
ദോഹ: തുടര്‍ച്ചയായി രണ്ടാം തവണയും ഫൈനലില്‍ കടന്ന ഇന്ത്യ നേടുമോ അതോ കുറേക്കാലമായി മികച്ച ഫോമിലുള്ള ഓസീസ് നേടുമോ? ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ഇംഗ്ളണ്ടില്‍ നടക്കാനിരിക്കെ ജേതാക്കളെ ഇപ്പോഴേ പ്രവചിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഓസ്ട്രേലിയന്‍ മുന്‍ നായകന്.
ഇന്ത്യയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പരമ്പരയിലെ നാലു ടെസ്റ്റ് മാച്ചുകളുള്ള പരമ്പര ഇന്ത്യ 2-1 ന് ജയിച്ചുകയറിയിരുന്നു. അവസാന ടെസ്റ്റ് മത്സരം സമനിലയിലാകുകയും ചെയ്തിരുന്നു. ഇതിനൊപ്പം ന്യൂസിലന്റില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ശ്രീലങ്കയെ ന്യൂസിലന്റ് തോല്‍പ്പിച്ചതാണ് ഇന്ത്യയ്ക്ക് കലാശപ്പോരിന് അര്‍ഹത നേടിക്കൊടുത്തത്.
കഴിഞ്ഞ തവണയും ഫൈനലില്‍ കടന്നെങ്കിലും ഇന്ത്യ ന്യൂസിലന്റിനോട് പരാജയപ്പെടുകയായിരുന്നു. എന്നാല്‍ ഇത്തവണ കപ്പ് ഇന്ത്യയ്ക്ക് തന്നെയെന്നാണ് ആരോണ്‍ ഫിഞ്ച് പറയുന്നത്. അതിന് കാരണവും ഫിഞ്ച് നിരത്തുന്നുണ്ട്. ഇന്ത്യയുടെ ബൗളിംഗ് നിര ലോകോത്തരമാണെന്ന വിലയിരുത്തലാണ് നടത്തുന്നത്. ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിനിടെ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കി അഭിമുഖത്തിലാണ് ഫിഞ്ചിന്റെ മറുപടി.
ഷമി, ഉമേഷ്, സിറാജ് എന്നിവരടങ്ങിയ പേസ് നിര ലോകോത്തരമാണ്. ഇവരില്‍ പന്ത് സ്വിംഗ് ചെയ്യാന്‍ കഴിയുള്ള സിറാജ് ഇംഗ്ലണ്ടിലെ പിച്ചില്‍ ഇന്ത്യക്ക് ഗുണകരമാകുമെന്നും പറഞ്ഞു. ഈ ഗ്രൂപ്പിലേക്ക് ഹര്‍ദിക് പാണ്ഡ്യ കൂടി ചേരുന്നതോടെ ഇന്ത്യന്‍ ബൗളിംഗ് വിഭാഗം അതിശക്തമാകും. ഹാര്‍ദ്ദിക് പാണ്ഡ്യ കളിച്ചാലും ഇല്ലെങ്കിലും ഓസീസിനെ വീഴ്ത്താന്‍ ഇന്ത്യക്ക് ലോകോത്തര പേസ് നിരയുണ്ടെന്നും ഫിഞ്ച് പറഞ്ഞു.
ജൂണില്‍ ഇംഗ്ലണ്ടിലെ ഓവലില്‍ ഇന്ത്യയും ഓസ്ട്രേലിയയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ഇന്ത്യ ഇംഗ്ലണ്ടില്‍ വെച്ച് അവരെ തോല്‍പ്പിച്ചിട്ടുണ്ട് എന്നത് കൂടി ഫിഞ്ച് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ ഒരു സ്പിന്നറെയോ രണ്ട് സ്പിന്നറെയെ കളിപ്പിച്ചാലും ഇന്ത്യന്‍ ടീം സുശക്തമാണെന്നും ഫിഞ്ച് പറഞ്ഞു.




