കോഴിക്കോട്: ഗഫൂര്‍ കാ ദോസ്തും കീലേരി അച്ചുവുമായി മലയാളികളെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടന് മാമുക്കോയ (77) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് ഉച്ചയോടെ മരണം സംഭവിച്ചത്. കോഴിക്കോടന്‍ ഭാഷശൈലി കൊണ്ട് സിനിമയില്‍ വേറിട്ട വ്യക്തിത്വമായിരുന്നു മാമുക്കോയ. ഭൗതികശരീരം ഇന്ന് 3മണിക്ക് കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്കാരം നാളെ.
തിങ്കളാഴ്ച മലപ്പുറത്ത് പൂങ്ങോട് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെ മാമുക്കോയ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതവും രക്തസമ്മര്‍ദ്ദം ഉയര്‍ന്നതുമാണ് അദ്ദേഹത്തിന്റെ ജീവനില്‍ വില്ലനായത്. ആദ്യം വണ്ടൂരുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടേ ആശുപത്രിയിലേക്കും മാറ്റി. മുന്‍പ് 2021ലും ഹൃദയാഘാതവും അതിനു മുന്‍പ് കാന്‍സറും ബാധിച്ചുവെങ്കിലും അദ്ദേഹം അതിനെയെല്ലാം തരണം ചെയ്തിരുന്നു.
അറബിക്കടലും കല്ലായിപ്പുഴയും ചേരുന്ന പള്ളിക്കണ്ടിയെന്ന തീരദേശഗ്രാമത്തില്‍ 1946ല്‍ ജനിച്ചുവളര്‍ന്ന മാമുക്കോയ ഹൈസ്കൂള്‍ പഠനത്തിനു ശേഷം നാട്ടിലെ മറ്റു ചെറുപ്പക്കാരെപോലെ തന്നെ കല്ലായിപ്പുഴയോരത്തെ തടിമില്ലുകളില്‍ ജോലിക്ക് പോയി. ഇതിനിടെ നാടകപ്രവര്‍ത്തനത്തിലും സജീവമായി. 1979ല്‍ 'അന്യരുടെ ഭൂമി' എന്ന സിനിമയില്‍ ചെറിയ വേഷം ചെയ്തുകൊണ്ടാണ് വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം.
പിന്നീട് 1982ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാര്‍ശ പ്രകാരം 'സുറുമിയിട്ട കണ്ണുകളില്‍' അഭിനയിച്ചുവെങ്കിലും കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ സിബി മലയിലിന്റെ 'ദൂരെ ദൂരെ ഒരു കൂടുകൂട്ടാം' എന്ന ചിത്രത്തിലെ കോയ മാഷിലൂടെ മാമുക്കോയ തിരക്കേറിയ നടനായി. പിന്നീട് ശ്രീനിവാസനും സത്യന് അന്തിക്കാടുമുള്ള സിനിമകളില്‍ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി മാമുക്കോയ മാറി. പ്രിയദര്‍ശനും സിദ്ദിഖ് ലാലും മാമുക്കോയയെ ശരിക്കും വിനിയോഗിച്ചു. തൊണ്ണൂറുകളിലെ സിനിമകളില്‍ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹം. സന്ദേശത്തിലെ പൊതുവാളും നാടോടിക്കാറ്റിലെ ഗഫൂറും അക്കാലത്ത് നാട്ടില്‍ സുപരിചിതരായ പലരുടേയും പകര്‍പ്പുകളായിരുന്നു.
ഹാസ്യം മാത്രമല്ല സീരിയസ് റോളുകളും തനിക്ക് വഴങ്ങുമെന്ന് മാമുക്കോയ തെളിയിച്ചു. 'പെരുമഴക്കാലത്തെ' അബ്ദുവും കുരുതിയിലെ മൂസാക്കയും അത്തരം കലാപാത്രങ്ങളായിരുന്നു. 250 ലേറെ കഥാപാത്രങ്ങളാണ് കഴിഞ്ഞ നാലര പതിറ്റാണ്ടിനുള്ളില്‍ മാമുക്കോയയുടെ കൈകളിലൂടെ കടന്നുപോയത്. പപ്പുവിനെയും വൈക്കം മുഹമ്മദ് ബഷീറിനെയും പോലെ കോഴിക്കോടന്‍ ശൈലിയെ സിനിമയില്‍ സജീവമാക്കിയ മറ്റൊരു താരമാണ് വിടപറഞ്ഞത്.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2004ല്‍ പെരുമഴക്കാലത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം (ജൂറിയുടെ പ്രത്യേക പരാമര്‍ശം) ലഭിച്ചു. 2008ല്‍ മികച്ച ഹാസ്യനടനുള്ള അവാര്‍ഡും ലഭിച്ചു. (ഇന്നത്തെ ചിന്താവിഷയം).
സുഹ്റയാണ് മാമുക്കോയയുടെ ഭാര്യ. നിസാര്‍, ഷാഹിദ, നാദിയ, അബ്ദുള്‍ റഷീദ് എന്നിവര്‍ മക്കളാണ്.






