
തൃശൂര്‍: സ്ത്രീക്കെതിരെ പോക്സോ കേസ് നല്‍കണമെന്നാവശ്യപ്പെട്ട് പതിനേഴുകാരന് ഗുണ്ടാ സംഘത്തിന്റെ ആക്രമണം. വരന്തപ്പള്ളി തേനന്തറ സ്വദേശിയായ കുട്ടിയ്ക്കാണ് ക്രൂര മര്‍ദ്ദനമേറ്റത്.
അപരിചിതയായ സ്ത്രീക്കെതിരെ പരാതി നല്‍കണമെന്നായിരുന്നു ഗുണ്ടാ സംഘം ആവശ്യപ്പെട്ടത്. എന്നാല്‍ കുട്ടി വിസമ്മതിച്ചപ്പോള്‍ അക്രമികള്‍ ബിയര്‍ കുപ്പികൊണ്ട് അടിക്കുകയും ചവിട്ടി വീഴ്ത്തുകയും ചെയ്തു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തലയ്ക്കടിക്കുകയും കണ്ണില്‍ കുത്തുകയും ചെയ്തു. ഞായറാഴ്ച രാവിലെ എട്ട് മുതല്‍ രാത്രി എട്ട് മണി വരെ തുടര്‍ച്ചയായി ആക്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു.
മര്‍ദ്ദിക്കുന്നതിനിടയില്‍ അക്രമികള്‍ നിര്‍ബന്ധിച്ച് ലഹരി ഉപയോഗിപ്പിച്ചു. ചൈല്‍ഡ് ലൈന്‍ ടോള്‍ ഫ്രീ നമ്പറിലേക്ക് പരാതി കൊടുപ്പിച്ചുവെന്നും പതിനേഴുകാരന് വെളിപ്പെടുത്തി. തലയ്ക്ക് പിന്നില്‍ ബിയര്‍ കുപ്പി കൊണ്ട് അടിക്കുമെന്ന് പറഞ്ഞ് ആണ് ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിപ്പിച്ചത്. തന്റെ സുഹൃത്തുക്കളെ ഉപയോഗിച്ചാണ് ഗുണ്ടാസംഘത്തിന് അടുത്ത് എത്തിച്ചത്. പുറത്ത് പറഞ്ഞാല്‍ തന്നെയും അമ്മയെയും കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയെന്നും കുട്ടി പറഞ്ഞു.
ശരീരമാസകലം പരുക്കേറ്റ കുട്ടിയെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ തലയ്ക്കും ഗുരുതര പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുമന്, ശ്രീജിത്ത്, നിഖില്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.






