
കൊല്ലം; ബൈക്കില്‍ ലിഫ്റ്റ് നല്‍കിയും വാങ്ങിയും കവര്‍ച്ച നടത്തിയ സംഭവങ്ങളില്‍ മൂന്ന് യുവാക്കള്‍ പൊലീസ് പിടിയില്‍. മൂന്ന് പേരെ തിങ്കളാഴ്ച്ച ഈസ്റ്റ് പൊലീസ് സ്റ്റേഷന് പരിധിയിലാണ് അറസ്റ്റ് ചെയ്തത്. കൊല്ലം മുണ്ടയ്ക്കല്‍ കളിയില്കടപ്പുറത്ത് ബെന്മോറിസ് (വിപിന്‍-28), കൊല്ലം മുണ്ടയ്ക്കല്‍ മുനിസിപ്പല്‍ കോളനിയില്‍ വൈരമുത്തു (30), സഹോദരന് മുത്തുകൃഷ്ണന് (29) എന്നിവരാണ് വ്യത്യസ്ത കേസുകളില്‍ പൊലീസിന്റെ പിടിയിലായത്.
കൊല്ലം ബീച്ചിനു സമീപത്ത് നിന്നു മധ്യവയസ്കനെ കഴിഞ്ഞ 16 ന് രാത്രി പത്ത് മണിയോടെ ചിന്നക്കടയിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് ബെന്മോറിസ് ബൈക്കില്‍ കൂട്ടികൊണ്ടുപോവുകയായിരുന്നു. ശേഷം അയാളെ എസ്എം പിയുടെ സമീപത്തെ റെയില്‍വേ ഗേറ്റില്‍ ഇറക്കി. പിന്നീട് പ്രതികള്‍ ഇയാളുടെ കഴുത്തിലെ മുന്നേമുക്കാല്‍ പവന്റെ സ്വര്‍ണമാല കവരുകയായിരുന്നു.
മധ്യവയസ്കന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലായി. സഹോദരങ്ങളായ വൈരമുത്തുവും മുത്തുകൃഷ്ണനും ബൈക്കില്‍ ലിഫ്റ്റ് വാങ്ങിയിട്ട് കവര്‍ച്ച നടത്തിയെന്ന കേസിലാണ് പിടിയിലായത്. കേസിനാസ്പദമായ സംഭവം നടന്നത് ഏപ്രില്‍ മൂന്നിനായിരുന്നു.
മുണ്ടയ്ക്കല്‍ ക്ഷേത്രത്തിനു സമീപത്തുനിന്ന് വൈകീട്ട് അഞ്ചു മണിയോടെ ഇരവിപുരം സ്വദേശിയായ വിഘ്നേഷിന്റെ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് പ്രതികള്‍ കയറി. തുടര്‍ന്ന് കടവൂരിലെത്തിച്ച് യുവാവിനെ ഭീഷണിപ്പെടുത്തി പണം കവരുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.






