
റിയാദ്: മെസ്സി ആദ്യം ഒരു ഗോളടിച്ചപ്പോള്‍ റൊണാള്‍ഡോ രണ്ടെണ്ണമടിച്ച് മറുപടി പറഞ്ഞു. കിലിയന്‍ എംബാപ്പേ പെനാല്‍റ്റിയില്‍ നിന്നും ഗോള്‍ നേടിയപ്പോള്‍ നെയ്മര്‍ പാഴാക്കി. ലോകം മുഴുവന്‍ ആകാംഷയോടെ കാത്തിരുന്ന റിയാദില്‍ നടന്ന സൂപ്പര്‍താര മത്സരത്തെ ഇങ്ങിനെ നിര്‍വ്വചിക്കാം. മെസ്സിയും റൊണാള്‍ഡോയും ഒമ്പത് വര്‍ഷത്തിന് ശേഷം നേര്‍ക്കുനേര്‍ മുട്ടിയ മത്സരത്തില്‍ പിഎസ്ജി ജയം നേടിയെങ്കിലൂം റൊണാള്‍ഡോ മാറ്റ് ഒട്ടും കുറവ് വന്നിട്ടില്ലെന്ന് കാട്ടിക്കൊടുത്തു.
നാലിനെതിരേ അഞ്ചു ഗോളുകള്‍ക്കായിരുന്നു പിഎസ്ജിയുടെ വിജയം. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ മെസ്സി സ്കോര്‍ ചെയ്തു. എംബാപ്പേയില് നിന്നും നീട്ടികിട്ടിയ പന്തില്‍ ഓടിക്കയറി സിംപിള്‍ ഫ്ളിക്കിലൂടെ മെസ്സി സ്കോര്‍ ചെയ്തു. തൊട്ടുപിന്നാലെ റൊണാള്‍ഡോയുടെ ഊഴമായി. 34 ാം മിനിറ്റില്‍ പിഎസ്ജി കീപ്പര്‍ കെയ്ലര് നവാസ് ഫൗള്‍ ചെയ്തതിന് ഓള് സ്റ്റാര്‍ ഇലവണ്‍ കിട്ടിയ പെനാല്‍റ്റി റൊണാള്‍ഡോ അനായാസം ലക്ഷ്യത്തിലെത്തിച്ചു.
അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ പിഎസ്ജി യുെട യുവാന്‍ ബെര്ണറ്റിന് ചുവപ്പ് കാര്‍ഡ്. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് എതിരേ സൗദിയുടെ വിജയ ഗോള്‍ നേടിയ സലീം അല്‍ ദാവ്സാരിയെ വീഴ്ത്തിയതിനായിരുന്നു. അടുത്തഗോള്‍ പിഎസ്ജിയുടെ മാര്‍ക്വിനോസിന്റെ വകയായിരുന്നു. പിന്നാലെ തന്നെ നെയ്മറിന് പിഎസ്ജിയുടെ സ്കോറിംഗ് കൂട്ടാന്‍ അവസരം കിട്ടിയതാണ്. നെയ്മര്‍ എടുത്ത പെനാല്‍റ്റി പാഴായി. തൊട്ടുപിന്നാലെ റൊണാള്‍ഡോ തന്റെ ഗോള്‍നേട്ടം രണ്ടാക്കി. ഒന്നാം പകുതി പൂര്‍ത്തിയാകുമ്പോള്‍ 2-2 സമനിലയിലായിരുന്നു.
ഇടവേള കഴിഞ്ഞെത്തിയ ആദ്യം തന്നെ എംബാപ്പേ സ്കോര്‍ ചെയ്തു. സെര്‍ജിയോ റാമോസ് നല്കിയ പന്തിലായിരുന്നു എംബാപ്പേ ലക്ഷ്യം കണ്ടത്. എന്നാല്‍ ഹ്യൂന് സോംഗ് ജാംഗിലൂടെ അറേബ്യന്‍ ടീം തിരിച്ചടിച്ചു. പിന്നാലെ എംബാപ്പേ ഒരുക്കിക്കൊടുത്ത വഴിയില്‍ ഹ്യൂഗോ എകിടികേ പെനാല്‍റ്റിയില്‍ നിന്നും സ്കോര്‍ ചെയ്തപ്പോള്‍ ടീം സ്കോര്‍ 5-3 എന്നായി. ഒടുവിലായി ബ്രസീലിയന്‍ സ്ട്രൈക്കര്‍ ടാലിസ്ക റിയാദ് ടീമിന്റെ അവസാന ഗോള്‍ നേടി.
ലോകം മുഴുവന്‍ ശ്രദ്ധിച്ച മത്സരം കാണാനായി കിംഗ് ഫഹദ് സ്റ്റേഡിയത്തില്‍ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. 69,000 സീറ്റുകളിലായിരുന്നു കാണികള്‍ ജീവകാരുണ്യത്തിന്റെ ഭാഗമായി 2.6 ദശലക്ഷം ഡോളറിന് ടിക്കറ്റ് നേടിയ ആള്‍ക്ക് ഡ്രസ്സിംഗ് റൂമിലെത്തി താരങ്ങളെ കാണാന്‍ അവസരം കിട്ടി. അല്‍ഹിലാല്‍ അല്‍ നസര്‍ ടീമുകളിലെ താരങ്ങള്‍ നിറഞ്ഞ അറേബ്യന്‍ ഇലവണെ നയിച്ചത് റൊണാള്‍ഡോ ആയിരുന്നു. എംബാപ്പേ് പിഎസ്ജിയെയും.
സൗദിയിലെ ടീമിനൊപ്പം റൊണാള്‍ഡോയുടെ അരങ്ങേറ്റ മത്സരമായിരുന്നു. 200 ദശലക്ഷം യൂറോയ്ക്കാണ് പോര്‍ച്ചുഗീസ് സൂപ്പര്‍താരം അല്‍ നസറില്‍ എത്തിയത്. 2030 ലോകകപ്പിലേക്ക് സൗദി അറേബ്യയുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവിയിലേക്ക് കൂടി റൊണാള്‍ഡോ എത്തുമ്പോള്‍ താരത്തിന് മൊത്തമായി കിട്ടുക 400 ദശലക്ഷം യൂറോയായിരിക്കും.





