
ഒരിടവേളയ്ക്ക് ശേഷം സിനിമാ സെറ്റിലെത്തിയ രാം ചരണിന് നാട്ടു നാട്ടു പാട്ടിന്റെ ചുവടുകളോടെ സ്വീകരണമൊരുക്കി അണിയറപ്രവര്‍ത്തകര്‍. മികച്ച ഒറിജിനല്‍ സംഗീത വിഭാഗത്തില്‍ ആര്‍ആര്‍ആറിലെ നാട്ടു നാട്ടു ഗാനം പുരസ്കാരം നേടിയിരുന്നു. ഓസ്കര് ചടങ്ങില്‍ പങ്കെടുത്തശേഷം വെളളിയാഴ്ചയാണ് രാംചരണ്‍ ഇന്ത്യയിലെത്തിയത്.
താരത്തിന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലാണ് നൃത്തസംവിധായകന്‍ പ്രഭുദേവയുടെ നേതൃത്വത്തില്‍ രാംചരണിന് ഇത്തരത്തില്‍ വ്യത്യസ്തമായ സ്വീകരണമൊരുക്കിയത്. പ്രഭുദേവയ്ക്കൊപ്പം നൂറിലധികം പേര് നാട്ടു നാട്ടുവിന് ചുവടുവെച്ചു. എസ്. ശങ്കറാണ് പുതിയ ചിത്രത്തിന്റെ സംവിധായകന്. രാംചരണിന്റെ 75ാമത് ചിത്രമാണിത്. കിയാര അധ്വാനിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.
നൃത്തവീഡിയോ രാം ചരണ്‍ തന്നെയാണ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. ഷൂട്ടിങ്ങിലേക്ക് മടങ്ങിയെത്തിയതില്‍ സന്തോഷമുണ്ടെന്നും ഇത്ര മനോഹരമായ സ്വാഗതം നല്‍കിയതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും താരം വീഡിയോയ്ക്കൊപ്പം കുറിച്ചു. ഒപ്പം പ്രഭുദേവയ്ക്ക് നന്ദിയും അറിയിച്ചു.






