
വടക്കാഞ്ചേരി വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. അപകടത്തിന്റെ അന്വേഷണത്തിനായി ജില്ലാ കളക്ടര്‍ ഉത്തരവ് ഇറക്കി. വടക്കാഞ്ചേരി കുണ്ടന്നൂരില്‍ വെടിക്കെട്ടു പുരയിലുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്നയാളാണ് മരിച്ചത്. കാവശേരി സ്വദേശി മണികണ്ഠനാണ് ചികിത്സയിലിരിക്കെ മരിച്ചത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ മണികണ്ഠന് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സ്ഫോടനത്തില്‍ വെടിക്കെട്ടുപുര പൂര്‍ണ്ണമായി കത്തി നശിച്ചു. മണികണ്ഠന് മാത്രമായിരുന്നു വെടിക്കെട്ടു പുരയിലുണ്ടായിരുന്നത്. അപകടത്തെ കുറിച്ചുള്ള വിശദമായ അന്വേഷണം ഉണ്ടാകും. അന്വേഷണ ചുമതല ഡപ്യൂട്ടി കളക്ടര്‍ യമുനാ ദേവിയ്ക്കാണ്.
വെടിക്കെട്ട് സാമഗ്രികള്‍ക്ക് ചൂട് കൂടിയതോടെ തീപിടുത്തമുണ്ടായതാകാമെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിനു പിന്നാലെ പത്തു കിലോമീറ്റര്‍ അകലത്തില്‍ അകലെ വരെ പ്രകമ്പനമായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു. ശ്രീനിവാസന് എന്നയാളുടെ പേരിലാണ് വെടിക്കെട്ട് പുരയുടെ ലൈസന്‍സ്.






