
ഹൈദരാബാദ്: സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍ താലികെട്ടിന് തൊട്ടുമുമ്പ് വധു വിവാഹത്തില്‍ നിന്നും പിന്മാറി. ഹൈദാബാദിന്റെ പ്രാന്തപ്രദേശവും ഉള്നാടുമായ ഘട്കേശ്വറില് നടന്ന സംഭവത്തില്‍ സ്ത്രീധനമായി തനിക്ക് കിട്ടിയ രണ്ടുലക്ഷം പേരെന്ന് വാദിച്ചാണ് യുവതി വിവാഹത്തിന് തൊട്ടുമുമ്പ് പിന്മാറിയത്.
ഇഷ്ടപ്പെട്ട പെണ്ണിനെ കെട്ടാന്‍ വരന് വധുവിന്റെ കുടുംബത്തിന് സ്ത്രീധനം നല്കുന്ന ആചാരം പരിപാലിക്കുന്ന ഗോത്രാചാരം അനുസരിച്ചുള്ള വിവാഹമായിരുന്നു മുടങ്ങിയത്. വരന്റെ കുടുംബം വധുവിന് രണ്ടുലക്ഷം രൂപ കൊടുത്തെങ്കിലും അതുപോരെന്ന് അവസാന നിമിഷം വധു കടുത്ത നിലപാട് എടുക്കുകയായിരുന്നു.
ചൊവ്വാഴ്ച വരന്റെ വീട്ടില്‍ വെച്ചായിരുന്നു വിവാഹം നിശ്ചയിക്കപ്പെട്ടിരുന്നത്. ഭദ്രാദ്രി കോതാഗുഡത്തെ അശ്വരാവോപേട്ട് എന്ന സ്ഥലത്തു നിന്നുമാണ് വധുവും സംഘവം എത്തിയത്. അവസാനനിമിഷം വിവാഹത്തില്‍ നിന്നും വധുവിന്റെ പിന്മാറ്റം ക്ഷണിക്കപ്പെട്ട അതിഥികളെയും ബന്ധുക്കളെയുമെല്ലാം ഞെട്ടിച്ചു.
മണ്ഡപത്തിലേക്ക് വരാന്‍ വധു കൂട്ടാക്കാതിരുന്നതോടെ വരന്റെ ബന്ധുക്കള്‍ വധുവിനും കൂട്ടര്‍ക്കുമായി ഒരുക്കിയിരുന്ന ഹോട്ടലിലേക്ക് ഓടി. വിവാഹത്തില്‍ നിന്നും പിന്മാറുന്നതിന്റെ കാരണം തിരക്കിയപ്പോഴാണ് തനിക്ക് കൂടുതല്‍ സ്ത്രീധനം വേണമെന്ന് യുവതി ആവശ്യപ്പെട്ടത്. വിവാഹം മുടങ്ങിയതോടെ വരനും വീട്ടുകാരും മണ്ഡപത്തില്‍ നിന്നും ഇറങ്ങി പോലീസിന്റെ സഹായം തേടി. അതേസമയം സംഭവത്തില്‍ ആരും പരാതി നല്‍കുകയോ ആര്‍ക്കെങ്കിലും എതിരേ കേസെടുക്കുകയോ ചെയ്തിട്ടില്ല.
പോലീസിന്റെ സാന്നിദ്ധ്യത്തില്‍ ഇരുവീട്ടുകാരും പ്രശ്നം ചര്‍ച്ച ചെയ്യുകയും ഒടുവില്‍ വിവാഹം വേണ്ടെന്ന് വെച്ചതായി അറിയിക്കുകയും ചെയ്തു. കൂടുതല്‍ സ്ത്രീധനം കിട്ടിയില്ലെങ്കില്‍ മണ്ഡപത്തിലേക്ക് പോലും ഇറങ്ങില്ലെന്ന വധുവിന്റെ നിലപാട് വിവാഹത്തില്‍ താല്‍പ്പര്യമില്ലെന്ന വിലയിരുത്തലിലേക്കാണ് നയിച്ചത്. തുടര്‍ന്ന് വധുവിന്റെ കുടുംബം വരനില്‍ നിന്നും കൈപ്പറ്റിയ രണ്ടു ലക്ഷം സ്ത്രീധനത്തുക വധുവിന്റെ വീട്ടുകാര്‍ തിരിച്ചുകൊടുത്ത് എല്ലാവരും അവരവരുടെ വഴിക്ക് പോകുകയും ചെയ്തു.






