
റിയാദ്: ലോകഫുട്ബോളിലെ സൂപ്പര്‍താരങ്ങളാണെങ്കിലും മെസ്സിയേയും ക്രിസ്ത്യാനോ റൊണാള്‍ഡോയേയും ദൗര്‍ഭാഗ്യം വിടാതെ പിടികൂടുകയാണ്. യുവേഫാ ചാംപ്യന്‍സ് ലീഗില്‍ മെസ്സിയുടെ പി.എസ്.ജി. പുറത്തായത് കഴിഞ്ഞ ദിവസമാണ്. തൊട്ടുപിന്നാലെ ഗോളടിക്കാനാകാതെ റൊണാള്‍ഡോയും. സൗദി പ്രോലീഗില്‍ ക്രിസ്ത്യാനോയുടെ അല്‍ നസര്‍ തോറ്റു പോയിന്റു പട്ടികയില്‍ രണ്ടാമതായി.
സൗദി അറേബ്യന്‍ ക്ലബ്ബ് അല്‍ നസറിന് ലീഗിലെ 18 മത്സരങ്ങള്‍ക്ക് ശേഷം ആദ്യ തോല്‍വി. കിരീടത്തില്‍ അല്‍ നസറിന്റെ ഏറ്റവും വലിയ എതിരാളികളായ അല്‍ ഇത്തിഹാദിനോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് തോറ്റത്. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും ക്രിസ്ത്യാനോയ്ക്ക് ടീമിനായി സ്കോര്‍ ചെയ്യാനായില്ല. ഇതോടെ സൗദി അറേബ്യന്‍ ലീഗിലും അല്‍ നസര്‍ രണ്ടാം സ്ഥാനത്തായി.
സൗദി അറേബ്യയിലെ എല്‍ ക്ലാസ്സിക്കോ എന്നു വിശേഷിപ്പിക്കാവുന്ന മത്സരത്തില്‍ റൊണാള്‍ഡോയില്‍ ആയിരുന്നു ആള്‍ക്കാരുടെ മുഴുവന്‍ കണ്ണ്. എന്നാല്‍ കളിയില്‍ താരത്തിന് രണ്ട് അവസരം മാത്രമാണ് കിട്ടിയത്. ഇതില്‍ താരത്തിന്റെ നിലംപറ്റേയുള്ള ഒരു ഷോട്ട് അല്‍ ഇത്തിഹാദ് ഗോള്‍കീപ്പര്‍ തടയുകയും ചെയ്തു. അല്‍ ഇത്തിഹാദിന്റെ ബ്രസീലിയന്‍ സ്ട്രൈക്കര്‍ റോമാറിനോ കളി അവസാനിക്കാന്‍ 10 മിനിറ്റ് ബാക്കിയുള്ളപ്പോള്‍ നേടിയ ഗോളിലായിരുന്നു ഇത്തിഹാദിന്റെ വിജയം. മത്സരശേഷം റൊണാള്‍ഡോ സൈഡ് ലൈനിലെ വാട്ടര്‍ബോട്ടില്‍ തൊഴിച്ചു തെറുപ്പിച്ചു.
കഴിഞ്ഞ വര്‍ഷം അവസാനത്തോടെ അല്‍ നസറില്‍ എത്തിയ പോര്‍ച്ചുഗീസ് സൂപ്പര്‍താരത്തിന്റെ സൗദി പ്രോലീഗിലെ ആദ്യ തോല്‍വിയാണ് ഇത്. ഈ വിജയത്തോടെ ഇത്തിഹാദിന് അല്‍ നസറിനേക്കാള്‍ ഒരു പോയിന്റ് മുന്നിലെത്താനുമായി. കഴിഞ്ഞ പത്തു മത്സരങ്ങളായി ഒമ്പതാം വിജയം നേടിയ അല്‍ ഇത്തിഹാദ് കഴിഞ്ഞ ഏഴു മത്സരമായി ഗോള്‍ പോലും വഴങ്ങിയിട്ടില്ല.
ഒമ്പതു തവണ ചാംപ്യന്മാരായ അല്‍ നസറിന്റെ അടുത്ത മത്സരം കിംഗ്സ് കപ്പ് ക്വാര്‍ട്ടറില്‍ അഭയുടെ തട്ടകത്തിലാണ് മത്സരം. കഴിഞ്ഞ ദിവസം ലിയോണേല്‍ മെസ്സിയുടെ പി.എസ്.ജി. യുവേഫാ ചാംപ്യന്‍സ് ലീഗില്‍ ജര്‍മ്മന്‍ ക്ലബ്ബ് ബയേണ്‍ മ്യുണിക്കിനോട് തോറ്റു പുറത്തായിരുന്നു. ഏകപക്ഷീയമായ രണ്ടു ഗോളിനായിരുന്നു തോല്‍വി വഴങ്ങിയത്. ഇതോടെ ക്വാര്‍ട്ടറില്‍ തന്നെ പി.എസ്.ജി യ്ക്ക് മടങ്ങേണ്ടി വന്നിരിക്കുകയാണ്.




