
വര്‍ക്കല: വര്‍ക്കലയില്‍ ലൈംഗിക പരാതി പറയാന്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ വീട്ടമ്മയെ പോലീസ് ഇറക്കി വിട്ടതായ് ആരോപണം . രാത്രി പരാതി പറയാന്‍ എത്തിയപ്പോള്‍ പരാതി കേള്‍ക്കുന്നതിന് പകരം കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്നത് പരിഹസിച്ചെന്നും വീട്ടമ്മ പറയുന്നു.
മകന്റെ പ്രായമുള്ള സമീപവാസി ഫെബ്രുവരി 28ന് രാത്രി ലൈംഗികമായി അധിക്ഷേപിച്ചുവെന്നാണ് വീട്ടമ്മയുടെ പരാതി . ഉടനേ ആ രാത്രിയില്‍ തന്നെ സഹോദരിയേയും കൂട്ടി വീട്ടമ്മ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. എന്നാല്‍ ആ സമയത്ത് പൊലീസ് സ്റ്റേഷനില്‍ വനിതാ പൊലീസ് ഉണ്ടായിരുന്നില്ല. എന്നാല്‍ സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും 'ഇറങ്ങ് ഇറങ്ങ്' എന്നായിരുന്നു പോലീസ് പറഞ്ഞത് . പറയുന്നത് കേള്‍ക്കാന്‍ പോലും ആരും കൂട്ടാക്കിയില്ല. കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്നതിന് കളിയാക്കുകയും ചെയ്തുവെന്നും അവര്‍ പറഞ്ഞു.
അതിക്രമം കാട്ടി ദേഹത്തു മുറിവേല്‍പ്പിച്ച ആളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കാന്‍ കൂട്ടാക്കിയില്ലെന്നും പരാതിയില്‍ പറയുന്നു. ആയ്യാളെ പിടികൂടി കൊണ്ട് വരാന്‍ പരാതിക്കാരിയോട് പറഞ്ഞു. പ്രതിയെ ആശുപത്രിയിലെത്തിക്കാന്‍ പരാതിക്കാരിയോട് പൊലീസ് നിര്‍ദ്ദേശിച്ചു. ആശുപത്രിയിലെത്തിച്ചിട്ടും പൊലീസ് തിരിഞ്ഞു നോക്കിയില്ലെന്നും പുലര്‍ച്ചെ തിരിച്ചു സ്റ്റേഷനിലെത്തിയ വീട്ടമ്മയെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരന് പരിഹസിച്ചുവെന്നും വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് വീട്ടമ്മ വര്‍ക്കല ഡിവൈഎസ്പിക്ക് പരാതി നല്കി. വീട്ടമ്മയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചെന്ന് ഡിവൈഎസ്പി അറിയിച്ചു. മുഖ്യമന്ത്രിക്കും, പൊലീസ് മേധാവിക്കും പരാതി നല്‍കുമെന്നും വീട്ടമ്മ പറഞ്ഞു.






