
കൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പുകേസിനെ മംഗലാപുരത്തെ പ്രഷര്‍ കുക്കര്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെടുത്തി എന്‍.ഐ.എ. അന്വേഷിക്കും. സ്ഫോടനം നടത്തി സമൂഹത്തില്‍ ഭീതി പടര്‍ത്തുക ലക്ഷ്യമിട്ടാണു മംഗലാപുരം, കോയമ്പത്തൂര്‍ സ്ഫോടനങ്ങള്‍ നടത്തിയത്.
എലത്തൂര്‍ തീവയ്പ്പുമായി ഇവയ്ക്കു സാമ്യമുണ്ടെന്നാണു ഐ.ബി. ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുടെ നിഗമനം. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ തുടര്‍ന്നു രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ഇത്തരത്തില്‍ ഒറ്റപ്പെട്ട അക്രമങ്ങള്‍ ഉണ്ടായി. എലത്തൂര്‍ കേസില്‍ പോലീസ് യു.എ.പി.എ. ചുമത്തിയതോടെ എന്‍.ഐ.എയ്ക്കു കേസ് ഏറ്റെടുത്ത് അന്വേഷിക്കാന്‍ തടസമില്ല. കോയമ്പത്തൂര്‍, മംഗലാപുരം അക്രമങ്ങളും എന്‍.ഐ.എ. അന്വേഷിച്ചുവരികയാണ്.
പിടിയിലായ ഷാറൂഖ് സെയ്ഫിക്കു പി.എഫ്.ഐ. പോലുള്ള നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്ന സൂചന അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. കേരളം ഉള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളാണു ചെറുഗ്രൂപ്പുകള്‍ ലക്ഷ്യം വയ്ക്കുന്നത്. കര്‍ണാടക, തമിഴ്നാട്, കേരളം, തെലങ്കാന സംസ്ഥാനങ്ങളില്‍ നിരോധിത സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നവരുടെ സ്ലീപ്പിങ് സെല്ലുകളുള്ള വിവരമുണ്ട്.
സാമൂഹിക മാധ്യമങ്ങള്വഴിയാണു പരസ്പരം ബന്ധപ്പെടുന്നത്. നാലോ അഞ്ചോപേര് മാത്രമാകും ഇത്തരം ഗ്രൂപ്പുകളില്‍ ഉണ്ടാകുക എന്നതിനാല്‍, ഉന്നത നേതാക്കളുമായി ഇവര്‍ക്കു ബന്ധമുണ്ടാകില്ല. മംഗലാപുരം പ്രഷര്‍കുക്കര്‍ ബോംബ് സ്ഫോടനത്തില്‍ പരുക്കേറ്റ ശിവമോഗ സ്വദേശി ഷാരിഖ് സംഭവത്തിന് ഏതാനും ആഴ്ച മുമ്പ് ആലുവയില്‍ എത്തിയിരുന്നതായി പോലീസ് സ്ഥിരീകരിച്ചിരുന്നു.
ഇതോടെയാണ് അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചത്. ഇയാള്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളും സന്ദര്‍ശിച്ചിരുന്നു. എറണാകുളത്തുനിന്ന് ഇയാള്‍ക്കു സഹായം ലഭിച്ചെന്നും സ്ഫോടനം നടത്താനുള്ള ചില സാമഗ്രികള്‍ എത്തിയത് ആലുവയില്നിന്നാണെന്നും കണ്ടെത്തിയിരുന്നു.
എലത്തൂര്‍ സ്ഫോടനകേസിലെ പ്രതിയും നിര്‍മാണതൊഴിലാളിയായി കേരളത്തിന്റെ പല ഭാഗത്തും താമസിച്ചിട്ടുണ്ടെന്നാണു സംശയിക്കുന്നത്. കര്‍ണാടകയിലും തമിഴ്നാട്ടിലും എത്തിയിരിക്കാനുള്ള സാധ്യതയും അന്വേഷണ ഏജന്‍സികള്‍ തള്ളിക്കളയുന്നില്ല.കോയമ്പത്തൂരില്‍നിന്നു മധുര, നാഗര്‍കോവില്‍ വഴിയാണു പ്രഷര്‍കുക്കര്‍ സ്ഫോടനകേസ് പ്രതി ഷാരിഖ് ആലുവയിലെത്തിയത്. ആലുവയിലെ ഒരു ഹോട്ടലിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഷാരിഖിന്റെ ഐ.എസ്. ബന്ധവും ഇതിനകം സ്ഥിരീകരിച്ചു.






