
ന്യൂഡല്‍ഹി: അഞ്ച് സൈനികര്‍ കൊല്ലപ്പെട്ട പുഞ്ച് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ആക്രമണത്തിന് ഉപയോഗിച്ചത് ചൈനീസ് വെടിയുണ്ടകള്‍. ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന 12 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഡ്രോണുകളും സ്നിഫര്‍ ഡോഗുകളെയും ഉപയോഗിച്ചാണ് തെരച്ചില്‍. ഭീകരര്‍ ഇവിടെ തന്നെ ഒളിച്ചിരിപ്പുണ്ട് എന്ന വിലയിരുത്തലില്‍ രാഷ്ട്രീയ റൈഫിള്‍സിന്റെ 12 കമ്പനികളെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്.
ഫോറന്‍സിക് സയന്‍സ് ലബോറട്ടറി, ബോബ് നിര്‍വീര്യമാക്കല്‍ ടീമുകള്‍ വെള്ളിയാഴ്ച രാവിലെ സ്ഥലം സന്ദര്‍ശിച്ചു. 7.66 എംഎം സ്റ്റീല്കോര് ബുള്ളറ്റുകളാണ് ആക്രമണത്തില്‍ ഭീകരര്‍ സൈന്യത്തിന് നേരെ വെടി വെയ്ക്കാന്‍ ഉപയോഗിച്ചതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കവചങ്ങള്‍ തുളച്ചുകയറാന്‍ ശേഷിയുള്ള '71' എന്ന് വിശേഷിപ്പിക്കുന്ന ബുള്ളറ്റുകള്‍ നിര്‍മ്മിക്കുന്നത് ചൈനീസ് ഫാക്ടറികളിലാണ്. സൈനികര്‍ സഞ്ചരിച്ച ട്രക്കിന്റെ ഇരുവശങ്ങളില്‍ നിന്നും വെടിയുണ്ടകള്‍ ഉതിര്‍ക്കുകയായിരുന്നു എന്നാണ് കണ്ടെത്തല്‍.
സൈനിക വാഹനം പ്രതീക്ഷിച്ച് ഇരുവശങ്ങളിലുമായി തീവ്രവാദികള്‍ ഒളിച്ചു നിന്നിരിക്കാം. പാതയുടെ ഒരുവശം മുഴുവനും നിബിഡവനമാണ്. മറുവശത്ത് മലയിടുക്കുമാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ സൈനികവാഹനം ഭിംബര്ഗാലിയ്ക്കും രജൗരി സെക്ടറിലെ പൂഞ്ചിനും ഇടയില്‍ എത്തിയപ്പോഴായിരുന്നു വെടിവെയ്പ്പുണ്ടായത്. ആദ്യം ഗ്രനേഡുകള്‍ എറിഞ്ഞ ശേഷമായിരുന്നു വെടിവെയ്പ്പ്. ഗ്രനേഡ് ആക്രമണത്തില്‍ വാഹനത്തിന് തീ പിടിച്ചിരുന്നു. രണ്ടോ മൂന്നോ വാഹനങ്ങള്‍ വരുന്ന ചെറിയ സംഘം സൈനികരായിരുന്നു സഞ്ചരിച്ചിരുന്നത്.
ചെറി സംഘം ആയതിനാല്‍ സുരക്ഷാ സംവിധാനവും കുറവായിരുന്നു. ജെയ്ഷ് ഇ മൊഹമ്മദാണ് ആക്രമണം നടത്തിയതെന്നാണ് സംശയിക്കുന്നത്. ജനുവരിയില്‍ ധാംഗ്രി ഗ്രാമത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിലും ഈ ഭീകര സംഘടനയായിരുന്നു. വനമേഖലയില്‍ ഏഴ് ഭീകരരുടെ സാന്നിധ്യം സംശയിക്കുന്ന സാഹചര്യത്തില്‍ വ്യാപക തിരച്ചില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ 72 മണിക്കൂറുകളായി തെരച്ചിലിലാണ്. ഹവീല്‍ദാര്‍ മന്ദീപ് സിംഗ്, ലാന്‍സ് നായ്ക്ക് കുല്‍വന്ത് സിംഗ്, സിപായി ഹര്‍കൃഷ്ണന്‍ സിംഗ്, സിപായ് കെവാക് സിംഗ്, ലാന്‍സ് നായ്ക്ക് ദേബാഷിഷ് ബസ്വാള്‍ എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. എല്ലാവരും സംസ്ക്കാരം ഇന്ന് നടക്കും.






