
കോട്ടയം: ഇന്ത്യയില്‍ സാധാരണക്കാരായ അനേകം പേര്‍ക്ക് കിട്ടാത്ത വമ്പന്‍ ഭാഗ്യമാണ് എരുമേലി തുമരംപാറയില്‍ നിന്നുള്ള ഗോത്രയുവാവ് അനീഷിനെ തേടി വന്നിരിക്കുന്നത്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തുന്ന ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മ്മുവിനെ കാണാന്‍ തെരഞ്ഞെടുക്കപ്പെട്ട ഗോത്രസമുദായക്കാരായ 400 പേരിലെ ഒരാളാണ് 30 കാരനായ അനീഷ്.
മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ പിഎച്ച്ഡി ചെയ്യുന്ന അനീഷിന് ഗോത്രസമുദായത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയുമായി നടത്തുന്ന കൂടിക്കാഴ്ച വലിയൊരു ബഹുമതി കൂടിയാണ്. അനീഷിന് ഈ അവസരം കിട്ടിയത് എല്ലാ പ്രതിസന്ധികളെയും മറികടന്ന് വിദ്യാഭ്യാസം തുടരാനുള്ള തീരുമാനത്തിലൂടെയാണ്. പിഎച്ച്ഡി വരെ എത്താനായത് സന്തോഷം പകരുന്ന കാര്യമാണെന്നും എന്നാല്‍ തന്നെപ്പോലെ ഒരു സാധാരണക്കാരന് പ്രസിഡന്റിനെ കാണാന്‍ അവസരം കിട്ടുന്നു എന്നത് കൂടുതല്‍ സന്തോഷം നല്കുന്ന കാര്യമാണെന്നും അനീഷ് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ഉള്ളാടര്‍ സമുദായത്തില്‍ നിന്നുള്ള യുവാവാണ് അനീഷ്. ഗോത്ര സമുദായത്തില്‍ നിന്നുള്ള ഒരാള്‍ക്ക് പിഎച്ച്ഡി വരെയുള്ള യാത്ര പരാജയങ്ങളും ആശങ്കകളും വെല്ലുവിളികളും നിറഞ്ഞതാണെന്ന് അനീഷ് കരുതുന്നു. അക്കാദമിക് കരിയറില്‍ ഉടനീളം പലതരം ദുരിതങ്ങള്‍ നേരിടേണ്ടി വന്നിരുന്നതായി അദ്ദേഹം പറയുന്നു. ഒരിക്കലും അവസാനിക്കാത്ത ദുരിതങ്ങളും പ്രശ്നങ്ങളും പ്രതിസന്ധികളും പഠനത്തെ തടസ്സപ്പെടുത്തിയപ്പോഴാണ് തനിക്ക് വിദ്യാഭ്യാസത്തിന്റെ യഥാര്‍ത്ഥ മൂല്യം മനസ്സിലായതെന്നും അനീഷ് പറയുന്നു.
പ്ലസ് ടൂ തോറ്റപ്പോള്‍ ആദ്യം പഠനം നിര്‍ത്താന്‍ സമ്മര്‍ദ്ദം ഉണ്ടായി. കുടുംബം പോറ്റാന്‍ ശബരിമലയ്ക്ക് സമീപത്തെ തുമരംപാറയിലെ പ്ലാന്റേഷനില്‍ റബ്ബര്‍ ടാപ്പിംഗിന് പോയി. ഇവിടെ ജോലി ചെയ്യുമ്പോഴാണ് വിദ്യാഭ്യാസത്തിന്റെ മൂല്യം വ്യക്തമായി മനസ്സിലാക്കിയത്. 11 മണിയാകുമ്പോള്‍ പണി തീരും. ബാക്കി സമയം പ്ലസ് ടൂ പരീക്ഷയ്ക്കായി കഠിനാദ്ധ്വാനം ചെയ്തു. എന്നിരുന്നാലും മൂന്ന് വര്‍ഷത്തിന് ശേഷമാണ് പ്ലസ്ടൂ ജയിക്കാനായത്. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി എസ്.ഡി. കോളേജില്‍ ബിഎസ്സി ഫിസിക്സിന് ചേര്‍ന്നു.
ചെറുപ്പത്തില്‍ മാര്‍ഗ്ഗനിര്‍ദേശം നല്കാന് ആരുമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഓട്ടോറിക്ഷാ ഡ്രൈവറാകുക എന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം. എന്നാല്‍ ഇപ്പോള്‍ കോളേജ് പ്രൊഫസറാകുകയാണ് പ്രധാന ലക്ഷ്യം. മനസ്സ് അത്തരത്തിലേക്ക് മാറ്റിത്തന്നത് വിദ്യാഭ്യാസമാണെന്ന് അനീഷ് പറയുന്നു.
പഠിക്കുന്ന കാലത്ത് കുടുംബത്തെ പോറ്റാന്‍ പാര്‍ടൈം ജോലികളും അനീഷ് ചെയ്തിരുന്നു. ബിരുദം നേടിയ ശേഷം എംജി സര്‍വകലാശാലയില്‍ എംഎസ്സി ഫിസിക്സിന് ചേര്‍ന്നു. എന്നാല്‍ പലതരം പ്രതിസന്ധികള്‍ മൂലം അവിടെയും വിദ്യാഭ്യാസം തടസ്സപ്പെട്ടതോടെ അതുവിട്ട് എംജി സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ എംഎ മലയാളത്തിന് ചേര്‍ന്നു. പിന്നീട് എംഫില്‍ കോഴ്സിനും. ഇപ്പോള്‍ പിഎച്ച്ഡിയ്ക്ക് പിന്നാലെയാണ് അനീഷ്. സ്വന്തം സമുദായമായ ഉള്ളാടരുടെ സംസ്ക്കാരവും ജീവിതവുമാണ് വിഷയം.
സര്‍വകലാശാലയിലെ അനേകം കലാപ്രവര്‍ത്തനങ്ങളിലും സജീവമാണ് അനീഷ്. ഇതിനകം 10 ലധികം നാടകങ്ങളില്‍ വേഷമിട്ടുകഴിഞ്ഞു. കൂടിക്കാഴ്ചയില്‍ തന്റെ സമുദായത്തിന്റെ പിന്നോക്കാവസ്ഥയിലേക്ക് പ്രസിഡന്റിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് അനീഷ് ആഗ്രഹിക്കുന്നത്. ഗോത്ര പ്രതിനിധി എന്ന നിലയില്‍ ചെറുപ്പകാലത്ത് താന്‍ അനേകം പ്രതിസന്ധികള്‍ നേരിട്ടിരുന്നു. കേരളത്തില്‍ 50,000 പേര് മാത്രമുള്ള ഉള്ളാടര്‍ സമുദായത്തില്‍ നിന്നും വിദ്യാഭ്യാസപരമായി ആള്ക്കാര് ഉയര്‍ന്നുവരിക ഏറെ ദുഷ്ക്കരമാണെന്നും ഇതു മാറാന്‍ തങ്ങള്‍ക്ക് വേണ്ടിയുള്ള പ്രത്യേകം പദ്ധതികളും വേണമെന്ന് അനീഷ് പറയുന്നു.






