
സിനിമകളിലും ഫാന്റസി കഥകളിലുമൊക്കെയാണ് അന്യഗ്രഹ ജീവികളെകുറിച്ച് പലരും കേള്‍ക്കുകയും അവയെ കാണുകയുമൊക്കെ ചെയ്തിട്ടുള്ളത്. ഈ ജീവികള്‍ യഥാര്‍ത്ഥത്തില്‍ ഭൂമിയില്‍ വന്നിട്ടുണ്ടെന്നുള്ളതിന് യാതൊരു തെളിവും ഇല്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഫ്ളോറിഡയില്‍ ഒരാള്‍ താനൊരു അന്യഗ്രഹ ജീവയാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്.
കഴിഞ്ഞ ആഴ്ച യുഎസ്സിലെ ഫ്ളോറിഡയില്‍ ആണ് ഒരാള്‍ നഗ്നനായി തെരുവില്‍ ഇറങ്ങിയത്. എന്നാല്‍ ഇയാളെ പോലീസ് കയ്യോടെ പിടികൂടുകയും ചെയ്തു. നഗ്നനായി നടന്നതിന്റെ കാര്യം തിരക്കിയപ്പോള്‍ അയാള്‍ പറഞ്ഞത് താന്‍ മറ്റൊരു ഗ്രഹത്തില്‍ നിന്ന് വന്ന ആളാണ് എന്നാണ്.
മാര്‍ച്ച് എട്ടിനായിരുന്നു സംഭവം. രാത്രി ഏകദേശം ഒമ്പത് മണിയോടെയാണ് പോലീസിനെ തേടി ഒരു ഫോണ്‍ കോള്‍ എത്തിയത്. വഴിയിലൂടെ നഗ്നനായി ഒരാള്‍ പോകുന്നു എന്നാണ് അതില്‍ പറഞ്ഞിരുന്നത്. ഉടനെ തന്നെ പോലീസുകാരന് സ്ഥലത്തെത്തി. 44 വയസ്സുള്ള ജേസണ്‍ സ്മിത്ത് എന്നായാളാണ് നഗ്നനായി നടക്കുന്നത് എന്ന് കണ്ടെത്തി. അയാള്‍ വസ്ത്രങ്ങളൊന്നും ധരിക്കാതെയായിരുന്നു പൊതുജനങ്ങള്‍ക്ക് മുന്നിലൂടെ നടന്നു പോയിക്കൊണ്ടിരുന്നത്. സംഭവ ശേഷം ജേസണ്‍ സ്മിത്തിനെ പാം ബീച്ച് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.
ആദ്യം അയാള്‍ സ്വന്തം പേരോ മറ്റ് വിവരങ്ങളോ നല്കാന് തയ്യാറായിരുന്നില്ല. തനിക്ക് സോഷ്യല്‍ സെക്യൂരിറ്റി നമ്പറോ ഏതെങ്കിലും സ്റ്റേറ്റിന്റെ തിരിച്ചറിയല്‍ കാര്‍ഡോ ഒന്നും തന്നെ ഇല്ല എന്നായിരുന്നു ഇയാള്‍ പോലീസിനോട് പറഞ്ഞത്. ഇതിനുശേഷമാണ് താന്‍ ഒരു അന്യഗ്രഹ ജീവിയാണെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ നിരന്തരമായ ചോദ്യം ചെയ്യലിനൊടുവിലാണ് ഇയാള്‍ യഥാര്‍ത്ഥ വിവരങ്ങള്‍ പറഞ്ഞത്.






