
ന്യൂഡല്ഹി: നിര്ഭയ സംഭവത്തിന്റെ നാലാം ഓര്മ്മ ദിവസം ഡല്ഹിയില് സമാന സംഭവം. ആഭ്യന്തര മന്ത്രാലയത്തിന്റെ സ്റ്റിക്കര് പതിച്ച കാറിലെത്തിയവരാണ് പെണ്കുട്ടിയെ നിര്ബന്ധിച്ച് കാറില് കയറ്റിയത്. ഡല്ഹിയില് ജോലി തേടിയെത്തിയ പെണ്കുട്ടി എയിംസിന് സമീപം ടാക്സി കാത്ത് നില്ക്കുകയായിരുന്നു. മോട്ടിബാഗില് വ്യാഴാഴ്ച രാത്രി ഒന്പതരയോടെയാണ് സംഭവം. നോയിഡ സ്വദേശിയായ 20 വയസ്സുകാരിയാണ് പീഡനത്തിനിരയായത്.
മോട്ടിബാഗ് പ്രദേശത്ത് വെച്ച് പെണ്കുട്ടിയുടെ ശബ്ദം ജനങ്ങളുടെ ശ്രദ്ധയില് പെട്ടതോടെ പ്രതികള് കാര് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. സംഭവത്തില് ഡ്രൈവര് അമന്കുമാര് എന്ന ആള് പോലീസ് പിടിയിലായി. അന്വേഷണത്തില് സിഐഎസ്എഫ് കോണ്സ്റ്റബിളിന്റെ ഉടമസ്ഥതയിലുള്ള കാറാണിതെന്ന് വ്യക്തമായിട്ടുണ്ട്.
കാറില് ഒട്ടിച്ചിരുന്ന ആഭ്യന്തരമന്ത്രാലയത്തിന്റെ സ്റ്റിക്കര് വ്യാജമാണെന്ന് പോലീസ് പറഞ്ഞു. പോലീസെത്തി പെണ്കുട്ടിയെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ഓടുന്ന ബസ്സില് ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട നിര്ഭയയുടെ ഓര്മ്മകള്ക്ക് നാലു വര്ഷം തികയുമ്പോള് നടന്ന സംഭവം ഡല്ഹിയെ വീണ്ടും ഭീതിജനകമാക്കുന്നു. ഒരു ദിവസം ആറോളം പെണ്കുട്ടികള് ഡല്ഹിയില് പീഡനത്തിനിരയാകുന്നതായാണ് റിപ്പോര്ട്ട്.







Comments