.
ഉക്രെയിന് പുറത്ത് ഇതുവരെ കളിച്ചിട്ടില്ലാത്ത 22 കാരന് റെക്കോഡ് തുക നല്‍കുന്നത് എന്തിനാണെന്ന് ഫുട്ബോള്‍ പണ്ഡിതരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഏതൊരു ഉക്രയിന് താരത്തിന് കിട്ടിയതിനേക്കാള്‍ ഉയര്‍ന്ന തുകയ്ക്കാണ് മുഡ്രിക്കിനെ ചെല്‍സി എടുത്തത്. ഈ സീസണില്‍ വെറും 47 കളികളില്‍ കളിച്ചിട്ടുള്ള മുഡ്രിക് നേടിയത് ആകെ രണ്ടു ഗോളുകളാണ്.
താരത്തിനായി ചെല്‍സി തോല്‍പ്പിച്ചത് ആഴ്സണലിനെ
പ്രീമിയര്‍ ലീഗില്‍ നിലവില്‍ 10 ാം സ്ഥാനത്താണ് ചെല്‍സി. ലീഗ് പട്ടിയില്‍ ഒന്നാമതുള്ള ആഴ്സണലും മുഡ്രിക്കിനായി രംഗത്ത് വന്നിരുന്നു. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ചെല്‍സി സൈന്‍ ചെയ്യുന്ന അഞ്ചാമത്തെ താരമാണ് മുഡ്രിക്. ജാവോഫെലിക്സ്, ബെനോയ്റ്റ് ബദിയാഷിലേ, ഡേവിഡ് ഡാട്രോ ഫൊഫാന, ആന്ദ്രേ സാന്റോസ് എന്നിവരെയാണ് ചെല്‍സി ഈ സീസണില്‍ കരാറാക്കിയത്.
ചാംപ്യന്‍സ് ലീഗിലെ മിന്നും പ്രകടനമാണ് മുഡ്രിക്കിന് പിന്നാലെ നടക്കാന്‍ ചെല്സിയേയൂം ആഴ്സണലിനേയും പ്രേരിപ്പിച്ചത്. ഷാക്തറിനായി ആറുകളികള്ക്ക് ഇറങ്ങിയ പയ്യന് മൂന്ന് ഗോളടിച്ചു. ലീപ് സിഗില്‍ അവര്‍ക്കെതിരേ അവരുടെ മൈതാനത്ത് ഗോളടിച്ച മുഡ്രിക് കെല്‍റ്റിക്കിനെതിരേ രണ്ടു ഗോളാണ് അടിച്ചത്. 2031 വരെ ചെല്‍സിയുമായി കരാറിലായ താരം ഉക്രെയിന് പ്രീമിയര്‍ ലീഗില്‍ 12 കളിയില്‍ ആറ് അസിസ്റ്റ് നടത്തിയതാണ് ചെല്‍സിയുടെ നോട്ടം എത്തിച്ചത്. കഴിഞ്ഞ എട്ടു കളികളില്‍ ഏഴൂ ഗോള്‍ നേടി.
മുഡ്രിക്കിന്റെ ട്രാന്‍സ്ഫര്‍ കൊണ്ട് ഉക്രയിനും ഗുണമുണ്ട്
ചെല്‍സി താരത്തെ സ്വന്തമാക്കുന്നതിലൂടെ ഉക്രയിനും ഗുണമുണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ റഷ്യയുടെ അതിക്രമം നേരിട്ടുകൊണ്ടിരിക്കുന്ന ഉക്രെയിനിലെ യുദ്ധക്കെടുതികള്ക്കായി മുഡ്രിക്കിന്റെ കൈമാറ്റത്തുകയില്‍ ഒരു ഭാഗം ഉപയോഗിക്കാനാണ് ഷാക്തറിന്റെ തീരുമാനം. ചെല്‍സിയ്ക്ക് സ്വന്തം താരത്തെ നല്‍കുന്നതിലൂടെ കിട്ടുന്ന കൈമാറ്റത്തുകയില്‍ 22 ദശലക്ഷം പൗണ്ട് മരിയുപോളില്‍ വീണുപോയ ഉക്രയിന് സൈനികരുടെ കുടുംബങ്ങള്‍ക്ക് നല്‍കും. 'അസോവ്സ്ഥലിന്റെ ഹൃദയം' എന്ന പദ്ധതിയിലേക്ക് പണം കൈമാറും. 2022 ലാണ് ഉക്രയിനിലേക്ക് റഷ്യ അധിനിവേശം നടത്തിയത്.
മരിയുപോളില്‍ രക്തം ചീന്തിയ സൈനികര്‍ക്ക് വൈദ്യസഹായം, കൃത്രിമോപകരണങ്ങള്‍, മാനസീക പിന്തുണ, അവരുടെ ആവശ്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് വേണ്ടി പണം വിനിയോഗിക്കുമെന്ന് ഷാക്തറിന്റെ പ്രസിഡന്റ് റിനാട്ട് അഖ്മെറ്റോവ് പറഞ്ഞു.






