
അതിഖ് അഹമ്മദിനെ ബുധനാഴ്ച ഉമേഷ് പാല് കൊലക്കേസില്‍ ചോദ്യം ചെയ്യാനായി പൊലീസ് വാനില്‍ കൊണ്ടുപോകുന്നതിനിടെ ജനലിലൂടെ തലയിട്ട് ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ് ഞാന്‍ തീര്‍ന്നു, ഞാന്‍ വെറും പൊടി ആയി അവശേഷിച്ചുകഴിഞ്ഞു. അതിനാല്‍ ഞങ്ങളുടെ സ്ത്രീകളേയും മക്കളേയും ഉപദ്രവിക്കരുത്. വെറുമൊരു ഗുണ്ടാ നേതാവ് മാത്രമല്ല പ്രബലനായ ഒരു രാഷ്ട്രീയനേതാവ് കൂടിയായ അതിഖ് അഹമ്മദാണ് ഇത്തരത്തില്‍ സംസാരിച്ചത്.
ഇത് പറഞ്ഞ് ഏതാണ്ട് 24 മണിക്കൂറുകള്‍ കഴിയുമ്പോഴാണ് അതിഖിന്റെ 19 വയസ് പ്രായമുള്ള മകന് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്. പിന്നീട് മകന്റെ അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞ് മാധ്യമങ്ങളോട് മറ്റൊരു പ്രതികരണം നല്കുന്നതിനിടെ് ഇന്നലെ അതിഖും സഹോദരനും വെടിയേറ്റ് മരിക്കുന്നു
ഐഎഎന്‍എസിന്റെ 2013ലെ റിപ്പോര്‍ട്ട് അനുസരിച്ച് ഗുണ്ടാ നിയമ പ്രകാരം ഉത്തര്‍പ്രദേശില്‍ കേസെടുത്ത ആദ്യ വ്യക്തിയാണ് അതിഖ് അഹമ്മദ്. അതിഖ് 1979ലാണ് കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്നത്. ഇയാളുടെ പേരില്‍ ഏകദേശം 70 ല്‍ പരം കേസുകളാണുള്ളത്. സ്വയമൊരു ഡോണായി വളര്‍ന്ന ഇയാള്‍ 1989ല്‍ അലഹബാദ് വെസ്റ്റില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു. ഇതോടെയാണ് അതിഖ് രാഷ്ട്രീയരംഗത്തേ ചുവടു വച്ചത്. പിന്നീട് രണ്ട് തവണയും ഇയാള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ചു. 1996ലാണ് അതിഖ് സമാജ്വാദി പാര്‍ട്ടിയില്‍ ചേരുന്നത്. 2004-2009 കാലഘട്ടത്തില്‍, ഉത്തര്‍പ്രദേശിലെ ഫുല്പൂരില് നിന്ന് 14ാം ലോക്സഭയിലേക്ക് സമാജ്വാദി പാര്‍ട്ടി എംപിയായി അതിഖ് തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 2014ല്‍ ഇയാള്‍ സമാജ്വാദി പാര്‍ട്ടി ടിക്കറ്റില്‍ ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. നരേന്ദ്രമോദിയ്ക്കെതിരെ 2019ല്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ വാരണാസിയില്‍ മത്സരിക്കാന്‍ ഇയാള്‍ നോമിനേഷന് നല്കി. അന്ന് 855 വോട്ടുകള്‍ ഇയാള്‍ നേടിയിരുന്നു.
അതിഖിനെതിരെ അനൗദ്യോഗിക കണക്കനുസരിച്ച് നൂറോളം കേസുകളാണുളളത്. ഇതില്‍ 12 കേസുകളില്‍ ഇയാളെ വെറുതെ വിടുകയും, 50 ഓളം കേസുകളുടെ വിചാരണ ഇപ്പോള്‍ നടക്കുകയുമാണ്. 2004ല്‍ രണ്ട് കേസുകള്‍ സമാജ്വാദി പാര്‍ട്ടി സര്‍ക്കാര്‍ പിന്‍വലിച്ചു.
2005 ജനുവരി 25ന് ബിഎസ്പി എംഎല്‍എ രാജുപാല്‍ വധിക്കപ്പെടുമ്പോള്‍ അതിന്റെ മുഖ്യസാക്ഷിയായിരുന്നു ഉമേഷ് പാല്. ഉമേഷിനെ അതിഖ് മൊഴി മാറ്റുന്നതിനായി ഭീഷണിപ്പെടുത്തിയെന്നും തട്ടിക്കൊണ്ട് പോയെന്നും വീട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. പിന്നീട് ഫെബ്രുവരി 24നാണ് ഉമേഷ് വീടിന് പുറത്ത് വച്ച് വെടിയേറ്റ് മരിക്കുന്നത്. ഈ കേസില്‍ പിടിക്കപ്പെട്ടപ്പോഴായിരുന്നു അതിഖിന്റെ മകന് യുപിയിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.






