
ബാഗ്ദാദ്: ഇറാക്കി യൂട്യൂബര്‍ ടിബാ അല്‍ അലി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ അന്താരാഷ്ട്രവേദിയില്‍ പ്രതിഷേധം ഇരമ്പുന്നു. ടിബ 'ദുരഭിമാന'ത്തിന് ഇരയാകുകയായിരുന്നു എന്നും ഇറാഖില്‍ സ്ത്രീകള്‍ അവഗണനയ്ക്കും പീഡനത്തിനും ഇരയാകുകയാണെന്നുമാണ് ആക്ഷേപം.
ടിബയുടെ മരണം അന്താരാഷ്ട്രവേദിയില്‍ പ്രഖ്യാപിച്ചത് ഇറാക്കിന്റെ ആഭ്യന്തരമന്ത്രാലയം വക്താവ് സാദ് മാന്‍ ആണ്. ജനുവരി 31 ന് ടിബയെ പിതാവ് ചതിച്ച് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് വെളിപ്പെടുത്തല്‍. ടിബയും കുടുംബവുമായുള്ള പ്രശ്നം രമ്യമായി പരിഹരിക്കാന്‍ നേരത്തേ പോലീസ് ഇടപെട്ടിരുന്നു. എന്നാല്‍ പ്രശ്നം പരിഹരിക്കാനായില്ലെന്നും താരത്തിന്റെ മരണവാര്‍ത്ത ഞെട്ടിക്കുന്നെന്നും സാദ് പറഞ്ഞു.
വര്‍ഷങ്ങളായി ടിബയും കുടുംബവും തമ്മില്‍ വഴക്കിലായിരുന്നു. 2017 ല്‍ കുടുംബം തുര്‍ക്കിയില്‍ യാത്ര പോയതിന് പിന്നാലെയാണ് പ്രശ്നങ്ങളുടെ തുടക്കം. ടിബ തുര്‍ക്കിയില്‍ നിന്നും മടങ്ങാന്‍ കൂട്ടാക്കിയല്ല. അവിടെ താമസിക്കാന്‍ തീരുമാനം എടുത്തു. തുര്‍ക്കിയില്‍ തനിച്ച് ജീവിക്കാനുള്ള ടിബയുടെ തീരുമാനം പിതാവിന് തീരെ ഇഷ്ടമായിരുന്നില്ല. കൊലപാതകത്തിന് പിന്നാലെ നാണക്കേട് കഴുകിക്കളയാന്‍ താന്‍ തന്നെ മകളെ കൊലപ്പെടുത്തിയെന്ന് ഇയാള്‍ പോലീസിനോട് തുറന്നു പറയുകയായിരുന്നു എന്നാണ് വിവരം.
ടിബയും പിതാവും തമ്മില്‍ നടത്തിയ ഒരു സംഭാഷണത്തിന്റെ ഓഡിയോയും പുറത്തു വന്നിട്ടുണ്ട്. താന്‍ വീടു വിടാന്‍ കാരണം സഹോദരനാല്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതിനാല് ആണെന്ന് ടിബ ഓഡിയോയില്‍ തുറന്നു പറയുന്നതായി കേള്‍ക്കാമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക ഹാനാ എഡ്വാര് പറയുന്നു. അതേസമയം ഈ ഓഡിയോ ടിബയുടേതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കാമുകനുമായി ചേര്‍ന്നുള്ള തുര്‍ക്കി ജീവിതത്തിന്റെ വീഡിയോകളിലൂടെ യൂട്യുബില്‍ വലിയ ആരാധകരുള്ള താരമാണ് ടിബ. ആറു വര്‍ഷമായി സിറിയക്കാരനായ പങ്കാളിക്കൊപ്പം തുര്‍ക്കിയില്‍ ജീവിച്ചു വരികയായിരുന്നു. എന്നാല്‍ അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ ഇറാക്കി ഫുട്ബോള്‍ ടീമിനെ പിന്തുണയ്ക്കാനായി നാട്ടിലെത്തിയിരുന്നു. ഈ സമയത്ത് കുടുംബം താരത്തെ തന്ത്രപരമായി തട്ടിക്കൊണ്ടു പോകുകയായിരുന്നു.
ടിബയെ മയക്കുമരുന്ന് കൊടുത്ത് അല്‍ ഖ്വാദിസിയയിലെ വീട്ടിലേക്ക് തട്ടിക്കൊണ്ടു പോന്നു. വീട്ടിലെ തന്റെ മുറിയില്‍ ടിബ ഉറങ്ങുമ്പോള്‍ പിതാവ് തന്നെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവം ഇറാക്കിലും പുറത്തും വലിയ വിവാദമുണ്ടാക്കി. ഞായറാഴ്ച ബാഗ്ദാദില്‍ അനേകരാണ് യൂട്യബറിന്റെ കൊലപാതകത്തില്‍ പ്രതിഷേധവുമായി ഇറങ്ങിയത്. കൊല്ലപ്പെട്ട ടിബയ്ക്ക് നീതി കിട്ടണമെന്നതായിരുന്നു ഇവരുടെ ആവശ്യം. ട്വിറ്ററും ഇന്‍സ്റ്റാഗ്രാമും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലും പ്രതിഷേധം കത്തുകയാണ്.
ടിബയുടെ പിതാവിനെതിരേ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെങ്കിലും ഇയാള്‍ ചിലപ്പോള്‍ രക്ഷപ്പെട്ടേക്കാനും മതി. കുറ്റം സമ്മതിച്ചിട്ടുണ്ടെങ്കിലും ദുരഭിമാന കൊലകള്‍ക്ക് ഇറാക്ക് നിയമം അനുസരിച്ച് ശിക്ഷയുടെ കാഠിന്യം കുറവായിരിക്കും. ഇത്തരം കേസുകളിലെ കുറ്റവാളികള്‍ക്ക് വളരെ ചെറിയ തടവ് ശിക്ഷയെ കിട്ടാറുള്ളൂ. ചിലപ്പോള്‍ ജയില്‍ശിക്ഷയില്‍ നിന്നും പൂര്‍ണ്ണമായും വിട്ടയയ്ക്കാനും സാധ്യതയുണ്ട്.






