
‘‘കുമാരാ... അനക്ക് ഈയിടെയായിട്ട് കൊറച്ച് വര്‍ഗീയത കൂടുന്നുണ്ട്. കലാകാരന്മാര് തമ്മില്‍ വര്‍ഗീയത പാടില്ല. മലബാറിന് ഏത് മഹര്‍ഷി ജനിച്ചാലും ഇങ്ങനേ പറയുള്ളൂ...’’ 'മന്ത്രമോതിരം' എന്ന സിനിമയില്‍ ചായക്കടക്കാരന് അബ്ദുക്കയായി വേഷമിട്ട മാമുക്കോയയുടെ ഈ ഡയലോഗിലുണ്ട് കേരളീയ സാമൂഹിക ജീവിതവും അദ്ദേഹത്തിന്റെ നിലപാടും.
ഹാസ്യതാരമായി അഭ്രപാളിയില്‍ മുഴുനീളെ പൊട്ടിച്ചിരി വിതറുന്ന മാമുക്കോയ യഥാര്‍ത്ഥ ജീവിതത്തില്‍ നിലപാടുകളില്‍ വ്യക്തത പുലര്‍ത്തിയ വ്യക്തിത്വത്തിന് ഉടമയായിരുന്നു. സൂര്യനു കീഴെ എന്തിനുമേതിനും മാമുക്കോയയ്ക്ക് അദ്ദേഹത്തിന്റേതായ അഭിപ്രായവും നിലപാടുമുണ്ടായിരുന്നു.
അത് തുറന്നു പറയുന്നതില്‍ ഒട്ടും മടി കാണിച്ചതുമില്ല. മതമേതായാലും മനുഷ്യന് നന്നായാല്‍ മതിയെന്ന നിലപാടിലൂന്നിയായിരുന്നു മാമുക്കോയയുടെ പ്രവര്‍ത്തനം. മാമുക്കോയയ്ക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയം എങ്ങിനെയും പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം സാംസ്കാരിക കേരളം അനുവദിച്ചു നല്‍കുകയും ചെയ്തു. എത്രമേല്‍ ശക്തമായ നിലപാടായാലും ശരി അതൊന്നും വിവാദങ്ങളിലേക്ക് വഴിവച്ചതുമില്ല.
സിനിമാ ലോകത്ത് ഇതേ രീതിയില്‍ ഏത് സൂപ്പര്‍സ്റ്റാറിനേയും കളിയാക്കാനുള്ള അവകാശം കല്പിക്കപ്പെട്ടിരുന്ന ഇന്നസെന്റ് മരിച്ച് ഒരു മാസം തികയുന്ന ദിവസമാണ് മാമുക്കോയയും തിരശീലയ്ക്ക് പിന്നിലേക്കു മായുന്നത്. ഇന്നസെന്റ് തൃശൂര്‍ ഇരിങ്ങാലക്കുട ഭാഷയിലൂടെയാണ് മലയാള സിനിമയില്‍ വേറിട്ട ഹാസ്യാനുഭവം പകര്‍ന്നതെങ്കില്‍ കോഴിക്കോടന്‍ ഭാഷയിലൂടെയാണ് മാമുക്കോയ ചിരിയുടെ അമിട്ടുകള്‍ പൊട്ടിച്ചത്. രണ്ടുപേരും അര്‍ബുദത്തിന്റെ ദുരിതങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും ഒരു വേളപോലും തളരാതെ നടന വൈഭവത്തിന്റെ കരുത്തില്‍ ആത്മവിശ്വാസമായി ജ്വലിച്ചവര്.
അഭ്രപാളിയില്‍ ചിരിയല തീര്‍ക്കുമ്പോഴും മംഗലശേരിയിലെ വാര്യരെ പോലുള്ള കരുത്തുറ്റ വേഷങ്ങള്‍ പലതും ഇന്നസെന്റിന് ലഭിച്ചു. ഹാസ്യതാരങ്ങളായി തിളങ്ങിയ സലിംകുമാറിനും സുരാജിനുമെല്ലാം ഇത്തരം ഗൗരവ വേഷങ്ങള്‍ പകര്‍ന്നാടാന്‍ അവസരമൊത്തു. എന്നാല്‍, കരുത്തുറ്റ വേഷങ്ങളിലേക്കുള്ള വിളിയെത്താന്‍ മാമുക്കോയയ്ക്ക് കാലങ്ങളേറെ കാത്തിരിക്കേണ്ടിവന്നു. തേടിയെത്തിയ ഇത്തരം കഥാപാത്രങ്ങള്‍ അദ്ദേഹം അവിസ്മരണീയവുമാക്കി.
കോഴിക്കോടന്‍ നാടക വേദികളുടെ, സാംസ്കാരിക കൂട്ടായ്മയുടെ കരുത്തില്‍ വളര്‍ന്ന മാമുക്കോയ പ്രായമേറെ വൈകിയാണ് സിനിമയിലേക്കെത്തുന്നത്. നിരവധി സിനിമകളിലൂടെ മലയാളിയെ കുടുകുടാ ചിരിപ്പിച്ച മാമുക്കോയയ്ക്ക്, പെരുമഴക്കാലത്തിലെ അബ്ദുവിലെത്തുംവരെ കാത്തിരിക്കേണ്ടിവന്നു; കരുത്തുറ്റ വേഷത്തിനായി. ആ അഭിനയ തിളക്കത്തിന് സംസ്ഥാന അവാര്‍ഡും ലഭിച്ചു.
അര്‍ബുദത്തിന്റെ ദുരിതവുമായി വിശ്രമിക്കേവേയാണ് 2022-ല്‍ കുരുതിയെന്ന സിനിമയിലേക്കെത്തുന്നത്. യൂറിന്‍ബാഗും ഒരുകൂട്ടം ഗുളികകളുമായി സെറ്റിലെത്തിയ മാമുക്കോയ, മൂസയെന്ന കഥാപാത്രത്തിലൂടെ കാഴ്ചവച്ചത് അഭിനയത്തിന്റെ മിന്നല്‍പ്പിണര്‍. തീവ്ര നിലപാടുകാരനായ യുവാവിന്റെ ഉപ്പയായി, വര്‍ഗീയതയ്ക്കെതിരേ പ്രായംമറന്ന് കര്മ്മരംഗത്തിറങ്ങുന്ന മൂസയെന്ന വയോധികനായി മാമുക്കോയ അഭിനയലോകത്തെ ഞെട്ടിച്ചു.
ഇരിക്കാനും നടക്കാനും ബുദ്ധിമുട്ടുന്ന അവസ്ഥയിലും ഏറെക്കുറെ എല്ലാ ഷോട്ടിലും ഇരുന്നഭിനയിച്ച മാമുക്കോയ കുരുതിയിലുടെ അഭിനയകലയുടെ വേറിട്ട ഭാവമാണ് പ്രേക്ഷകര്‍ക്ക് പകര്ന്നുനല്കിയത്. കല്ലായ് പുഴയിലൂടെയൊഴുകിയെത്തിയ മരത്തടികള്ക്കൊപ്പമായിരുന്നു മാമുക്കോയയുടെ ബാല്യവും യൗവനവും. മില്ലുകളില്‍നിന്ന് ശേഖരിക്കുന്ന അറക്കപ്പെടിയും മരകഷ്ണങ്ങളും വില്‍പ്പന നടത്തി ബാല്യത്തില്‍ തന്നെ 'ബിസിനസി'ലേക്ക് കടന്ന അനുഭവം മാമുക്കോയ വിവരിക്കാറുണ്ട്.
അര അണ കിട്ടിയാല്‍ തന്നെ രണ്ടു ദിവസം സുഭിക്ഷമായി കഴിയാവുന്ന കാലം. പിന്നീട് തടിയളവുകാരനും മില്ലിലെ സഹായിയുമൊക്കെയായി തൊഴിലിടത്തില്‍ സജീവമായപ്പോഴും, കോഴിക്കോടന്‍ സായന്തനങ്ങളില്‍ ബാബുരാജിന്റെ പാട്ടും നാടക അരങ്ങുകളും സമ്പന്നമാക്കിയതായിരുന്നു മാമുക്കോയയുടെ കലാജീവിതം.
വൈക്കം മുഹമ്മദ് ബഷീറായിരുന്നു ഗുരുസ്ഥാനീയന്‍. കെ.ടി. മുഹമ്മദ്, തിക്കോടിയന്, നിലമ്പൂര്‍ ബാലന്, വാസു പ്രദീപ്, കുഞ്ഞാണ്ടി എന്നിവരൊക്കെ ചേര്‍ന്ന സദസുകളില്‍ സൗഹൃദം പൂത്തുലഞ്ഞ കാലം.
കാലമേറെ ഒഴുകിയാര്ത്ത് കല്ലായ് പുഴ മരണാസന്നയായി. മരമൊഴുകിയെത്തും കാലം പടികടന്നു. സംഗീതവും നാടകവും ജീവിതമാക്കി മാറ്റിയ തലമുറ പിന്നിട്ട് മൊബൈല്‍ഫോണില്‍ പകലന്തി തള്ളിനീക്കുന്ന പുതു ബാല്യങ്ങള്‍ പിറവികൊണ്ടു. വര്‍ഗീയ വിഷംചീറ്റുന്ന സന്ദേശങ്ങള്‍ മിന്നിമറഞ്ഞു.
ഇവയത്രയും മാമുക്കോയയെ അസ്വസ്ഥമാക്കി. യൗവനത്തുടിപ്പില്‍ തകര്‍ത്തഭിനയിച്ച അരങ്ങില്‍ പ്രധാനിയായ കോഴിക്കോട് ടൗണ്‍ഹാളില്‍ നിശ്ചലമായി മാമുക്കോയ കിടക്കവേ, അദരാഞ്ജലികള് അര്‍പ്പിക്കാനെത്തിയവരില്‍ ഓര്‍മകള്‍ ഓളംതുള്ളി.
ഭോജ്പുരി സിനിമാ സ്വപ്നം ബാക്കിയാക്കിയാണ് മാമുക്കോയ യാത്രയായത്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ കോവിഡിന് മുമ്പ് ഏറെ മുന്നോട്ടു പോവുകയും ടോക്കണ്‍ അഡ്വാന്‍സായി അയ്യായിരം രൂപ മാമുക്കോയ സൗഹൃദത്തിന്റെ പേരില്‍ വാങ്ങുകയും ചെയ്തിരുന്നു.
മഹാരാഷ്ട്ര, ബീഹാര്‍ മേഖലകളിലെ പ്രധാനപ്പെട്ട പ്രാദേശിക വാമൊഴി ഭാഷയാണ് ഭോജ്പുരി. ഒരുപക്ഷേ സിനിമ എന്ന നിലയില്‍ ഇതു മാത്രമായിരിക്കും മാമുക്കോയ തീരുമാനിച്ച് പൂര്‍ത്തിയാക്കാത്ത പദ്ധതികളിലൊന്ന്.






