
കൊച്ചി : കൊച്ചി കോര്പ്പറേഷന് 100 കോടി പിഴ ചുമത്തിയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. എട്ട് ആഴ്ചത്തേക്കാണ് സ്റ്റേ അനുവദിച്ചത്. മെയ് രണ്ടിന് തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ജില്ലാ കളക്ടര്‍, കോര്പ്പറേഷന് സെക്രട്ടറി എന്നിവര്‍ക്കാണ് കോടതി നിര്‍ദ്ദേശം നല്കി. ബ്രഹ്മപുരം വിഷയത്തില്‍ ഹൈക്കോടതി കേസ് മെയ് 23 ന് വീണ്ടും പരിഗണിക്കും.
മാലിന്യ നീക്കത്തിന് വേഗം പോരെന്ന് കോടതി നിരീക്ഷിച്ചു. 210 -230 ടണ്‍ ജൈവമാലിന്യങ്ങള്‍ പ്രതിദിനം ശേഖരിക്കുന്നുണ്ടെന്നും ഏപ്രില്‍ നാല് മുതല്‍ ലെഗസി വേസ്റ്റും സ്വീകരിക്കുന്നുണ്ടെന്നും കോര്‍പ്പറേഷനും അറിയിച്ചു.പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടി എടുക്കണം. കൊച്ചിയിലെ റോഡുകള്‍ ബ്രഹ്മപുരത്തിന് തുല്ല്യമായെന്നും കോടതി പരാമര്‍ശിച്ചു. ബ്രഹ്മപുരത്തെ തീപിടുത്തത്തില്‍ സ്വമേധയാ എടുത്ത കേസാണ് ഹൈക്കോടതി പരിഗണിച്ചത് .
ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ടാണ് കൊച്ചി കോര്പ്പേറേഷന് നൂറ് കോടി രൂപ ദേശീയ ഹരിത ട്രൈബ്യൂണല്‍ പിഴയിട്ടത്. ചീഫ് സെക്രട്ടറിക്ക് മുന്‍പാകെ ഒരു മാസത്തിനുളളില്‍ തുക അടക്കണം എന്നായിരുന്നു കഴിഞ്ഞ മാസം ട്രൈബ്യൂണര്‍ ഉത്തരവിട്ടത്. തീപിടുത്തത്തെ തുടര്‍ന്നുണ്ടായ പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ തുക വിനിയോഗിക്കണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടി വേണമെന്നും ഉത്തരവില്‍ ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചിരുന്നു. മാലിന്യ സംസ്കരണത്തിന് നടപടികള്‍ സ്വീകരിക്കാത്തിന് സര്‍ക്കാരിനും കോര്‍പ്പറേഷനും കടുത്ത വിമര്‍ശനമാണ് ട്രൈബ്യൂണല്‍ ഉയര്‍ത്തിയത്.






