
മനുഷ്യനുമായി ഏറ്റവും അടുപ്പമുള്ള മൃഗങ്ങളിലൊന്നാണ് ആടുകള്‍. വളര്‍ത്തു മൃഗം ആയതുകാണ്ട് തന്നെ അവയുടെ ജീവിതശൈലിയും പെരുമാറ്റവും എല്ലാം ഭൂരിഭാഗം ആളുകള്‍ക്കും അടുത്തറിയാം. മറ്റു മൃഗങ്ങളെ പോലെ അല്ല ഇവ അല്പം ശാന്ത പ്രകൃതരും വലിയ സാഹസികത്തിനുപോകാത്തവയുമാണ്. ഇവ സാധാരണയായി ഉയരമുള്ള മരങ്ങളില്‍ കയറുന്നത് അധികം ആരും കണ്ടിട്ടില്ല. എന്നാല്‍ വടക്കന്‍ ആഫ്രിക്കയിലെ മൊറോക്കോ എന്ന രാജ്യത്തുകൂടി സഞ്ചരിച്ചാല്‍ ഇത്തരത്തിലെ ഒരു വിചിത്ര കാഴ്ചയ്ക്ക സാക്ഷ്യം വഹിക്കാന്‍ കഴിയും.
അണ്ണാറക്കണ്ണന്മാരെ പോലെ വലിയ മരങ്ങളുടെ ശിഖരങ്ങളില്‍ കയറി നിന്നു സുഖമായി പഴങ്ങള്‍ ഭക്ഷിക്കുന്ന ആടുകളെയാണ് കാണുന്നത്. ഒന്നും രണ്ടും ഒന്നുമല്ല. കൂട്ടമായിട്ടാണ് ആടുകള്‍ ഈ മരത്തില്‍ കയറി നില്‍ക്കുന്നത്.
അര്‍ഗന്‍ എന്നറിയപ്പെടുന്ന അര്‍ഗനിയ സ്പിനോസ എന്ന മരത്തിലാണ് ഇത്തരത്തില്‍ ആടുകള്‍ കൂട്ടമായി കയറുന്നത്. 30 അടി ഇയരമാണ്ഈ മരത്തിനുള്ളത്. ഈ മരത്തിലെ പഴങ്ങള്‍ ആടുകള്‍ക്ക് വളരെയധികം ഇഷ്ടമാണ്. ആദ്യം താഴെനിന്ന് മുകളിലേക്ക് എത്തിപ്പിടിച്ചാണ് ഇവ പഴങ്ങള്‍ ഭക്ഷിക്കുന്നത്. അതിന്റെ സ്വാദ് പിടിച്ചു കഴിഞ്ഞാല്‍ പിന്നെ പഴങ്ങള്‍ തേടി മരം കയറുന്നു. സാധാരണ ഗതിയില്‍ ആടുകള്‍ക്ക് മരം കയറാന്‍ പ്രായസമാണ്. എന്നാല്‍ പിളര്‍ന്ന രീതിയിലുള്ള ഇവയുടെ കുളമ്പുകളാണ് മരം കയറാന്‍ സഹായിക്കുന്നത്.
അര്‍ഗന്‍ മരത്തിലെ പഴങ്ങളുടെ കുരുക്കളില്‍ നിന്നും ഉല്പാദിപ്പിക്കുന്ന അര്‍ഗന്‍ ഓയിലിന് ലോകമൊട്ടാകെ ഏറെ ആവശ്യക്കാരാണുള്ളത്. അതുകൊണ്ട് തന്നെ ആടുകളുടെ മരം കയറ്റം രാജ്യത്തിലെ ഏറ്റവും വലിയ ഒരു വ്യവസായത്തെ തന്നെ സഹായിക്കുന്നുമുണ്ട്. ഈ എണ്ണ പാചകത്തിനും സൗന്ദര്യ വര്‍ധക വസ്തുക്കളിലും ധാരാളമായി ഉപയോഗിക്കാറുണ്ട്. അര്‍ഗന്‍ പഴങ്ങളുടെ കുരുക്കള്‍ ആടുകളുടെ വിസര്‍ജ്യത്തില്‍ നിന്നും ശേഖരിച്ച് അവ കഴുകി ഉണക്കിയെടുത്താണ് മിക്ക കര്‍ഷകരും അര്‍ഗന്‍ ഓയില്‍ ഉണ്ടാക്കുന്നത്. ഇതിനുപുറമേ മൊറോക്കോയുടെ ടൂറിസം മേഖലയിലും ആടുകളുടെ മരംകയറ്റം സ്വാധീനം ചെലുത്തുന്നുണ്ട്. ഈ അപൂര്‍വമായ കാഴ്ച കാണാനായി നിരവധി ആളുകളാണ് മൊറോക്കോയിലേക്ക് ഒഴുകി എത്തുന്നത്.






