
കഴിഞ്ഞ സെപ്തംബറിലായിരുന്നു 27 കാരി കളിത്തോക്ക് ചൂണ്ടി ബെയ്റൂട്ടിലെ ഒരു ബാങ്ക് കൊള്ളയടിച്ചത്. പക്ഷേ ഇവര്‍ കൊണ്ടുപോയത് ബാങ്കിലെ മറ്റുള്ളവരുടെ പണമായിരുന്നില്ല. ആപത്ത് കാലത്ത് ഉപയോഗിക്കാനായി ഈ ബാങ്കില്‍ നിക്ഷേപിച്ച സ്വന്തം അക്കൗണ്ടിലെ പണമായിരുന്നു. ബാങ്ക് റോബറി അടുത്തകാലത്ത് ലെബനോനിലെ പതിവ് കാഴ്ചയാണെങ്കിലൂം പലരും എടുത്തുകൊണ്ടുപോകുന്നത് സ്വന്തം പണമാണ്.
കടുത്ത സാമ്പത്തീക പ്രതിസന്ധിയെ തുടര്‍ന്ന് വലിയ പ്രശ്നത്തിലാണ് ലെബനോന്. ഡോളറിനെതിരേ ലെബനോനിലെ കറന്‍സിയുടെ മൂല്യം കുറയുന്നതും തൊഴിലില്ലായ്മ കൂടുന്നതും ബാങ്കുകളിലെ പണം ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുന്നതും ദാരിദ്ര്യം കൂടുന്നതുമെല്ലാമാണ് സ്വന്തം പണം കൊള്ളയടിക്കുന്നതിലേക്ക് നാട്ടുകാരെ നയിക്കുന്നത്.
2019 മുതല്‍ ലെബനോനില്‍ സാമ്പത്തീക പ്രതിസന്ധി രൂക്ഷമായി മാറിയതായിട്ടാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. രാജ്യത്തെ മൂന്നിലൊന്ന് പേരും ദാരിദ്രത്തിലേക്ക് നീങ്ങുകയും ചെയ്തതോടെയാണ് ബാങ്ക് കവര്‍ച്ചയിലേക്ക് ആള്ക്കാര് തിരിഞ്ഞത്. പക്ഷേ ഇവര്‍ മറ്റുള്ള ആരുടേയും പണം മോഷ്ടിക്കുന്നില്ല. സ്വന്തം പണം തന്നെയാണ് എടുത്തുകൊണ്ടുപോകുന്നത്.
2019 ല്‍ സാമ്പത്തീക പ്രതിസന്ധി തുടങ്ങിയ ശേഷം മൂന്ന് ദശലക്ഷം പേരാണ് ദാരിദ്രരേഖയ്ക്ക് താഴെയായത്. ഇത് രാജ്യത്തെ ജനസംഖ്യയുടെ 80 ശതമാനത്തോളം വരും. തൊഴിലില്ലായ്മയും ദാരിദ്ര്യവും പെരുകിയതോടെ ബാങ്കുകളുടെ നിക്ഷേപ അക്കൗണ്ടുകളും കാലിയായി. തുടര്‍ന്ന് ബാങ്കുകള്‍ നിക്ഷേപങ്ങളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ തുടങ്ങി. ഇത് ദശലക്ഷക്കണക്കിന് കസ്റ്റമേഴ്സിനെയാണ് ദുരിതത്തിലാക്കിയത്.
പണത്തിന്റെ മൂല്യം കുറഞ്ഞതോടെ പിന്‍വലിക്കലില്‍ ബാങ്കുകള്‍ വിപണിമൂല്യം താഴ്ത്തി. ഇതോടെ എടുക്കാന്‍ വരുന്നവര്‍ക്ക് കിട്ടുന്ന പണം കുറഞ്ഞു. സ്വന്തം അക്കൗണ്ടില്‍ നിന്നും 700 ഡോളര്‍ പിന്‍വലിക്കാന്‍ എത്തിയവര്‍ക്ക് 200 ഡോളറായിരിക്കും കിട്ടുക എന്ന നില വന്നു. തുടര്‍ന്നായിരുന്നു ജനങ്ങള്‍ സ്വന്തം പണം തന്നെ രക്ഷിക്കാന്‍ ബാങ്ക് കവര്‍ച്ചയിലേക്ക് തിരിഞ്ഞത്.
2020 ജനുവരിയിലായിരുന്നും ഇത്തരം മോഷണം ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കിഴക്കന്‍ ലബനനില്‍ ബാങ്കില്‍ ഉണ്ടായിരുന്ന 12 ലധികം പേരെ ബന്ദികളാക്കി ഇയാള്‍ സ്വന്തം പണം ആവശ്യപ്പെട്ടു. മറ്റൊരു കേസ് 2022 ആഗസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്തു. ജീവനക്കാരേയും ഇടപാടുകാരേയും ബന്ദികളാക്കി ബെയ്റൂട്ടിലെ ബാങ്കിലായിരുന്നു. തന്റെ പിതാവിന്റെ ചികിത്സയ്ക്കായി രണ്ടു ലക്ഷം ഡോളര്‍ വേണമെന്നും തനിക്ക് ഈ പണം പിന്‍വലിക്കാനാകുന്നില്ല എന്നായിരുന്നു പരാതി.
പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ലെബനോനിലെ പര്‍വതനഗരമായ സിറ്റി ഓഫ് ആലിയിലെ ബാങ്ക്മെഡിന്റെ ബ്രാഞ്ചില്‍ കയറിയ ഒരു തോക്കുധാരി തന്റെ പണം പിന്‍വലിക്കാന്‍ ശ്രമിച്ചു. അതേ ദിവസം തന്നെ ബ്ളോം ബാങ്കിന്റെ ബെയ്റൂട്ട് ബ്രാഞ്ചില്‍ പ്രവേശിച്ച് സാലി ഹഫീസ് എന്ന സ്ത്രീ കളിത്തോക്ക് കാട്ടി സ്വന്തം അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചു. കാന്‍സര്‍ബാധിതയായ സഹോദരിയുടെ ചികിത്സയ്ക്കായുള്ള പണത്തിന് വേണ്ടിയായിരുന്നു ഈ കൊള്ള.
ബാങ്കിനുള്ളില്‍ ഗ്യാസോലിന്‍ ഒഴുക്കിയ യുവതി തനിക്ക് പണം തന്നില്ലെങ്കില്‍ എല്ലാവരേയും കത്തിക്കുമെന്ന് പറഞ്ഞു. തന്റെ 20,000 ഡോളര്‍ നിക്ഷേപത്തില്‍ നിന്നും 13,000 ഡോളര്‍ യുവതിക്ക് കിട്ടി. സ്വന്തം പണം ഉപയോഗിക്കാന്‍ കിട്ടാതെ വലയുന്ന നാട്ടുകാര്‍ക്ക് അവരുടെ പണം തന്നെ കൊള്ളയടിക്കാന്‍ ഇപ്പോള്‍ പോലീസും തുണ നില്ക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്.
അതിനിടയില്‍ ലെബനോനിലെ സാമ്പത്തീകസ്ഥിതി തീരെ മോശമാകുകയാണ്. ഡോളറിന് 87,000 ലെബനീസ് പൗണ്ട് എന്ന നിലയിലേക്ക് പണത്തിന്റെ മൂല്യം കൂപ്പുകുത്തി. ഫണ്ടുകളുടെ ദുരുപയോഗം, അഴിമതി, ലെബനോനിലെ ധനസ്ഥാപനങ്ങളുടെ മൂലധന നിയന്ത്രണം എന്നിവയെല്ലാം കാരണം സേവിംഗ്സ് ബാങ്കുകളിലെ തങ്ങളുടെ അക്കൗണ്ടുകള്‍ ആള്‍ക്കാര്‍ക്ക് എടുക്കാന്‍ കഴിയാതെ വരികയാണ്. ലിറ എന്ന് വിളിക്കപ്പെടുന്ന ലെബനീസ് പൗണ്ടിറെ മൂല്യം 90 ശതമാനമാണ് ഇടിഞ്ഞത്. അനേകം ബാങ്കുകളും നാട്ടുകാര്‍ കത്തിച്ചിരുന്നു.






