
ആലെപ്പോ- അതൊരു ചരിത്രനഗരമായിരുന്നു. ഇന്നാകട്ടെ അക്ഷരാര്‍ഥത്തില്‍ പ്രേതനഗരവും. സിറിയയില്‍ ആഭ്യന്തരസംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നതിനുമുമ്പ് ഏറ്റവും വലിയ ജനസംഖ്യയുള്ള നഗരമായിരുന്നു അത്. 'ഹലാബ്' എന്ന് അറബിയില്‍ അറിയപ്പെടുന്ന ആലെപ്പോ സംസ്കാരങ്ങളുടെ കളിത്തൊട്ടിലായാണ് വിവക്ഷിക്കപ്പെടുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു നഗരമാണ് സിറിയന്‍ സംഘര്‍ഷത്തിന്റെ കേന്ദ്രഭൂമി. സിറിയയുടെ വടക്ക്-പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഈ നഗരം ബഷര്‍ അല്‍ അസദിന്റെയും വിമതരുടെയും നിരന്തരാക്രമണത്തില് തകര്ന്നടിഞ്ഞിരിക്കുക തന്നെയാണ്. റഷ്യയുടെയും ഇറാന്റെയും സൈന്യം കൂടി അസദിനോടൊപ്പം ചേര്‍ന്ന് പോരടിക്കുമ്പോള്‍ തകര്‍ന്നടിയുന്നത് മനുഷ്യകുലത്തോളം പഴക്കമുള്ള ഒരു സംസ്കാരിക ഭൂമിക കൂടിയാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ (IS) സാന്നിധ്യവും നാമമാത്രതോതില് ആലെപ്പോയിലുണ്ട്.
അഞ്ചു വര്‍ഷങ്ങള്‍ പിന്നിട്ട സിറിയന്‍ സംഘര്‍ഷത്തിലെ ഏറ്റവും സംഘര്‍ഷഭരിതമായ പ്രദേശമായാണ് ആലെപ്പോ കണക്കാക്കപ്പെടുന്നത്. അസദ് ഭരണകൂടത്തിനെതിരെ അറബ് വസന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മുതല്‍ (2011- 12) ആലെപ്പോയും സംഘര്‍ഷവേദിയായി മാറുകയായിരുന്നു.
2012 ഫ്രെബ്രുവരിയായപ്പോഴേക്കും പൂര്‍ണമായും ഈ നഗരം അസദ് വിരുദ്ധര്‍ പിടിച്ചെടുത്ത് കഴിഞ്ഞിരുന്നു. 2015 മുതല്‍ ഏറെ രക്തക്കറ ആലെപ്പോ തെരുവുകളില്‍ വീണിട്ടുണ്ട്. തെരുവോരങ്ങളില്‍ നിന്ന് വെടിയൊച്ചകള്‍ പതിവായി. സംഘര്‍ഷവും ദൈന്യതയും ജീവിതചര്യയുടെ ഭാഗമായി മാറി. 2015 ഒക്ടോബര്‍ മുതല്‍ റഷ്യയുടെ നേതൃത്വത്തില്‍ വ്യോമാക്രമണം തുടങ്ങിയത് മുതലാണ് സംഘര്‍ഷം അതിന്റെ പാരമ്യത്തിലെത്തുന്നത്. ഇതോടൊപ്പം 2000 ത്തിലധികം വരുന്ന ഇറാഖില്‍ നിന്നുള്ള ഷിയാ പിന്തുണയുള്ള ഹിസ്ബുല്ലേകളും, കുര്‍ദുകളും, ഇറാനില്‍ നിന്നുള്ള ഇസ്ലാമിക് റെവല്യൂഷണറി ഗാര്ഡുകളുമൊക്കെച്ചേര്ന്ന് ആലെപ്പോ നിയന്ത്രണത്തിനായുള്ള സംഘര്‍ഷത്തില്‍ ചോരച്ചാലുകള്‍ തന്നെയാണൊഴുകിയത്. അല്നുസ്രയും അല്ക്വെദയും ഒക്കെ കുളം കലക്കാന്‍ ശ്രമിക്കുന്നുണ്ട്.
2016 ജൂലൈയില്‍ റഷ്യന്‍ വ്യോമാക്രമണത്തിന്റെ ഫലമായി 2.5 ലക്ഷത്തോളം ആലെപ്പോ നിവാസികളുടെ പുറംലോകവുമായുള്ള ബന്ധമാണ് മുറിക്കപ്പെട്ടത്. ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളോടെ അസദിന്റെ സിറിയന്‍ സൈന്യം ആലെപ്പോ തിരികെ പിടിച്ചപ്പോള്‍ ലഭിച്ചതാകട്ടെ ആലെപ്പോ എന്ന പ്രേതനഗരത്തിന്റെ നിയന്ത്രണവും. സിറിയന്‍ സംഘര്‍ഷം ഇപ്പോള്‍ അതിന്റെ എല്ലാ സീമകളും ലംഘിച്ചുകൊണ്ട് ഒരു അമേരിക്കന്‍- റഷ്യന്‍ ശീതസമരമായി പരിണമിച്ചിരിക്കുകയാണ്.
ആലെപ്പോയില്‍ മാത്രമല്ല സിറിയയില്‍ ആകമാനവും സംഘര്‍ഷത്തിന്റെ ഫലമായി കടുത്ത അരാജകാവസ്ഥയിലേക്ക് നീങ്ങുകയാണ്. ഭക്ഷണത്തിനും മരുന്നിനും മറ്റ് അവശ്യവസ്തുക്കള്‍ക്കുമായി ജനങ്ങള്‍ പരക്കംപായുകയാണ്. 2.75 ലക്ഷത്തിനും 3.20 ലക്ഷത്തിനുമിടയില്‍ ജനങ്ങള്‍ ആലെപ്പോ എന്ന ദുരന്തനഗരത്തില് കുടുങ്ങിക്കിടക്കുകയാണ്. ഇതില്‍ ഒരു ലക്ഷത്തിലധികം കുട്ടികളാണ്. നൂറുകണക്കിനാളുകള്‍ക്കാണ് കഴിഞ്ഞദിവസങ്ങള് റഷ്യ, അമേരിക്ക എന്നിവരുടെ നേതൃത്വത്തിലുള്ള അക്രമണങ്ങളില്‍ ജീവന് നഷ്ടപ്പെട്ടിട്ടുള്ളത്.

അസദ്, വിമതപ്പോരാളികള്, ഇസ്ലാമിക്സ്റ്റേറ്റ്, ഹിസ്ബുള്ള, കുര്‍ദുകള്‍ എന്നിവരൊക്കെ ചേര്‍ന്ന് സിറിയന്‍ സംഘര്‍ഷം ഒരു പൊതിയാ തേങ്ങയാക്കി മാറ്റിയിരിക്കുകയാണ്. എണ്ണയുടെ രാഷ്ട്രീയം അമേരിക്കയും റഷ്യയും പശ്ചിമേഷ്യയില്‍ കളിക്കുമ്പോള്‍ മാനവസംസ്കൃതിയുടെ കളിത്തൊട്ടിലുകള്‍ നരകഭൂമിയായി മാറിയിരിക്കുകയാണ്.
ആലെപ്പോ എന്ന നഗരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചുവീണത് നൂറുകണക്കിന് കുഞ്ഞുങ്ങളാണ്. സുന്നി മുസ്ലിം മതവിശ്വാസികള്‍ക്ക് മുന്‍തൂക്കമുള്ള ഈ നഗരത്തില്‍ കുര്‍ദുകളും, തുര്ക്കിവംശജരും ധാരാളമായുണ്ട്. ഇതിനൊക്കെ പുറമേ സിറിയയിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ മതവിശ്വാസികള്‍ ഉള്ളതും ഈ നഗരത്തില്‍ തന്നെയാണ്. അലാവൈറ്റ് ഷിയാകള്‍ എന്ന അസദിന്റെ സ്വന്തം സമുദായംഗങ്ങളും ഈ നഗരത്തിലുണ്ട്. തുര്‍ക്കി, അമേരിക്ക, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവരുടെ പിന്തുണ ധാരളമായി വിമതര്‍ക്ക് ലഭിക്കുന്നുമുണ്ട്.
UNICEF എന്ന കുട്ടികള്‍ക്കായുള്ള ഗ്ഗള്ളമ്മ US ഏജന്‍സിയുടെ കണക്കുപ്രകാരം 84 ലക്ഷം കുട്ടികള്‍ സിറിയയില്‍ ഉണ്ടാവേണ്ടതാണ്. എന്നാല്‍ ഇതില്‍ 24 ലക്ഷം കുഞ്ഞുങ്ങള്‍ ഇപ്പോള്‍ അഭയാര്‍ഥികളായി തുര്‍ക്കി, ലെബനോന്, ജോര്‍ദ്ദാന്‍, ഇറാഖ്, ഈജിപ്ത് എന്നീ അയല്‍രാജ്യങ്ങളിലാണ്. അയ്ലാന്കുര്ദ്ദി എന്ന സിറിയന്‍ ബാലന്റെ ചേതനയറ്റ ശരീരം വന്നടിഞ്ഞ ബീച്ചിലെ കാഴ്ച നമുക്ക് മുമ്പിലുണ്ട്. ഓമറാന് ഡായ്നീഷ് എന്ന 5 വയസുകാരന്റെ കരളലിയിപ്പിക്കുന്ന പൊടിപടലങ്ങളാല്‍ വികൃതമായ, ചോരയൊലിക്കുന്ന റഷ്യന്‍ മിസൈലേറ്റ ബാലന്റെ മുഖവും നമുക്ക് മുമ്പിലുണ്ട്.
പശ്ചിമേഷ്യയിലെ എണ്ണരാഷ്ട്രീയത്തില് (Oil Politics) ആധിപത്യം നേടാന്‍ ....പുട്ടിന്റെ റഷ്യയും, അമേരിക്കയും ഇഞ്ചോടിഞ്ച് പൊരുതുമ്പോള്‍ സിറിയന്‍ സമാധാനം ഏറെ അകലെത്തന്നെയായി തുടരുന്നു. അമേരിക്ക വിമതരുമായി ചേര്‍ന്ന് ചെറിയ വിലയ്ക്ക് എണ്ണ സ്വരുക്കൂട്ടുകയാണ്. ബാരലിന് 20 ഡോളറിനും താഴെയായി ക്രൂഡോയില്‍ സംഭരിക്കാന്‍ സാധിക്കുന്ന അവസ്ഥ അവര്‍ക്കുണ്ട്. ക്രൂഡോയില്‍ ഉല്പാദകരായ റഷ്യക്കാകട്ടെ തങ്ങളുടെ സമ്പദ്വ്യവസ്ഥയെ എണ്ണവില തകര്‍ച്ച തടഞ്ഞുകൊണ്ട് പിടിച്ചുനിര്ത്തേണ്ടതായും ഉണ്ട്.
അസദ് വിമതരും പരസ്പരം ഏറ്റുമുട്ടുകയാണ്. Free Syrian Army എന്ന സേന അമേരിക്കന്‍ സഹായത്തോടെ ബഷര്‍ അല്‍ അസദ് ഭരണകൂടത്തിനെതിരെ പൊരുതുന്നു. കുര്‍ദ്ദുകള്‍ സമാന്തരമായി സിറിയന്‍ സേനയ്ക്കെതിരെ പൊരുതുന്നു. അസദിന്റെ സ്വന്തം ഷിയാ അലാവൈറ്റുകള്‍ സിറിയയുടെ പശ്ചിമഭാഗത്ത് മാത്രമായി ഇറാന്റെയും റഷ്യയുടെയും സഹായത്തോടുകൂടി ചുരുങ്ങിയിരിക്കുന്നതാണ് ഇപ്പോഴത്തെ കാഴ്ച. അമേരിക്കന്‍ പ്രസിഡന്റ് ഒബാമയാവട്ടെ അവരുടെ സിറിയന്‍ നയം സുവ്യക്തമായി അടുത്ത പ്രസിഡന്റ് പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് സമര്‍ഥമായി ഓടിയൊളിക്കുകയാണ്.
എന്തൊക്കെ തന്നെയായാലും സിറിയന്‍ സമാധാനം ഒരു പ്രഹേളികയായി തന്നെ തുടരുകയാണ്. 5 വര്‍ഷത്തെ സിറിയന്‍ അസമാധാനം 5 ലക്ഷത്തിലധികം ജീവനുകളാണ് അപഹരിച്ചിരിക്കുന്നത്. ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് അവരുടെ സ്വന്തം വീടുവിട്ട് പാലായനം ചെയ്യേണ്ടി വന്നിരിക്കുന്നു. ക്ളോറിന്‍ വാതകവും, ബാരല്‍ ബോംബുകളും സ്വന്തം ജനങ്ങള്‍ക്കെതിരേ ഉപയോഗിക്കുന്ന അസദിനെതിരേ ശക്തമായി എതിരിടാന്‍ കോപ്പുകൂട്ടുകയാണ് അമേരിക്കയിപ്പോള്. ഏതാണ്ട് ഒരു ലക്ഷത്തിലധികം വിമത പോരാളികളാണ് ബഷര്‍ അല്‍ അസദിനെതിരെ നിരന്തര സമരത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്. സമാധാനപ്രവര്ത്തകരുടെ വാഹനവ്യൂഹങ്ങള്പോലും വ്യാപകമായി അക്രമിക്കപ്പെടുന്നു സിറിയയില്‍. റഷ്യയും പുട്ടിനും ഇതൊരു അഭിമാനപ്രശ്നമായി കണ്ട് സര്‍വസന്നാഹവും സിറിയയില്‍ ബഷര്‍ അസദിനായി ക്രമീകരിക്കുകയാണെന്നാണ് അമേരിക്കയുടെ പരാതി.
ഏതായാലും വരുന്ന അമേരിക്കന്‍ പ്രസിഡന്റിന് മുമ്പിലുള്ള പ്രധാന പ്രശ്നം സംഘര്ഷമായിരിക്കുമെന്നതില് സംശയമില്ല. സിറിയയുടെ വടക്ക്-പടിഞ്ഞാറ് പ്രവിശ്യകളെ നിയന്തിക്കുന്ന തന്ത്രപ്രധാനമായ ആലെപ്പോ നഗരത്തിന് സമാധാനം ആറാംവര്‍ഷവും അകലെത്തന്നെയാണ്.




Comments