
ഇന്‍ഡോര്‍: ബോര്‍ഡര്‍ - ഗവാസ്കര്‍ ട്രോഫിയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ ഒമ്പത് വിക്കറ്റിന് ഓസ്ട്രേലിയ തോല്‍പ്പിച്ചു. രണ്ടാം ഇന്നിംഗ്സില്ഒ ഓപ്പണര്‍ ഉസ്മാന് ഖ്വാജയെ മാത്രം നഷ്ടപ്പെടുത്തി ഓസ്ട്രേലിയ വിജയം പിടിച്ചു. ജയിക്കാന്‍ 76 റണ്‍സ് മാത്രം വേണമെന്നിരിക്കെ മൂന്നാം ദിവസം ബാറ്റിംഗിനിറങ്ങിയ ഓസീസ് ഉച്ചഭക്ഷണത്തിന് മുമ്പ് തന്നെ കാര്യം കഴിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 109 റണ്‍സിനും രണ്ടാം ഇന്നിംഗ്സില്‍ 163 നും പുറത്തായി. ഒന്നാം ഇന്നിംഗ്സില്‍ 197 റണ്‍സ് എടുത്ത ഓസീസിന് രണ്ടാം ഇന്നിംഗ്സില്‍ ലക്ഷ്യം വെറും 76 റണ്‍സായിരുന്നു. 49 റണ്‍സ് എടുത്ത ട്രാവിസ് ഹെഡ്ഡും 28 റണ്‍സ് എടുത്ത മാര്‍നസ് ലാബുഷാനേയും ചേര്‍ന്ന് കടപൂട്ടി. കളി തുടങ്ങിയപ്പോള്‍ തന്നെ ഖ്വാജയെ പൂജ്യത്തിന് പുറത്താക്കി അശ്വിന് നല്ല തുടക്കം നല്‍കിയെങ്കിലും പൊരുതാനുള്ള സ്കോര്‍ ഇന്ത്യയ്ക്ക് ഉണ്ടായിരുന്നില്ല.
രണ്ട് ഇന്നിംഗ്സുകളിലുമായി 11 വിക്കറ്റ് വീഴ്ത്തിയ ഓസീസ് താരം നതാന്‍ ലിയോണാണ് കളിയിലെ താരമായത്. ലിയോണ്‍ ഇന്ത്യക്കെതിരേ 113 ടെസ്റ്റ് വിക്കറ്റുകള്‍ കുറിച്ചു. ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെന്ന നേട്ടവും ലിയോണ്‍ കുറിച്ചു. ഇന്ത്യന്‍ മുന്‍ നായകന് അനില്‍ കുംബ്ലെയുടെ 111 വിക്കറ്റുകളെയാണു ലിയോണ്‍ മറികടന്നത്. ഇന്ത്യയില്‍ ഇതുവരെ അഞ്ചു തവണയാണു ലിയോണ്‍ അഞ്ച് വിക്കറ്റ് നേട്ടം കുറിച്ചത്. റിച്ചി ബെയ്നോഡിന്റെ റെക്കോഡിനൊപ്പമെത്താന്‍ ലിയോണിനായി. ഇന്ത്യയില്‍ 53 ടെസ്റ്റ് വിക്കറ്റുകളെന്ന നേട്ടവും ലിയോണ്‍ ഇന്നലെ കുറിച്ചു. ഡെറക് അണ്ടര്‍വുഡിന്റെ 54 വിക്കറ്റുകളെന്ന നേട്ടം മറികടക്കുകയാണു ലക്ഷ്യം.
ആദ്യ ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലിയോണ്‍ രണ്ടാം ഇന്നിംഗ്സില്‍ എട്ടു വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഇന്ത്യയുടെ അന്തകനായത്. ഒന്നാം ഇന്നിങ്സില്‍ ബാറ്റിങില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ തിരിച്ചുവരുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ ആദ്യ ഇന്നിംഗ്സില്‍ 88 റണ്ണിന്റെ ലീഡ് വഴങ്ങി വീണ്ടും ഇറങ്ങിയ ഇന്ത്യ 163 ന് ഓള്‍ഔട്ടാകുകയായിരുന്നു. ഇതോടെ നാല് ടെസ്റ്റുകളുടെ പരമ്പര 2-1 എന്ന നിലയിലാക്കാന്‍ ഓസീസിനായി. അവസാന ടെസ്റ്റ് മത്സരം നിര്‍ണ്ണായകവുമായി.
ഇന്‍ഡോറില്‍ ഓസീസ് സ്പിന്നര്‍മാര്‍ ആകെ 18 വിക്കറ്റുകളെടുത്തു. ഇന്‍ഡോറില്‍ ചേതേശ്വര്‍ പൂജാരയും ശ്രേയസ് അയ്യരും അഞ്ചാം വിക്കറ്റില്‍ നേടിയ 35 റണ്ണായിരുന്നു ഇന്ത്യയുടെ രണ്ട് ഇന്നിംഗ്സുകളിലെയും ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്.






