ന്യുഡല്‍ഹി: ചട്ടങ്ങളില്‍ ഭേദഗതി വരുത്തി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെഎന്‍യു). ധര്‍ണ നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 20,000 പിഴ ചുമത്താനും സംഘര്‍ഷമുണ്ടാക്കിയാല്‍ പ്രവേശനം റദ്ദാക്കുകയും 30,000 രൂപ പിഴ ഈടാക്കുകയോ ചെയ്യുമെന്ന് ചട്ടങ്ങളില്‍ പറയുന്നു. സര്‍വകലാശാല കാമ്പസുകള്‍ പ്രതിഷേധ സമരങ്ങളുടെ കേന്ദ്രമാകുന്നതോടെയാണ് 10 പേജുള്ള 'റൂള്‍സ് ഓഫ് ഡിസിപ്ലിന്‍ ആന്റ് പ്രോപര്‍ കോണ്ടാക്ട് ഓഫ് സ്റ്റുഡന്‍സ് ഓഫ് ജെഎന്‍യു' എന്ന ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നതെന്നാണ് സൂചന.
വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഓരോ വീഴ്ചകള്‍ക്കും നല്കുന്ന ശിക്ഷയെ കുറിച്ച് റൂള്‍സില്‍ വ്യക്തമായി പറയുന്നു. പുതിയ ചട്ടങ്ങള്‍ ഫെബ്രുവരി മൂന്ന് മുതല്‍ നിലവില്‍ വന്നു. സര്‍വകലാശാലയുടെ തീരുമാനങ്ങള്‍ എടുക്കുന്ന സമിതിയായ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ആണ് ചട്ടങ്ങളിലെ ഭേദഗതി അംഗീകരിച്ചിരിക്കുന്നത്. ബിബിസി ഡോക്യൂമെന്ററിയുടെ പേരില്‍ അടുത്തകാലത്ത് കാമ്പസ് വലിയ പ്രതിഷേധം നേരിട്ടിരുന്നു.
അതേസമയം, ചട്ട ഭേദഗതിക്കെതിരെ വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തെത്തി. ജെഎന്യുവിന്റേത് 'തുക്ലഗ്' നടപടിയാണെന്ന് എബിവിപി സെക്രട്ടറി വികാസ് പട്ടേല്‍ പറഞ്ഞു. പഴയ പെരുമാറ്റച്ചട്ടം ഫലപ്രദമായിരുന്നുവെന്നും പുതിയ പരിഷ്കാരങ്ങള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ചട്ട ഭേഗദതിയെ കുറിച്ച് പ്രതികരിക്കാന്‍ ജെഎന്‍യു അധികൃതര്‍ തയ്യാറായിട്ടില്ല.
വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന 17 കുറ്റകൃത്യങ്ങളെയാണ് ശിക്ഷ നടപടികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വഴിതടയല്‍, ചൂതാട്ടം, അനധികൃതമായി ഹോട്ടല്‍ മുറികള്‍ കൈയേറുക, സഭ്യേതരമല്ലാത്ത വാക്കുകള്‍ ഉപയോഗിക്കുക, വഞ്ചനാപരമായ പ്രവൃത്തികള്‍ തുടങ്ങിയവ ഇതില്‍ പെടുന്നു. വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആരോപങ്ങളുടെ പകര്‍പ്പ് മാതാപിതാക്കള്‍ക്ക് കൈമാറുമെന്നും ചട്ടങ്ങളില്‍ പറയുന്നു.
അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്ന കേസുകള്‍ യൂണിവേഴ്സിറ്റിയുടെ പരാതി പരിഹാര സമിതിയിലേക്ക് വിടും. ലൈംഗികാതിക്രമം, പെണ്‍കുട്ടികളെ ശല്യം ചെയ്യല്‍, റാഗിംഗ്, മതസൗഹാര്‍ദ്ദത്തിന് കോട്ടമുണ്ടാക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ സര്‍വകലാശാലയിലെ ചീഫ് പ്രൊക്ടറുടെ ഓഫീസ് കൈകാര്യം ചെയ്യുമെന്നൂം ചട്ടങ്ങളില്‍ പറയുന്നു.






