
പത്തനംതിട്ട: പീഡനക്കേസില്‍ പോലീസ് തെരഞ്ഞപ്പോള്‍ മുങ്ങി. ഒളിവില്‍ പോയ പ്രതി ഏഴു വര്‍ഷം കഴിഞ്ഞത് വ്യാജ തിരിച്ചറിയല്‍ കാര്‍ഡില്‍ അതിഥി തൊഴിലാളികള്‍ക്കൊപ്പം. കൊല്ലം കടയ്ക്കല്‍ ആയിരക്കുഴി സ്വദേശി പ്രശാന്തിനെയാണ് പോലീസ് പൊക്കിയത്. പത്തനംതിട്ടയില്‍ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി കൊല്ലത്തെത്തിച്ച് പീഡിപ്പിച്ച കേസില്‍ പ്രതിയാണ് ഇയാള്‍.
2016 മുതല്‍ പോലീസ് അന്വേഷിക്കുന്ന പ്രതിയാണ് ഇയാള്‍. 2016 ൽ പീഡനക്കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ഒളിവിൽ പോയ പ്രതി പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളികളുമായി ബന്ധം സ്ഥാപിച്ചെടുത്ത് അവര്‍ക്കൊപ്പം പശ്ചിമ ബംഗാൾ, തമിഴ്നാട്, കർണാടക, ഇടുക്കി, തൃശൂർ, അങ്കമാലി, എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയുമായിരുന്നു. എറണാകുളം, വാഴക്കുളത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങൾ പരിശോധന നടത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അരുൺ എന്ന പേരിൽ ഇവിടെ ഒളിവിൽ കഴിയുകയായിരുന്നു.
എട്ടു വര്‍ഷത്തോളമാണ് പ്രശാന്ത് പോലീസിനെ വട്ടം കറക്കിയത്. 2016 ല്‍ സഹോദരന്റെ ചികിത്സക്കായി അടൂർ താലൂക്ക് ആശുപത്രിയിൽ കഴിയുമ്പോഴാണ് പ്രതി പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. പിന്നീട് ഫോൺ മുഖേന നിരന്തര ബന്ധം തുടർന്നു പ്രതി പെണ്‍കുട്ടിയുമായി പ്രണയത്തില്‍ ആകുകയായിരുന്നു. പിന്നീട് വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി കൊല്ലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണമാരംഭിച്ചതോടെ പ്രതി മുങ്ങി.
2016 മുതൽ വിവിധ പോലീസ് സംഘങ്ങളാണ് സൈബർസെല്ലിന്റെ സഹായത്തോടെ ഇയാള്‍ക്ക് വേണ്ടി അന്വേഷണം നടത്തിയത്. പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ഇയാള്‍ തങ്ങാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ വേഷംമാറി പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇയാളുമായി നേരത്തെ ബന്ധമുണ്ടായിരുന്ന ചില സ്ത്രീകളുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തുകയുണ്ടായി.
2017ൽ എറണാകുളത്തും 2020ൽ കുന്നത്തുനാട് പോലീസ് സ്റ്റേഷൻ പരിധിയിലും കണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ പോലീസ് അടുത്തെത്തിയപ്പോഴെല്ലാം ഇയാള്‍ മുങ്ങി. കഴിഞ്ഞ വര്‍ഷം ആലുവയിൽ ഉണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊക്കിയത്. ഇതിനിടയില്‍ 10,000 ലധികം ഫോണ്‍ നമ്പറും ഫേസ്ബുക്കുമെല്ലാം പോലീസ് അരിച്ചു പെറുക്കി.






