
ഡറാഡൂണ്‍: മഞ്ഞുവീഴ്ച കനത്തതോടെ ബദരീനാഥിലും പരിസരപ്രദേശങ്ങളിലും വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ വരുത്തി പുതിയ ഭീഷണി. താമസം ബുദ്ധിമുട്ടായ സാഹചര്യത്തില്‍ ആള്ക്കാര് വീടുവിട്ടു പോയതോടെ ഭക്ഷണം തേടിയിറങ്ങിയിരിക്കുന്ന കരടികള്‍ ജനവാസമേഖലയില്‍ നാശനഷ്ടം ഉണ്ടാക്കുകയാണ്. കരടിശല്യം രൂക്ഷമായതോടെ വനംവകുപ്പിനെയും ജില്ലാഭരണകൂടത്തിനും പരാതികളുടെ പ്രവാഹമാണ്.
തണുപ്പ് അതിശക്തമായ ഫെബ്രുവരിയില്‍ ഭക്ഷണം തേടിയിറങ്ങിയ കരടികള്‍ അനേകം വസ്തുവകകളിലാണ് നാശനഷ്ടം വരുത്തിയത്. മഞ്ഞും തണുപ്പും കനത്തതോടെ ബദരീനാഥിലെ ക്ഷേത്രങ്ങളും മറ്റും അടച്ചിടപ്പെട്ട നിലയിലാണ്. പ്രദേശവാസികള്‍ വീടും മറ്റും അടച്ചിട്ട ശേഷം തണുപ്പ് കുറഞ്ഞ പ്രദേശങ്ങളിലേക്ക് താല്‍ക്കാലികമായി മാറിയിട്ടുണ്ട്.
ബദരീനാഥ് ധാമിലെ നീതി താഴ്വാരത്തെ മാനാഗ്രാമത്തില്‍ ഇപ്പോള്‍ കരടിഭീഷണി ശക്തമായിരിക്കുകയാണെന്ന് വസ്തു ഉടമകള്‍ പറയുന്നു. പ്രശ്നം പരിഹരിക്കാന്‍ വനംവകുപ്പിനും ജില്ലാഭരണകൂടത്തിനും അനേകം വിളികള്‍ വരുന്നതായി ദേശീയമാധ്യമങ്ങള്‍ പറയുന്നു. പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി വന്യജീവി വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കരടികളുടെ ആക്രമണം സംബന്ധിച്ച പ്രശ്നം 2021 ലും ഉണ്ടായിട്ടുണ്ട്. അന്ന് കരടികളുടെ നീക്കം മനസ്സിലാക്കുന്നതിന് ജിപിഎസ് റോഡിയോ കോളര്‍ സംവിധാനം വനംവകുപ്പ് നടപ്പിലാക്കിയിരുന്നു. ബദരീനാഥിലെ കടുവകളുടെ എണ്ണം 500 എങ്കിലും വരുമെന്നാണ് വനംവകുപ്പിന്റെ കണക്ക്. കുറേക്കാലമായി മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘട്ടനത്തിന്റെ റിപ്പോര്‍ട്ടുകള്‍ കുറവായിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നും പുതിയ സംസ്ഥാനം രൂപീകരിച്ച ശേഷം 20 വര്‍ഷത്തിനിടയില്‍ 1600 കരടി ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
2020 ല്‍ ചമേലിയില്‍ നടന്ന സംഭവത്തില്‍ ഇരതേടിയിറങ്ങിയ ഒരു കരടി 47 കാരിയെ കൊലപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഭര്‍ത്താവിനൊപ്പം കന്നുകാലികളെ മേയ്ക്കാനിറങ്ങിയ മഹേഷിദേവി എന്ന സ്ത്രീയാണ് കരടിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് അടുത്തുള്ള ഒരു മരത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു. സാധാരണഗതിയില്‍ ഹിമാലയന്‍ കറുത്ത കരടികളെ കാണപ്പെടുന്നത് 10,000 മുതല്‍ 12,000 അടി വരെ ഉയരത്തിലാണ്. എന്നാല്‍ മഞ്ഞു കനക്കുമ്പോള്‍ ഇവ ഇരതേടി 5000-6000 അടി താഴ്ചയിലേക്ക് ഇറങ്ങിവരാറുണ്ട്.






