
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഇന്നു കേരളത്തില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായുള്ള സുരക്ഷാ പദ്ധതിയിലെ ചോര്‍ച്ച ഏറെ ഗൗരവമുള്ള വിഷയമാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ സുരക്ഷ പോലും രഹസ്യമാക്കി വയ്ക്കാന്‍ പറ്റാത്തവരാണു സംസ്ഥാനം ഭരിക്കുന്നതെന്ന ആക്ഷേപവും ആഭ്യന്തരവകുപ്പ് കുത്തഴിഞ്ഞ അവസ്ഥയിലുമാണെന്ന രാഷ്ട്രീയ വിമര്‍ശനത്തിനു കൂടി ഇത് ഇടയാക്കിയിരിക്കുന്നു.
പ്രധാനമന്ത്രിക്കുള്ള സുരക്ഷാക്രമീകരണവും ഉദ്യോഗസ്ഥരുടെ വിന്യാസവും വിശദമാക്കി സംസ്ഥാന പോലീസ് ഇന്റലിജന്‍സ് മേധാവി തയാറാക്കിയ 49 പേജ് റിപ്പോര്‍ട്ടാണു ചോര്‍ന്നത്. ഇന്റലിജന്‍സ് എ. ഡി.ജി.പി ടി.കെ വിനോദ് കുമാര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രി സഞ്ചരിക്കുന്ന വഴികള്‍, വിശ്രമ കേന്ദ്രങ്ങള്‍, സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍, ഭക്ഷണ പരിശോധനയ്ക്ക് ചുമതലപ്പെട്ടവര്‍ എന്നിവരടക്കം സുരക്ഷാ പദ്ധതിയുടെ സമ്പൂര്‍ണ വിവരമാണുള്ളത്. സുരക്ഷ പദ്ധതി ചോര്‍ന്നതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അന്വേഷണമുണ്ടാകും.
അതീവ രഹസ്യ സ്വഭാവമുള്ള സന്ദേശം താഴെത്തട്ടിലേക്ക് വാട്ട്സ്ആപ്പ് വഴി അയച്ചതാണ് ചോര്‍ച്ചയ്ക്ക് ഇടയാക്കിയതെന്നു കരുതുന്നു. പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം ഉണ്ടായപ്പോള്‍ പ്രധാനമന്ത്രി അടിയന്തരമായി കേരളത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അന്നു സുരക്ഷാ പദ്ധതി വാട്ട്സ്ആപ്പ് വഴി കൈമാറിയത് ഏറെ വിമര്‍ശന വിധേയമായിരുന്നു. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്ന് അന്നു നല്കിയ മുന്നറിയിപ്പുകൊണ്ട് പ്രയോജനം ഒന്നും ഉണ്ടായില്ല.
2022 ജനുവരിയില്‍ പഞ്ചാബില്‍ സുരക്ഷാപാളിച്ചയെ തുടര്‍ന്നു പ്രധാനമന്ത്രിക്ക് വഴിയില്‍ തടസപ്പെട്ട് കിടക്കേണ്ടിവന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ഉണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കണമെന്ന നിര്‍ദേശമാണു സംസ്ഥാന സര്‍ക്കാരിനു ലഭിച്ചിരിക്കുന്നത്. പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖരുടെ സന്ദര്‍ശന വേളയില്‍ മതിയായ സുരക്ഷ ഒരുക്കേണ്ടത് സംസ്ഥാന പോലീസിന്റെകൂടി ഉത്തരവാദിത്വമാണെന്നു മറക്കാതിരിക്കാം. പഞ്ചാബില്‍ ഉണ്ടായ സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് 20 മിനിറ്റോളം ആണ് ഫ്ളൈ ഓവറില്‍ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം അന്ന് കുടുങ്ങിയത്. തുടര്‍ന്ന് അദ്ദേഹം പങ്കെടുക്കേണ്ട ഫിറോസ്പുരിലെ സമ്മേളന പരിപാടി ഉപേക്ഷിക്കേണ്ടിയും വന്നു. ഹുസൈനി വാലയിലെ ദേശീയ സ്മാരകത്തില്‍ പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കാന്‍ പോകുന്നതിനിടയ്ക്ക് ആയിരുന്നു പ്രതിഷേധക്കാര്‍ റോഡ് തടസപ്പെടുത്തി പ്രധാനമന്ത്രിയുടെ വാഹനമൂഹം തടഞ്ഞത്. താന്‍ ജീവനോടെ ഭട്ടിന്‍ഡ വിമാനത്താവളത്തില്‍ തിരിച്ചെത്തിയതിന് നിങ്ങളുടെ മുഖ്യമന്ത്രിയോട് നന്ദിയുണ്ടെന്നാണ് മടക്കയാത്രയ്ക്ക് ശേഷം ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി പ്രതികരിച്ചത്. സംഭവത്തെ തുടര്‍ന്നു ഗുരുതര സുരക്ഷാ വീഴ്ച കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പഞ്ചാബ് സര്‍ക്കാരിനോട് വിശദീകരണം തേടുകയും ഉണ്ടായി.
ഭീകരബന്ധം ഉള്‍പ്പെടെ ആരോപിക്കപ്പെടുന്ന എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണു പ്രധാനമന്ത്രി കേരളത്തിലേക്ക് വരുന്നത്. സംഭവത്തിനു പിന്നിലെ ദുരൂഹത അവസാനിപ്പിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്കൊന്നും ഇതുവരെ കഴിഞ്ഞിട്ടില്ല. അപ്രതീക്ഷിതമായി ഒരാള്‍ കടന്നുവന്ന മൂന്നുപേരുടെ ജീവന് പൊലിയാന്‍ കാരണമായ ആക്രമണം ആയിരുന്നു എലത്തൂരിലേത്. സംസ്ഥാനത്തെ പൊതു ഇടങ്ങള്‍ എത്രമാത്രം അപകടകരമാണെന്ന് ഈ സംഭവം മലയാളികളെ ഓര്‍മിപ്പിച്ചു കൊണ്ടേയിരിക്കുന്നു. സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് കടുത്ത ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണു പ്രധാനമന്ത്രിയുടെ സുരക്ഷാ പദ്ധതിയിലെ വീഴ്ചയുണ്ടായത്. സുരക്ഷാപാളിച്ചകളുടെ കാര്യത്തില്‍ കേരളം പലവട്ടം ചീത്ത പേരു നേടിയിട്ടുമുണ്ട്. സുരക്ഷാകാര്യങ്ങളില്‍ പാലിക്കേണ്ട രഹസ്യാത്മകതയുംകര്ശന സ്വഭാവവും കേവലം ഉദ്യോഗസ്ഥരുടെ മാത്രം ചുമതലയല്ല. സുരക്ഷാ വീഴ്ചകള്‍ അവരുടെ ചുമലില്‍ മാത്രം കെട്ടിവയ്ക്കുന്നതും ശരിയല്ല. ഇത്തരം വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനും ജനം ഉത്തരവാദിത്വം കാണുന്നു.





