
രാജ്യാന്തര വേദികളില്‍ നാടിന്റെ അഭിമാനത്തിനായി പൊരുതേണ്ടവരാണ് കായികതാരങ്ങള്‍. അവര്‍ തങ്ങളുടെ ആത്മാഭിമാനത്തിനായി തെരുവില്‍ ഇറങ്ങേണ്ടിവരുന്നതു തികച്ചും നിര്‍ഭാഗ്യകരമാണ്. ഇനിയും ലഭിക്കാത്ത നീതിക്കുവേണ്ടി സമരം ചെയ്യുന്നവര്‍ക്ക് പിന്തുണയുമായി ഒളിമ്പിക്ക് മെഡല്‍ ജേതാക്കളടക്കം രംഗത്തുണ്ട്. സമരരംഗത്തുള്ള ഗുസ്തി താരങ്ങളുടെ അഭ്യര്‍ഥനയുടെ സ്വരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാതുകളില്‍ എത്തുന്നവിധം ഉച്ചത്തിലായിട്ടും അവഗണന മാറുന്നില്ല. പകരം, ഗുസ്തിതാരങ്ങളുടെ സമരം രാജ്യത്തിന് അപമാനമാണെന്ന ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് പി.ടി. ഉഷയുടെ പ്രസ്താവനയിലൂടെ അവര്‍ അവഹേളിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
ദേശീയ ഗുസ്തി ഫെഡറേഷന് (ഡബ്ലൂ.എഫ്.ഐ.) പ്രസിഡന്റും ബി.ജെ.പി: എം.പിയുമായ ബ്രിജ്ഭൂഷണ് ശരണ്സിങ്ങിനും ഏതാനും പരിശീലകര്ക്കുമെതിരേ ഗുസ്തി താരങ്ങളുടെ െലെംഗികാതിക്രമ ആരോപണം ഉണ്ടായത് മാസങ്ങള്‍ക്കുമുമ്പാണ്. താരങ്ങള്‍ക്കുവേണ്ടി രംഗത്തുവന്ന തനിക്കുനേരെ വധഭീഷണി ഉണ്ടായതായും ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവ് വിനേഷ് ഫോഗട്ട് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ കേന്ദ്ര കായികമന്ത്രാലയം ഗുസ്തി ഫെഡറേഷനോട് 72 മണിക്കൂറിനകം വിശദീകരണം നല്കാന് ആവശ്യപ്പെടുകയുണ്ടായി. വിഷയം പരിശോധിക്കാന്‍ ഇന്ത്യയുടെ അഭിമാനതാരം മേരി കോം അധ്യക്ഷയായ സമിതിയെ കേന്ദ്രം ചുമതലപ്പെടുത്തുകയും ചെയ്തു. ജനുവരിയിലായിരുന്നു ഈ സംഭവങ്ങള്‍. ഈ മാസം ആദ്യം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നും എന്നാല്‍ പുറത്തുവിടാന്‍ കേന്ദ്രം തയാറാകുന്നില്ലെന്ന് ആരോപിച്ചുമായിരുന്നു താരങ്ങള്‍ വീണ്ടും സമരത്തിന് ഇറങ്ങിയത്.
പെണ്‍കുട്ടികളെ സംരക്ഷിക്കണമെന്നും (ബേട്ടി ബച്ചാവോ) പഠിപ്പിക്കണമെന്നും (ബേട്ടി പഠാവോ) ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രി തങ്ങളുടെ മനസിലെ കാര്യങ്ങള്‍ (മന് കി ബാത്) കേള്‍ക്കണമെന്ന് റിയോ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക് അഭ്യര്‍ഥിക്കുകയുണ്ടായി. മെഡലുകള്‍ നേടുമ്പോള്‍ ആദരിക്കുകയും ഒപ്പം നിര്‍ത്തി ഫോട്ടോ എടുക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി തങ്ങള്‍ നീതി തേടി റോഡില്‍ സമരം ചെയ്യുമ്പോള്‍ കണ്ണടയ്ക്കുന്നതെന്തെന്ന സാക്ഷിയുടെ ചോദ്യത്തില്‍ താരങ്ങള്‍ നേരിടുന്ന അവഗണനയുടെ ആഴം തെളിഞ്ഞു. പ്രധാനമന്ത്രിയെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ തങ്ങളുടെ െകെവശമില്ലെന്നും അതിനാലാണ് മാധ്യമങ്ങളിലൂടെ അഭ്യര്ഥിക്കേണ്ടിവന്നതെന്നും വിനേഷ് ഫോഗട്ട് നിസഹായതയോടെ പറഞ്ഞു. നീതിക്കായി തെരുവിലിറങ്ങുക മാത്രമായിരുന്നു താരങ്ങള്‍ക്കു മുന്നിലുള്ള മാര്‍ഗം.
താരങ്ങളുടെ തെരുവു സമരം ഇന്ത്യയുടെ പ്രതിച്ഛായയ്ക്കു മങ്ങലുണ്ടാക്കിയെന്ന പി.ടി. ഉഷയുടെ രൂക്ഷ വിമര്‍ശനം ഉണ്ടായത് ഈ ഘട്ടത്തിലാണ്. തെരുവിലെ സമരം കായിക മേഖലയ്ക്കു ഗുണം ചെയ്യില്ലെന്നും സമരത്തിനു പോകും മുമ്പ് താരങ്ങള്‍ ഒളിമ്പിക് അസോസിയേഷനെ സമീപിക്കണമായിരുന്നെന്നും ഉഷ വിമര്‍ശിച്ചു. മാസങ്ങളായുള്ള താരങ്ങളുടെ ആരോപങ്ങള്‍ക്ക് പരിഹാരം കാണാതെ അവരുടെ സമരത്തെ താറടിച്ചുകാട്ടിയ ഉഷയുടെ നടപടി സമൂഹ്യമാധ്യമങ്ങളിലടക്കം കടുത്ത വിമര്‍ശനമാണ് നേരിടുന്നത്. താരങ്ങള്‍ക്ക് നീതി നേടികൊടുക്കാന്‍ ഉഷ മുന്നിലുണ്ടാകുമെന്ന പ്രതീക്ഷകള്‍ പൂര്‍ണമായും തെറ്റി. എന്നാല്‍, ഒളിമ്പിക് മെഡല്‍ ജേതാവ് നീരജ് ചോപ്ര അടക്കമുള്ളവര്‍ സമരം ചെയ്യുന്ന താരങ്ങള്‍ക്കു പിന്തുണയുമായി രംഗത്ത് വരുകയുണ്ടായി.
സമിതിയുടെ കണ്ടെത്തല്‍ അറിയാന്‍ താരങ്ങള്‍ക്ക് അവകാശമുണ്ട്. റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനെതിരേ പരാതിയുമായി കേന്ദ്രമന്ത്രിയെ കാണാന്‍ ശ്രമിച്ചെങ്കിലും അനുവദിച്ചില്ലെന്നു താരങ്ങള്‍ പറയുന്നു. താരങ്ങള്‍ നടത്തിയ െലെംഗികാതിക്രമ ആരോപണങ്ങള്‍ തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്ന സൂചനയാണ് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കുന്നത്. എങ്കില്‍ അന്വേഷണം ഒട്ടും സത്യസന്ധമായിട്ടായിരിക്കില്ല നടന്നതെന്ന വിമര്‍ശനവും ഉയരുന്നു. ബ്രിജ്ഭൂഷണെതിരേ കേസെടുക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ ഇന്നലെ അറിയിക്കുകയുണ്ടായി. കേസ് എടുക്കുന്നതിനപ്പുറം അന്വേഷണം സത്യസന്ധമായിരിക്കണമെന്ന് താരങ്ങള്‍ക്കൊപ്പം രാജ്യം ഒന്നാകെ ആഗ്രഹിക്കുന്നു. നിഷ്പക്ഷമായ അന്വേഷണത്തിലൂടെ മാത്രമേ അഭിമാനതാരങ്ങളുടെ അവകാശങ്ങളും അന്തസും സംരക്ഷിക്കപ്പെടുകയുള്ളു. അതിന്അധൃകൃതര് തയാറാകുമോ എന്നാതാണ് പ്രധാനം. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കാണ് മുന്‍ഗണനയെങ്കില്‍ താരങ്ങളുടെ തെരവു സമരത്തിന്റെ അന്ത്യം രാജ്യത്തിനാകെ നിശാശയാകും സമ്മാനിക്കുക.





