1962 സെപ്റ്റംബര്‍ 27ന് അമേരിക്കന്‍ ശാസ്ത്രജ്ഞയായ റേയ്ചല്‍ കഴ്സന്റെ നിശ്ശബദവസന്തം, (സൈലന്റ് സ്പ്രിങ്) എന്ന പരിസ്ഥിതി പുസ്തകം പുറത്തുവന്നതോടെ ലോകമാനവരാശി പ്രകൃതിസംരക്ഷണത്തിന്റെയും പരിസ്ഥിതിപരിപാലനത്തിന്റെയും ആവശ്യകത കൂടുതലായി മനസ്സിലാക്കി തുടങ്ങി. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപ്പോള്‍ തന്നെ പരിസ്ഥിതിയെ കതുതണമെന്ന ചിന്തയോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങളും നടന്നു. അമേരിക്കയില്‍ 1970ല്‍ ദേശീയ പരിസ്ഥിതി സംരക്ഷണ നിയമം വന്നു തുടര്‍ന്ന് 1973-74 കാലഘട്ടത്തില്‍ കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലും 1978-1980 വര്‍ഷത്തില്‍ ഫിലിപ്പീന്‍സിലും നല്ല പരിസ്ഥിതി സംരക്ഷണ നിയമങ്ങളുണ്ടായി. നിലവില്‍ നൂറിലധികം രാജ്യങ്ങളില്‍ നല്ല നിയമങ്ങളുണ്ട്.
ഇന്ത്യയില്‍ 1972ല്‍ ഭാരതീയ വന്യജീവി നിയമമുണ്ടായി. ഇന്ത്യയിലെ പരിസ്ഥിതി സംരക്ഷണം പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് സമ്പൂര്‍ണമായി അവകാശപ്പെട്ടതാണ്. 1972ല്‍ സ്വീഡനിലെ സ്റ്റോക്ക് ഹോം നഗരത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ നേത്യത്വത്തില്‍ ജൂണ്‍ അഞ്ചു മുതല്‍ നടന്ന സമ്മേളനത്തില്‍ വച്ചാണ് പരിസ്ഥിതിയെയും കൂടി സംരക്ഷിച്ചുകൊുള്ള വികസനം വേണമെന്ന സുസ്ഥിരവികസന കാഴ്ചപ്പാടിന് അംഗീകാരം ലഭിക്കുന്നത്. ഇന്ദിരാഗാന്ധി പൂര്‍ണമായും സമ്മേളനത്തില്‍ പങ്കെടുത്തു. അവിടെ നടത്തിയ പ്രസംഗം വളരെ പ്രസിദ്ധമാണ്. അതിനുശേഷം ഇന്ത്യയില്‍ വന്നാണ് പശ്ചിമഘട്ടവികസന പദ്ധതിയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുവേണ്ടി ഹില്‍ ഏരിയ ഡവലപ്പമെന്റ് പദ്ധതിയും ആരംഭിച്ചത്. അതിന്റെയെല്ലാം മുഖ്യവിഷയം പരിസ്ഥിതിസംരക്ഷണം കൂടിയായിരുന്നു. 1974ല്‍ വായുമലിനീകരണനിയന്ത്രണം, 1986ല്‍ പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കുംസമഗ്രമായ നിയമം രാജ്യത്തുണ്ടായി.
ലോകബാങ്ക് 1989ല്‍ പരിസ്ഥിതി ആഘാതനിര്ണയം നടത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടികാട്ടി. അതിന് മുന്‍പ് തന്നെ 1976-1977 കാലഘട്ടത്തില്‍ ഇന്ത്യയിലെ നദീതടപദ്ധതികളുടെ പരിസ്ഥിതി ആഘാതവും പഠിച്ചിരുന്നു. എന്നാല്‍, 1994 വരെ വളരെ ഗൗരവമായി ആരും കണ്ടില്ല. 1994 ജനുവരി 27 ന് കേന്ദ്രസര്‍ക്കാര്‍ 1976ലെ പരിസ്ഥിതി സംരക്ഷണനിയമം അനുസരിച്ച് രാജ്യത്ത് വിവിധ വികസന, വ്യാവസായിക പ്രോജക്ടുകള്‍ക്ക് പരിസ്ഥിതി ആഘാതനിര്ണയം നിര്‍ബന്ധമാക്കി. കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയം 2006 സെപ്റ്റംബറില്‍ നിയമം സമഗ്രമായി പരിഷ്കരിച്ചു. ഇതില്‍ അന്നത്തെ പരിസ്ഥിതിമന്ത്രി ജയറാം രമേഷിന്റെ പങ്ക് നിര്‍ണായകമാണ്. 1997 മുതല്‍ റിപ്പോര്‍ട്ടുകള്‍ക്ക് പബ്ളിക് ഹിയറിങ്ങും ബാധകമാക്കി.
പരിസ്ഥിതി ആഘാതനിര്ണയം (ഇ.ഐ.എ.)
ഏതൊരു വികസന പ്രോജക്ടും ആരംഭിക്കുന്നതിന് മുന്‍പ് പ്രസ്തുത പദ്ധതി നടപ്പിലാക്കിയാലുണ്ടാകുന്ന വിവിധ പാരിസ്ഥിതിക ആഘാതം വിലയിരുത്താനാണ് ഇത്തരം ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് പരിസ്ഥിതിയ്ക്കുണ്ടാകുന്ന മാറ്റങ്ങള്‍ വിലയിരുത്തി പ്രതികൂല ആഘാതങ്ങള്‍ പരമാവധി കുറയ്ക്കാനുള്ള നടപടികള്‍ അറിയുക, പരിസ്ഥിതി ആഘാതം കണ്ടെത്തുക. പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കുക, മലിനീകരണം കുറയ്ക്കുക, ജൈവവൈവിധ്യവും വന്യജീവികളെയും സംരക്ഷിക്കുക. പൊതുജനാരോഗ്യവും ജീവിതസുരക്ഷയും ഉറപ്പാക്കുക, സുസ്ഥിരവികസനം നടപ്പിലാക്കുക എന്നിവയൊക്കെയാണ് പ്രധാനലക്ഷ്യങ്ങള്‍. സര്‍ക്കാരിനും പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ആവാസവ്യവസ്ഥക്കും ഗുണം ലഭ്യമാക്കുവാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
നിര്ണയഘട്ടങ്ങള്
സ്ക്രീനിങ് അഥവാ പ്രാഥമിക പരിശോധനയാണ് ആദ്യഘട്ടം. അതനുസരിച്ച് പ്രസ്തുത പദ്ധതിക്ക് പഠനം ആവശ്യമാണോ എന്ന് തിരുമാനിക്കും എ വിഭാഗങ്ങളില്‍ വരുന്ന വലിയ പദ്ധതികള്‍ക്ക് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയമാണ്ക്ല ിയറന്‍സ് നല്‍കേണ്ടത്.
ബി വിഭാഗത്തില്‍ വരുന്നവര്‍ക്ക് സംസ്ഥാന പരിസ്ഥിതി ആഘാതനിര്‍ണയ സമിതിയുടെ അംഗീകാരം മതിയാകും. ബി 2 പദ്ധതികള്‍ക്ക് ആവശ്യമില്ല. അപ്പോള്‍ പഠനം ആവശ്യമുണ്ടോയെന്നും ഏതുവിഭാഗത്തില് വരുമെന്നുമാണ് ഈ ഘട്ടത്തില്‍ തീരുമാനിക്കുന്നത്.
സ്കോപ്പിങ് അഥവാ പഠനപരിധി നിശ്ചയിക്കലാണ് അടുത്ത ഘട്ടം വായു, ജലം, മണ്ണ്, ജിയോളജി, ജൈവവൈവിധ്യം, ഭൂവിനിയോഗം, കാലാവസ്ഥ, മഴ, കൃഷി, വന്യജീവി, ജനവാസം എന്നിവയൊക്കെ ചേര്‍ത്ത് ഒരു ടേംസ് ഓഫ് റഫറന്‍സ് ഉണ്ടാകും. മൂന്നാം ഘട്ടമായി നിലവിലെ സ്ഥിതിവിവരശേഖരണമാണ്. ബെയ്സ് ലൈന്‍ ഡേറ്റ കളക്ഷന്‍ എന്ന ഈ ഘട്ടത്തില്‍ സ്ഥല, ജല, ജൈവ ഘടകങ്ങളുടെ പ്രാഥമികവും ദ്വിതീയവുമായ പഠനങ്ങളും വിവരങ്ങളും ശേഖരിക്കുന്നു നാലാമതായി ആഘാത പ്രവചന റിപ്പോര്‍ട്ടാണ്. പദ്ധതി നടപ്പിലാക്കിയാലുണ്ടാകുന്ന ഓരോ മേഖലയിലെയും മാറ്റങ്ങള്‍ വിലയിരുത്തപ്പെടുന്നു. കമ്പ്യൂട്ടര്‍ മോഡലിങ്, ഫീല്‍ഡ് സര്‍വെ, ലാബ് പരിശോധന, വിദഗ്ധരുടെ അഭിപ്രായം ശേഖരിക്കല്‍ എന്നിവ ഈ ഘട്ടത്തില്‍ നടക്കുന്നു.
അഞ്ചാം ഘട്ടമായി വിവിധ ആഘാതങ്ങള്‍ വിലയിരുത്തുന്നു. ഓരോ കണ്ടെത്തലുകളുടെയും തീവ്രതാ ആഘാതത്തിന്റെ അളവ്, ദൈര്‍ഘ്യം, സ്ഥിരമാണോ താല്‍ക്കാലികമാണോ മനുഷ്യര്‍ക്കും പ്രകൃതിക്കും എത്ര ദോഷം ഉണ്ടാക്കുന്നു എന്നിവ നോക്കി പ്രത്യേക പരിഹാരം നിര്‍ദേശിക്കുന്നു. ആറാമതായി മിറ്റിഗേഷന്‍ മെമ്പേഴ്സ് അഥവാ ആഘാത ലഘൂകരണ പരിപാടികള്‍. നഷ്ടപ്പെടുന്നതിനു പകരം സസ്യജാലസമ്പത്ത് വര്‍ദ്ധിപ്പിക്കല്‍, മരത്തൈകള്‍ വച്ചുപിടിപ്പിക്കല്‍, മലിനജല ശുദ്ധികരണപ്ലാന്റ് സ്ഥാപിക്കല്‍, പൊടി, ശബ്ദം എന്നിവ നിയന്ത്രിക്കുന്ന സംവിധാനം കാലാവസ്ഥ മോണിറ്ററിങ് സിസ്റ്റം മാലിന്യ സംസ്കരണം വന്യജീവിസംരക്ഷണം തുടങ്ങിയവയിലൂടെ പദ്ധതിയുടെ ദോഷഫലങ്ങള്‍ ലഘുകരിക്കുന്നു. ഏഴാം ഘട്ടത്തില്‍ ഡ്രാഫ്റ്റിങ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നു. അവയില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍, നിലവിലെ അവസ്ഥാസാധ്യതയുള്ള ആഘാതങ്ങള്‍, പരിസ്ഥിതി മാനേജ്മെന്റ് പ്ലാനുകള്‍, പഠന നിഗമനങ്ങള്‍ എന്നിവ ഉണ്ടാകും.
എട്ടാമതായി ഇ.ഐ.എ. അവലോകനം നടത്തും അടുത്ത ഘട്ടത്തില്‍ പബ്ളിക് ഹിയറിങ് ആണ് ഉണ്ടാവുക. സാധാരണയായി മലിനീകരണ നിയന്ത്രണബോര്‍ഡാണ് ഹിയറിങ് നടത്തുന്നത്. തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ സംഗ്രഹം മലയാളത്തിലാക്കി വിവിധ വിഭാഗം ജനങ്ങളുടെയും സ്റ്റേക്ക് ഹോള്ഡറുമാരുടെയും അഭിപ്രായം ശേഖരിക്കണം. അവ റിപ്പോര്‍ട്ടില്‍ ചേര്‍ക്കുകയും അവയ്ക്ക് പരിഹാരം നിര്‍ദേശിക്കുകയും ചെയ്യേണ്ടതാണ്. വിദഗ്ധസമിതി റിപ്പോര്‍ട്ട്, പൊതുജനനിര്ദേശങ്ങള് എന്നിവ ചേര്‍ത്ത് ഡ്രാഫ്റ്റ് പൂര്‍ണമാക്കുക അടുത്ത ഘട്ടത്തില്‍ തീരുമാനമെടുക്കലാണ് നടക്കുക. പ്രോജക്ടിന്റെ പ്ര?പ്പോണന്റുകള് അഥവാ ഉടമസ്ഥര്‍ റിപ്പോര്‍ട്ട് പരിശോധിച്ച് തീരുമാനങ്ങള്‍ അംഗീകരിക്കുന്നു. അല്ലെങ്കില്‍ പദ്ധതി നിരസിക്കുന്നു. കേരളത്തില്‍ പൂയംകുട്ടി പദ്ധതി ഇ.ഐ.എക്കുശേഷം ഉപേക്ഷിച്ചു.
അവസാനഘട്ടത്തില്‍ മോണിറ്ററിങ് നടക്കുന്നു. പദ്ധതിയുടെ നിര്‍മ്മാണഘട്ടത്തിലും നടത്തിപ്പിലും റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കുന്നുണ്ടോ. എന്ന് പരിശോധിക്കപ്പെടലാണ് ഉണ്ടാകേണ്ടത് പരിസ്ഥിതിപരിപാലന പ്ലാന്‍ നടപ്പിലാക്കുന്നുണ്ടോ എന്നതാണ് പ്രധാനം
ആരാണ് ഇ.ഐ.എ ചെയ്യുന്നത്
എല്ലാവര്ക്കും ഇ.ഐ.എ ചെയ്യാനാവില്ല. സര്‍ക്കാരിന്റെ അക്രഡിറ്റേഷന് ഉള്ള സ്ഥാപനങ്ങള്‍ക്കും ഏജന്‍സികള്‍ക്കും ഇ.ഐ.എ. ചെയ്യാവുന്നതാണ്. നിരവധി സ്വകാര്യ ഏജന്‍സികളും ഈ മേഖലയിലുണ്ട്. ആറു മാസം കൊണ്ട് നടത്തുന്ന റാപ്പിഡ് ഇ.ഐ.എയും ഒരു വര്‍ഷം വരെ എടുക്കുന്ന കോംപ്രിഹെന്‍സിവ് ഇ.ഐ.എയും ഉണ്ട്. റാപ്പിഡ് ഒരു സീസണിലെ ഡേറ്റയും ഉപയോഗിക്കും. കേരളത്തില്‍ കിറ്റ്കോ ലിമിറ്റഡ് ഒരു പ്രധാന ഏജന്‍സിയാണ്.
ഏജന്‍സികള്‍ക്കും വിദഗ്ധര്‍ക്കും അക്രഡിറ്റേഷന് നിര്‍ബന്ധമാണ്. ഹൈദരാബാദ് അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് കോളജും എന്‍ജിനിയറിങ് സ്റ്റാഫ് കോളജും പരിശീലനം നല്കുന്നു. ക്വാളിറ്റി കണ്ട്രോള് ഓഫ് ഇന്ത്യയുടെ ഭാഗമായി നാഷണല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഫോര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് സംവിധാനമുണ്ട്. ഇവരുടെ അക്രഡിറ്റേഷന് പ്രധാന ഘടകമാണ്. അറിയപ്പെടുന്ന എക്സ്പേര്‍ട്ടുകളുടെ സേവനവും പ്രയോജനപ്പെടുത്താവുന്നതാണ്. വിവിധവിഷയങ്ങളിലെ വിദഗ്ധരാണ് പഠനത്തിലുണ്ടാവുക. നിയമവിദഗ്ധനും ടീമില്‍ ആവശ്യമാണ്. ചെക്ക് ലിസ്റ്റ്, ജി. ഐ.എസ.് വിവിധ മാട്രിക്സുകള്‍, പഠനങ്ങള്‍, ഫീല്‍ഡ് സര്‍വെ തുടങ്ങിയ വിവിധ രീതികള്‍ ഉപയോഗിക്കുന്നു.
സാമൂഹികാഘാതപഠനം
പരിസ്ഥിതി ആഘാതപഠനത്തോടൊപ്പം സാമൂഹികാഘാതപഠനം ഇപ്പോള്‍ ആവശ്യമാണ്. രാജ്യത്ത് 2013ലെ 'റൈറ്റ് ടു ഫെയര്‍ കോമ്പന്‍സേഷന്‍ ആന്‍ഡ് ട്രാന്‍സ്പെരന്‍സി ഇന്‍ ലാന്‍ഡ് അക്വിസിഷന്‍ റിഹാബിലിറ്റേഷന്‍ ആന്‍ഡ് റീസെറ്റില്‍മെന്റ് ആക്ട്' പ്രകാരം സാമൂഹ്യ ആഘാതപഠനം നിര്‍ബന്ധമാണ്. ഒരു പദ്ധതിയുടെ നടത്തിപ്പിലൂടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, ആരോഗ്യ, ജീവിതനിലവാര ഘടകങ്ങള്‍ക്കുണ്ടാകുന്ന മാറ്റമാണ് വിലയിരുത്തപ്പെടുന്നത്. പദ്ധതിബാധിക്കുന്ന ജനവിഭാഗങ്ങള്‍, അവകാശങ്ങള്‍, കുടിയൊഴിപ്പിക്കല്‍, പുനരധിവാസം, നഷ്ടപരിഹാരം എന്നിവയെല്ലാമാണ് പ്രധാനഘടകങ്ങള്‍.
പ്രാധമിക പഠനം, പ്രദേശം മനസിലാക്കല്‍, വിവരശേഖരണം, സാമൂഹിക പ്രത്യാഘാത വിലയിരുത്തല്‍, പരിഹാരങ്ങള്‍, റിപ്പോര്‍ട്ട്, നിരീക്ഷണം, വിലയിരുത്തല്‍, എന്നിവയാണ് ഇവയിലെ ഘട്ടങ്ങളായി വരുന്നത്. ജനസംഖ്യ, ജനവാസം, ആവാസവ്യവസ്ഥ, ഉപജീവനം, തൊഴില്‍, ആരോഗ്യം, വിദ്യാഭ്യാസം, ക്ഷേമം വിവിധവിഭാഗങ്ങളുടെ അവകാശങ്ങള്‍ പൊതുസൗകര്യം, ആരാധനാലയങ്ങള്‍ പൈതൃകസ്ഥാപനങ്ങള്‍ എന്നിവയെല്ലാം വിലയിരുത്തപ്പെടണം.
നിലവിലെ പരിമിതികള്‍
റിപ്പോര്‍ട്ട് ഇംീഷിലാണ് അന്തിമമായി തയ്യാറാക്കപ്പെടുന്നത്. അവ വെബ്സൈറ്റില്‍ മാത്രമെ പ്രസിദ്ധികരിക്കാവുള്ളൂ. റിപ്പോര്‍ട്ടില്‍ പറയുന്ന ശിപാര്‍ശകള്‍ നടപ്പിലാക്കാറില്ല. നടപ്പിലാക്കുന്നുണ്ടോയെന്ന് പരിശോധിക്കാനുള്ള സംവിധാനമില്ല. പ്ര?പ്പോണന്റായിരിക്കും റിപ്പോര്‍ട്ട് ശരിക്കും കണ്ടിട്ടുണ്ടാവുക. സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ ഉണ്ടാക്കി പദ്ധതികള്‍ കീഴ്വാടകയ്ക്കു കൊടുക്കുകയാണ് സാധാരണ നിര്‍വഹണരീതി.
പിന്നെ നിരവധി ഏജന്‍സികളിലൂടെ കരാറുകാരിലേക്ക് എത്തുമ്പോള്‍ ആരും തന്നെ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ അറിഞ്ഞിട്ടുണ്ടാവില്ല. പദ്ധതിക്ക് അംഗീകാരം നേടാനുള്ള രണ്ട് വഴിപാട് റിപ്പോര്‍ട്ടുകള്‍ കാണും അംഗീകാര ചടങ്ങ് കഴിഞ്ഞാല്‍ പിന്നെ ആരും നോക്കാറില്ല. നിരീക്ഷണസംവിധാനവും ഇല്ലാതാകുമ്പോള്‍ പിന്നെ എല്ലാം മംഗളം, ശുഭം, ദുരന്തങ്ങള്‍ വരുമ്പോള്‍ ഓടിക്കൂടും, കഴിയുമ്പോള്‍ പിരിയാം...
നിര്‍ദേശങ്ങള്‍
പാനലില്‍ രാജ്യത്തെയും സംസ്ഥാനങ്ങളിലെയും ശാസ്ത്ര, സാങ്കേതിക സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക.
സ്വകാര്യഏജന്‍സികളെ പരമാവധി ഒഴിവാക്കുക.
സര്‍വീസിലുള്ളവരുടെ നിശ്ചിത ശതമാനം പാനലില്‍ ഉള്‍പ്പെടുത്തുക.
റിട്ടയര്‍ ആയവര്‍, ഫ്രീലാന്‍സ് വിദഗ്ധര്‍, എന്നിവരുടെ സേവനം ഉറപ്പാക്കുക.
റിപ്പോര്‍ട്ട് സമ്പൂര്‍ണമായി മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷയില്‍ കൂടി തയ്യാറാക്കുക.
റിപ്പോര്‍ട്ട് സംഗ്രഹം പ്രിന്റ് മാധ്യമങ്ങളിലൂള്പ്പെടെ പ്രസിദ്ധികരിക്കുക.
പഠനസംഘത്തിലുള്ളവരെ കൂടി ചേര്‍ത്ത് പദ്ധതി മോണിറ്ററിങ് സമിതി രൂപികരിക്കുക.
പദ്ധതിയുടെ ആരംഭം മുതല്‍ മോണിറ്ററിങ് ശക്തമാക്കുക.
മോണിറ്ററിങ് സമിതിയില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, പ്രദേശിക ജനവിഭാഗം എന്നിവരെ ഉള്‍പ്പെടുത്തുക.
റിപ്പോര്‍ട്ടുകള്‍ പുസ്തകരൂപത്തില്‍ ആക്കി ഗുണഭോക്താക്കള്‍ക്ക് നല്‍കുക.
വിപുലമായ ബോധവല്‍ക്കരണ പ്രചരണപരിപാടികള്‍ സംഘടിപ്പിക്കുക.
റിപ്പോര്‍ട്ടുകളില്‍ പറയുന്ന കാര്യങ്ങള്‍ പലപ്പോഴും അധിക ചെലവ് എന്ന് കണക്കാക്കിയാണ് പലതും കരാറുകള്‍ ചെയ്യാതിരിക്കുന്നത്. അതുകൊണ്ട് തന്നെ മോണിറ്ററിങ് സമിതി, ശിപാര്‍ശകള്‍, നടപ്പിലാക്കാനുള്ളവ എന്നിവയുടെ ചിലവിനുള്ള തുക കൂടി ചേര്‍ത്ത് പ്രോജക്ട് മാറ്റിയുണ്ടാക്കുക.
ഇനിയും നല്കാന് ജീവനുകളില്ല. വേണ്ടത് കരച്ചിലല്ല. വേണ്ടത്ര മുന്‍കരുതലുകളാണ്.
ഡോ: വി. സുഭാഷ്ചന്ദ്രബോസ്






Comments