
ദുരിതാശ്വാസനിധി കേസ് ലോകായുക്ത വിധി പറയാതെ ഫുള്‍ ബെഞ്ചിനു വിട്ടത് സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും താല്കാലിക ആശ്വാസം നല്‍കുന്നതായി. കേസില്‍ ലോകായുക്തയില്‍ ഭിന്നാഭിപ്രായം വന്നതോടെയാണ് വിധി പറയാതെ ഫുള്‍ ബെഞ്ചിനു വിട്ടത്. ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സര്‍ക്കാരിലെ 16 മന്ത്രിമാര്‍ക്കും അന്നത്തെ ചീഫ് സെക്രട്ടറിക്കും എതിരേ 2018-ല്‍ നല്കിയ ഹര്‍ജിയാണ് ലോകായുക്ത പരിഗണിച്ചത്. ദുര്‍വിനിയോഗം നടത്തിയ തുക മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തവരില്‍ നിന്ന് തിരിച്ചു പിടിക്കണമെന്നും അവരെ അയോഗ്യരാക്കണമെന്നുമായിരുന്നു ആവശ്യം.
ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് ഹാറൂണ്‍ റഷീദ് എന്നിവരാണ് കേസ് പരിഗണിച്ചത്. അന്തരിച്ച ചെങ്ങന്നൂര്‍ മുന്‍ എം.എല്‍.എ: കെ.കെ. രാമചന്ദ്രന്റെയും അന്തരിച്ച എന്‍.സി.പി. നേതാവ് ഉഴവൂര്‍ വിജയന്റെയും കുടുംബത്തിനും കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി വാഹനം അപകടത്തില്‍ പെട്ടു മരിച്ച പോലീസുകാരന്റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയില്‍ നിന്ന് പണവും മറ്റ് ആനുകൂല്യങ്ങളും വഴിവിട്ടു നല്‍കിയെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. 2022 മാര്‍ച്ച് 18-ന് വാദം പൂര്‍ത്തിയായ കേസില്‍ വിധിയുണ്ടാകാത്തതിനെ ചോദ്യം ചെയ്തു ഹര്‍ജിക്കാരനായ കേരള സര്‍വകശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്.എസ്. ശശികുമാര്‍ െഹെക്കോടതിയെ സമീപിക്കുകയായിരുന്നു. വാദം പൂര്‍ത്തിയായി ഒരു വര്‍ഷത്തിനുശേഷം ഇപ്പോള്‍ ഇത്തരത്തിലൊരു വിധിയുണ്ടായത് നിയമവൃത്തങ്ങളെ അടക്കം ആശ്ചര്യപ്പെടുത്തുന്നു. ഇങ്ങനെയൊരു വിധിക്കു വേണ്ടി ഇത്രയും നാള് കാത്തിരിക്കണമായിരുന്നോ എന്നതാണ് പ്രതികരണങ്ങളിലെ ധ്വനി.
ലോകായുക്തയ്ക്കു മുന്നിലെ കേസ് തുടക്കം മുതല്‍ സര്‍ക്കാരിനു ഭീഷണിയാണ്. ലോകായുക്തയുടെ അധികാരം കുറയ്ക്കുന്ന ബില്ല് സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കി എടുത്തിരുന്നു. വിധി മുന്നില്‍ കണ്ടാണ് ഈ നടപടിയെന്ന് ആരോപണവുമുയര്‍ന്നു. എന്നാല്‍, ഗവര്‍ണര്‍ ഇതുവരെ ഒപ്പിടാത്തതിനാല്‍ ബില്ല് നിയമമാക്കാന്‍ കഴിഞ്ഞിട്ടില്ല. ലോകായുക്തയുടെ പല്ലും നഖവും പൂര്‍ണമായും ഇല്ലാതാക്കുന്ന നിയമമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന ആക്ഷേപം ശക്തമാണ്. ലോകായുക്ത പരാമര്‍ശത്ത തുടര്‍ന്നാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കെ.ടി. ജലീലിന് മന്ത്രിസ്ഥാനം രാജി വയ്ക്കേണ്ടിവന്നത്.അത്തരമൊരു തിരിച്ചടി വീണ്ടും നേരിടാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടാവില്ല.
പണം അനുവദിക്കുന്നതില്‍ മന്ത്രിസഭയ്ക്ക് അധികാരം ഉണ്ടെന്ന വാദമാണ് സര്‍ക്കാര്‍ നടത്തിയത്. ഹര്‍ജി ലോകായുക്തയുടെ അന്വേഷണ പരിധിയില്‍ വരുമോ എന്നതിനെ ചൊല്ലി ലോകായുക്തയില്‍ അഭിപ്രായ ഭിന്നതയുണ്ട്. ഹര്‍ജിയില്‍ പറയുന്ന ആരോപണങ്ങളുടെ സത്യാവസ്ഥയെക്കുറിച്ചും അഭിപ്രായവ്യത്യാസം വന്നതോടെയാണ് ഹര്‍ജി ഫുള്‍ ബെഞ്ചിന് വിടുന്ന സാഹചര്യമുണ്ടായത്. ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് കൂടി ഉള്‍പ്പെട്ട ഫുള്‍ ബെഞ്ച് ആകും കേസില്‍ വീണ്ടും വിശദമായി വാദം കേള്‍ക്കുക. പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ അടക്കം ലോകായുക്ത കേസുകള്‍ ഫുള്‍ ബെഞ്ചിന് വിടുന്ന സാഹചര്യം നേരത്തെയും ഉണ്ടായിട്ടുണ്ട്.
വിധിക്കു പിന്നാലെ ലാവ്ലിന് കേസ് നീട്ടിക്കൊണ്ടു പോകുന്നതുപോലെ ഈ കേസും നീട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടക്കുന്നതായി ഹര്‍ജി നല്കിയ ശശികുമാര്‍ ആരോപിച്ചു. എന്തോ ചില സമ്മര്‍ദങ്ങള്‍ കോടതിയിലും ഉണ്ടാകുന്നതായുള്ള ഗുരുതര ആരോപണമാണ് അദ്ദേഹം നടത്തിയത്. ജഡ്ജിമാരെ ഭീഷണിപ്പെടുത്തി സമ്മര്‍ദത്തില്‍ ആക്കുന്ന നയം നിലവിലുണ്ടെന്നും ശശികുമാര്‍ ആരോപിച്ചു. സമ്മര്‍ദം നടത്തി കേസ് നീട്ടാനുള്ള ശ്രമത്തിനെതിരേ സുപ്രീംകോടതി വരെ പോകാന്‍ തയാറാണെന്ന് ശശികുമാര്‍ പറഞ്ഞു.
വിധി സര്‍ക്കാരിന് ആശ്വാസകരമാകുമെങ്കിലും സ്വജനപക്ഷപാതം ആരോപിക്കപ്പെടുന്ന കേസില്‍ വിധി നീണ്ടുപോകുന്നത് ആശങ്കപ്പെടുത്തുന്നതാണ്. നാടിനെ അഴിമതിയില്‍ നിന്ന് സംരക്ഷിക്കേണ്ട സംവിധാനങ്ങള്‍ കൂടുതല്‍ ദുര്‍ബലപ്പെടുന്നതിന്റെ ലക്ഷണമായി ഇത്തരം കേസുകള്‍ നീണ്ടുപോകുന്നതിനെ ജനം കാണുന്നു. കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം വിതരണം ചെയ്യപ്പെടേണ്ട ഒന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള പണം. ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള തട്ടിപ്പിന്റെ മറ്റു പല കേസുകളും നിലവിലുണ്ട്. ഇത്തരം കേസുകളില്‍ സമൂഹത്തിന് ദിശാബോധം നല്കുന്ന വിധി ഉണ്ടായാല്‍ മാത്രമേ. അഴിമതി പടരുന്നത് തടയാന്‍ കഴിയൂ. നിര്‍ഭാഗ്യവശാല്‍ കേസുകള്‍ അനന്തമായി നീളുന്ന കാഴ്ച നിയസംവിധാനങ്ങളെ വിശ്വസിക്കുന്നവര്‍ക്ക് നിരാശയേകുന്നു.





