
കോഴിക്കോട്: മലയാളത്തിലെ പ്രമുഖനടന് മാമുക്കോയ മരണമടഞ്ഞു. 77 വയസ്സായിരുന്നു. രണ്ടു ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മാമുക്കോയയുടെ അന്ത്യം സംഭവിച്ചത് ഒരു മണിയോടെയായിരുന്നു. കണ്ണമ്പറമ്പ് ശ്മശാനത്തില്‍ സംസ്ക്കാരം നാളെ നടക്കും. ആശുപത്രിയില്‍ നിന്നും മൂന്ന് മണിയോടെ കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും . രാത്രി 10 മണിയോടെ വീട്ടിലേക്ക് കൊണ്ടുപോകും.
തിങ്കളാഴ്ച രാത്രി പൂങ്ങോട് അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുമ്പോള്‍ കുഴഞ്ഞുവീണ മാമുക്കോയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഹൃദയാഘാതത്തിനൊപ്പം രക്തസ്രാവവും ഉണ്ടായതിനാല്‍ നില ഗുരുതരമാകുകയായിരുന്നു. മറക്കാനാകാത്ത ഒട്ടേറെ കഥാപാത്രങ്ങള്‍ മൂന്ന് പതിറ്റാണ്ട് നിറഞ്ഞു നിന്ന സിനിമാജിവിതത്തില്‍ മലയാളികള്‍ക്ക് സംഭാവന ചെയ്ത നടനാണ് മാമുക്കോയ.
1946 ജൂലൈയില്‍ ജനിച്ച മാമുക്കോയ 1979 ലാണ് സിനിമയില്‍ എത്തുന്നത്. കോഴിക്കോട്ടെ സാംസ്ക്കാരിക കൂട്ടായ്മയില്‍ സജീവ സാന്നിദ്ധ്യം ആയിരുന്ന മാമുക്കോയ അന്യരുടെ ഭൂമി എന്ന സിനിമയിലൂടെയാണ് അരങ്ങേറിയത്. തുടര്‍ന്ന് സത്യന് അന്തിക്കാട് സിനിമകളിലെ സ്ഥിരസാന്നിദ്ധ്യമായിരുന്ന മാമുക്കോയ ഒട്ടേറെ സിനിമകളില്‍ തമാശരംഗങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയിരുന്നു.
ഹാസ്യ സ്വഭാവ വേഷങ്ങളില്‍ മൂന്ന് പതിറ്റാണ്ട് നിറഞ്ഞു നിന്ന മാമുക്കോയ പട്ടണപ്രവേശം, ഹിസ് ഹൈനസ് അബ്ദുള്ള, സന്ദേശം, പെരുമഴക്കാലം, വടക്കുനോക്കിയന്ത്രം, ഇരുപതാം നൂറ്റാണ്ട് തുടങ്ങി ഒട്ടേറെ സിനിമകളുടെ ഭാഗമായി. പെരുമഴക്കാലത്തിലൂടെ മികച്ച സഹനടനായി പുരസ്ക്കാരം നേടിയ അദ്ദേഹം ഇന്നത്തെ ചിന്താവിഷയത്തിലൂടെ മികച്ച ഹാസ്യനടനുള്ള പുരസ്ക്കരവും നേടി.
പത്താംക്ലാസ്സ് മുതല്‍ സ്കൂള്‍ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങിയ മാമുക്കോയ കല്ലായില്‍ ജോലി ചെയ്തിരുന്ന കാലത്തും നാടകാഭിനയം തുടരുകയും പിന്നീട് സിനിമയില്‍ എത്തുകയുമായിരുന്നു. അടിമുടി കോഴിക്കോട് കാരനായിരുന്ന മാമുക്കോയ തികഞ്ഞ ഫുട്ബോള്‍ ആരാധകനുമായിരുന്നു. വിയോഗം അറിഞ്ഞ് അനേകരാണ് എത്തിക്കെണ്ടിരിക്കുന്നത്. സംസ്ക്കാരം സംബന്ധിച്ച കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും.






