
ഭുവനേശ്വര്‍ :മൂന്നാം മുന്നണി രൂപീകരണത്തിന് ശക്തിപകരാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായികുമായി കൂടിക്കാഴ്ച നടത്തും. ഭുവനേശ്വറില്‍ വച്ചാണ് കൂടിക്കാഴ്ച. 2024 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ മുന്നണി പ്രധാന ചര്‍ച്ചയാക്കാനാണ് നീക്കം. മൂന്നാം മുന്നണി രൂപീകരണത്തില്‍ നവീന്‍ പട്നായികിന്റ തീരുമാനം നിര്‍ണായകമാകും. ഇന്നലെ വൈകിട്ടാണ് മമതാ ബാനര്‍ജി ഒഡീഷയില്‍ എത്തിയത്.ഇന്നലെ പുരി ജഗന്നാഥ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു.
ഇടത്-കോണ്‍ഗ്രസ് പാര്‍ട്ടികളുമായി ഒരു സഖ്യവും 2024 ലോകസഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഉണ്ടാകില്ലെന്ന് മമത ബാനര്‍ജി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. സമാന താത്പര്യമുളള രാഷ്ട്രീയ ജനകീയ മുന്നണി തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ രൂപീകരിക്കാനാണ് നീക്കം നടക്കുന്നത്. ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി കോണ്‍ഗ്രസ് എങ്ങനെ ബിജെപിയെ നേരിടുമെന്ന് മമത ചോദിച്ചു. ഇത്തരം ധാരണകളുണ്ടാക്കി ഇടതുപാര്‍ട്ടികള്‍ക്കും ബിജെപിയെ പാരജയപ്പെടുത്താനാകുമോ എന്നും മമത ആഞ്ഞടിച്ചു.






